മംഗളൂരു
സീറ്റ് കിട്ടാതായതോടെ മുതിർന്ന ബിജെപി നേതാവ് ആയന്നൂർ മഞ്ജുനാഥ് എംഎൽസി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ച് ജെഡിഎസിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി തുടങ്ങിയവര് ബിജെപിവിട്ടതിന് പിന്നാലെയാണിത്.
ലിംഗായത്ത് സമുദായത്തിൽ സ്വാധീനമുള്ള മഞ്ജുനാഥ് ശിവമോഗ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയാകും. പത്രികാ സമർപ്പണം 20ന് അവസാനിക്കാനിരിക്കെ ശിവമോഗയിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽനിന്ന് വിരമിച്ച നിലവിലെ എംഎൽഎ കെ എസ് ഈശ്വരപ്പ മകൻ കെ ഇ കാന്തേഷ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലാണ്. എച്ച് സി യോഗേഷാണ് കോൺഗ്രസ് സ്ഥാനാർഥി.
മുൻ കോൺഗ്രസ് എംഎൽഎ അനിൽ ലാഡും ജെഡിഎസിൽ ചേർന്നു. ലാഡ് ബെല്ലാരി സിറ്റി മണ്ഡലത്തിൽനിന്ന് മത്സരിക്കും. ബിജെപിക്കായി സോമശേഖര റെഡ്ഡി, പുതുതായി രൂപീകരിച്ച കല്യാണ രാജ്യ പ്രഗതിപക്ഷ പാർടിക്കായി ഗാലി ജനാർദൻ റെഡ്ഡിയുടെ ഭാര്യ ലക്ഷ്മി അരുണയുമാണ് മണ്ഡലത്തിലെ സ്ഥാനാർഥികൾ. അതിനിടെ, കോൺഗ്രസ് നേതാവ് അഖണ്ഡ ശ്രീനിവാസമൂർത്തി എംഎൽഎ സ്ഥാനം രാജിവച്ചു.