ന്യൂഡൽഹി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കുള്ള വേതന കുടിശ്ശിക കുമിഞ്ഞുകൂടുന്നെന്ന ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നിർദേശം. 2015ൽ സ്വരാജ് അഭിയാൻ നൽകിയ ഹർജിയിലെ ഇടപെടൽ അപേക്ഷ പരിഗണിച്ചാണ് നിർദേശം. 13,000 കോടി രൂപയോളം വേതന കുടിശ്ശികയുണ്ടെന്നും കോടിക്കണക്കിനു തൊഴിലാളികൾ ബുദ്ധിമുട്ടിലാണെന്നും ഹർജിക്കാർക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൻ ചൂണ്ടിക്കാട്ടി.
പല സംസ്ഥാനങ്ങളും കുടിശ്ശിക വിതരണം ചെയ്യാനുള്ള തുക ആവശ്യപ്പെട്ടിട്ടും കേന്ദ്രം കൈമാറാത്തത് പ്രതിസന്ധി ഗുരുതരമാക്കിയതായും അദ്ദേഹം അറിയിച്ചു. വേതന കുടിശ്ശികയുണ്ടെങ്കിൽ സംസ്ഥാനങ്ങൾ ഉന്നയിക്കണമെന്നും സംഘടനകൾ രംഗത്തിറങ്ങുന്നത് ശരിയല്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പ്രതികരിച്ചു. അതേസമയം, തൊഴിലാളികളുടെ ദുരിതം മനസ്സിലാക്കിയാണ് കോടതിയെ സമീപിച്ചതെന്ന് അഡ്വ. പ്രശാന്ത് ഭൂഷൻ മറുപടി നൽകി.