ക്യൂബൻ വിപ്ലവത്തിനുപയോഗിച്ച പ്രസിദ്ധമായ ‘ഗ്രന്മ’ പായക്കപ്പൽ കേടുപാടുകൾ കൂടാതെ ഒരു വലിയ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.യുദ്ധത്തിനിടയിൽ കേടുപാടുകൾ വന്ന സാമഗ്രികളുമുണ്ടവിടെ. മ്യൂസിയത്തിന്റെ ചുമതലക്കാരിയായ സഖാവ് ഞങ്ങളോട് സൗഹൃദം കൂടുകയും ഒരുമിച്ചു ഫോട്ടോയും എടുത്താണ് വിട്ടത്. ലാറ്റിനമേരിക്കൻ യാത്രാനുഭവങ്ങളിലൂടെ വി സീതമ്മാൾ
യാത്രോന്മാദികളായ സുഹൃത്തുക്കളുടെ ഒരു സംഘം ലാറ്റിൻ അമേരിക്കൻ ടൂർ എന്ന ആലോചനയിൽ പങ്കാളികളാകുന്നത് 2022 നവംബറിൽ ആണ്. സംഘത്തലവനായ ഷിജിൻ എന്ന ചെറുപ്പക്കാരന്റേതാണ് ആശയം. തിരുവനന്തപുരത്തുനിന്ന് ഏഴു പേർ, എറണാകുളത്ത്നിന്ന് 2 , കണ്ണൂർ നിന്ന് 5. ഇങ്ങനെ 14 പേരാണ് സംഘത്തിൽ. 7സ്ത്രീകളും 7 പുരുഷന്മാരും.
ലാറ്റിൻ അമേരിക്കൻ യാത്ര തുടങ്ങുക വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. ഈ രാജ്യങ്ങളുടെയെല്ലാം വിസ സമ്പാദിക്കണം, വിമാനടിക്കറ്റുകൾ, താമസസൗകര്യം തുടങ്ങിയ കാര്യങ്ങൾ അതിനുമുൻപേ തന്നെ ഏർപ്പാടാക്കണം തുടങ്ങി കുറേ കാര്യങ്ങൾ.
ഓരോ രാജ്യത്തെയും വിസയ്ക്ക് വേണ്ടി കുറേയേറെ നാളുകൾ വേണ്ടിവന്നു. ക്യൂബ, കൊളംബിയ, ഇക്കാഡോർ, പെറു, ചിലി, അർജന്റീന, ബ്രസീൽ എന്നീ 7 രാജ്യങ്ങളാണ് ലിസ്റ്റ് ച്യ്തതെങ്കിലും, യാത്രയ്ക്ക് തീരുമാനിച്ച 2023 ഫെബ്രുവരി 21നു മുൻപ് ചിലിയുടെ വിസ കിട്ടാൻ സാധ്യതയില്ലാത്തത്തിനാൽ ചിലി ഒഴിവാക്കേണ്ടിവന്നു.
എല്ലാ കടമ്പകളും കടന്ന് അങ്ങനെ ഫെബ്രുവരി 21ന് ഞങ്ങൾ യാത്രതിരിച്ചു. യാത്രയ്ക്കിടയിലും വയ്യാവേലികൾ പലതുണ്ടായി. അതുകൊണ്ട് മൂന്നു ഗ്രൂപ്പുകളായി 23ന് എല്ലാവരും ക്യൂബയുടെ തലസ്ഥാനമായ ഹവാനായിലെത്തി.ഹോട്ടലിൽ നിന്ന് വാഹനം ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. ഒപ്പം ഗൈഡും. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നിരന്നു നിൽക്കുന്ന തെങ്ങുകൾ ‘കേരം തിങ്ങും കേരളനാട്ടിൽ’ നിന്നെത്തിയ ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഹോട്ടലിലേക്ക് പോകുന്ന വഴി മാവും കവുങ്ങും, മുരിങ്ങയും വാഴയും മറ്റു വൃക്ഷലതാദികളും…. കേരളമല്ലെന്നുറപ്പിക്കാൻ കഴിഞ്ഞില്ല!
സാധാരണ യാത്ര പോകുമ്പോൾ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള ഹോട്ടലുകളാണ് താമസത്തിന് ഏർപ്പാടാക്കുക. പതിവിന് വിരുദ്ധമായി ഹവാനായിൽ താമസത്തിന് ഏർപ്പാടാക്കിയിരുന്ന ഹോട്ടലിൽ അത്രവലിയ സൗകര്യങ്ങളൊന്നുമില്ലായിരുന്നു.
വിശ്രമത്തിനുശേഷം പുറത്തിറങ്ങിയത് നല്ല വൃത്തിയുള്ള നിരത്തിലാണ്. നിരത്തുകളിൽ പഴയ വാഹനങ്ങളാണധികവും. പുതിയ കാറുകൾ അപൂർവമായേ കണ്ടുള്ളൂ. ബസ്സുകളും പലതും പഴയതാണല്ലോ എന്ന് മനസ്സിൽകരുതി.
ഹവാനയ്ക്കും പഴയഹവാനയ്ക്കും ഇടയിലുള്ള വിശാലമായ നടപ്പാതയിലൂടെ ഞങ്ങൾ നടന്നു. ടൈൽസ് പാകിയ ആ ഇടനാഴിയിൽ കുട്ടികളും ചെറുപ്പക്കാരും കളിച്ചു തിമിർക്കുന്നു.
സകേറ്റിങ്ങ് ബോർഡിലെ അവരുടെ അഭ്യാസം കൗതുകമുണർത്തി. അതിന്റെ അരമതിലിൽ ഇടയ്ക്കിടെ ഭംഗിയുള്ള ശില്പങ്ങൾ. അതിനോട് ചേർന്ന് സ്ത്രീകൾ കുശലം പറഞ്ഞിരിക്കുന്നു, ലൊട്ടുലൊടുക്ക് സാധനങ്ങൾ വില്പനയ്ക്കുണ്ട്.
ഞങ്ങളുടെ നെറ്റിയിലെ പൊട്ടുകണ്ട് ‘ഇന്ത്യ’ എന്ന് ചെറുപ്പക്കാർ വിളിച്ചുപറയുന്നുണ്ടായിരുന്നു. കുട്ടികളുടെയും ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും മുഖത്തെ ഉത്സാഹം തിരിച്ചറിയാം.
പട്ടണനടുവിൽത്തന്നെ മനോഹരമായ പാർക്കുകൾ പലതു കണ്ടു. വാഹനങ്ങളധികമില്ലാത്ത തെരുവിൽ ചിത്രകാരന്മാരും ചിത്രകാരികളും അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.. അതിനടുത്തിരുന്നു ചിത്രങ്ങൾ മെനയുന്നു.
തത്സമയം ചിത്രങ്ങൾ വരയ്ക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന കലാകാരരെ യൂറോപ്പിലെ പലരാജ്യങ്ങളിലും കണ്ടത് ഓർമ്മയിൽ വന്നു.
വാദ്യോപകരണങ്ങളുമായി പാട്ടിൽ ലയിച്ചിരിക്കുന്ന ഗായകരുമുണ്ടിവിടെ. ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവും സംഗീതജ്ഞനുമായ ജോൺ ലെന്നന്റെ ഉൾപ്പെടെയുള്ള കലാകാരന്മാരുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും വെങ്കലപ്രതിമകൾ അവിടവിടെ സ്ഥാപിച്ചിട്ടുണ്ട്.
വലിയൊരു മൈതാനത്തിനത്തിനപ്പുറമുള്ള ആൾത്തിരക്കേറിയ തെരുവിലെ ഒരു പച്ചക്കറിക്കടയിൽ പപ്പായയും മാമ്പഴവും സപ്പോട്ടയുമെല്ലാമുണ്ട്.. കപ്പയും മറ്റു കിഴങ്ങുവർഗ്ഗങ്ങളും പച്ചക്കറികളുമെല്ലാം നാട്ടിലെപ്പോലെതന്നെ. മാമ്പഴത്തിന് കിലോയ്ക്ക് ഒരു ഡോളർ ആണത്രേ.
കുറച്ചപ്പുറത്ത് ഒരാൾ കരിമ്പിൻചാറെടുത്ത് വിൽക്കുന്നു. നാട്ടിൽ വച്ച് അത് രുചിച്ച് നോക്കിയിട്ടില്ലെങ്കിലും അപ്പോൾ എല്ലാവരും അത് വാങ്ങിക്കുടിച്ചു.
അടുത്തുള്ള ഒരു പ്രൈമറി സ്കൂളിലേയ്ക്കാണ് ഞങ്ങൾ പോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂൾ അവധിയായിരുന്നതിനാൽ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ രക്ഷാകർത്താക്കളെത്താത്ത ഏതാനും കുട്ടികളുമായി രണ്ടാം ക്ളാസിലെ അധ്യാപികയുണ്ട്. ആറാം ക്ലാസ്സിലും ഒരു കുട്ടിയുമായി ടീച്ചർ ഇരിക്കുന്നുണ്ടായിരുന്നു. കുട്ടികൾ കണക്കു ചെയ്തുകൊണ്ടിരിക്കുന്നതാണ് കണ്ടത്.
കടകളൊന്നും അധികമായി കണ്ടില്ല. ചുരുക്കം ചില കടകളും പുസ്തകശാലകളും ശ്രദ്ധയിൽപ്പെട്ടു. സൈക്കിൾറിക്ഷ ധാരാളമായി നിരത്തിലുണ്ട്.
നടന്ന് നടന്ന് ഞങ്ങൾ ഒരു റസ്റ്റോറന്റിലെത്തി. ക്യൂബൻ തനതു ഭക്ഷണമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഭക്ഷണത്തിന് ഓർഡർ ചെയ്തിട്ട് ഞങ്ങൾ അവിടെ വിശ്രമിച്ചു. ഭക്ഷണശാല യുടെ ഒരു ഭാഗത്ത് സോഫയും മറ്റുമായി ഞങ്ങൾക്കെല്ലാം ഇരുന്ന്, വേണമെങ്കിൽ കിടന്നും വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ഓർഡർ കൊടുത്തതിനു ശേഷമാണ് ഓരോന്നും പാകം ചെയ്യാൻ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണം മുന്നിലെത്താൻ മണിക്കൂറുകൾ കാത്തിരിക്കണം.
വിശ്രമത്തിന്നൊടുവിൽ ഭക്ഷണം മുന്നിലെത്തി. സൂപ്പ് തൊട്ടു തുടങ്ങിയ ഭക്ഷണം വളരെ രുചികരമായിരുന്നു. തേങ്ങയും പേരായ്ക്കയുമെല്ലാം ചേർന്ന് മധുരവും കൂടി മൃഷ്ടാന്നഭോജനമെന്നമെന്നുതന്നെ പറയാം.
ജോസ് മാർട്ടി സ്മാരകവും സ്ക്വയറും അതിനു ചുറ്റുമുള്ള നാഷണൽ തീയേറ്ററും, നാഷണൽ ലൈബ്രറിയും നാഷണൽ മ്യുസിയവുമെല്ലാം നടന്നുകണ്ടു. വിശാലമായ ഈ ചത്വരത്തിലാണ് പൊതുപരിപാടികളും പാർട്ടിപരിപാടികളുമെല്ലാം നടക്കുന്നത്. അതിന് ചുറ്റും മുകൾമൂടിയില്ലാത്ത, കൊടികൾ വച്ച കാറുകൾ നിരന്നുകിടക്കുന്നതുകണ്ടു. അവ സവാരിക്ക് വാടകയ്ക്ക് കൊടുക്കാനുള്ളവയാണെന്ന് ആരോ പറഞ്ഞു.
വാർമ്യൂസിയത്തിൽ കർശനനിയന്ത്രണങ്ങളാണ്. ടിക്കറ്റെടുത്ത് അകത്തുകയറിയ ഞങ്ങളുടെ ബാഗുകളെല്ലാം പുറത്തു സൂക്ഷിച്ചു. പാസ്പോർട്ട് ഉൾപ്പെടെയുള്ള ബാഗുകൾ അവിടെ ഏൽപ്പിക്കാൻ ഞങ്ങൾ വിസമ്മതിച്ചെങ്കിലും, അത് സുരക്ഷിതമായിരിക്കുമെന്ന ഉറപ്പിന്മേൽ ഞങ്ങൾ അതവിടെ ഏൽപ്പിച്ചുപോയി.
ഗ്രന്മ പായക്കപ്പൽ വാർമ്യൂസിയത്തിൽ
യുദ്ധവിമാനങ്ങളും മറ്റു യുദ്ധോപകരണങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്യൂബൻ വിപ്ലവത്തിനുപയോഗിച്ച പ്രസിദ്ധമായ ഗ്രന്മ പായക്കപ്പൽ കേടുപാടുകൾ കൂടാതെ അങ്ങനെതന്നെ ഒരു വലിയ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.യുദ്ധത്തിനിടയിൽ കേടുപാടുകൾ വന്ന സാമഗ്രികളുമുണ്ടവിടെ. മ്യൂസിയത്തിന്റെ ചുമതലക്കാരിയായ സഖാവ് ഞങ്ങളോട് സൗഹൃദം കൂടുകയും ഒരുമിച്ചു ഫോട്ടോയെടുക്കുകയും ചെയ്തിട്ടാണ് വിട്ടയച്ചത്.
ഹവാനബീച്ചിൽ ആൾത്തിരക്കുണ്ട്. സ്പാനിഷുകാർ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിച്ച പ്രസിദ്ധമായ കോട്ട ബീച്ചിനോട് ചേർന്നാണ് .അതിനു ചുറ്റുമായി ആളുകൾ വന്നിരിക്കുന്നു. അവിടെയുള്ള കൈവരിയിൽ ഞങ്ങളിരുന്നു. ഗിത്താറുമായി ഒരാൾ ഞങ്ങളെ സമീപിച്ച് ‘ഗണ്ടന മേരാ’ എന്ന ക്യൂബൻ നാടോടി ഗാനമാലപിച്ചു.’ഗണ്ടന മേരാ’ പിന്നെയും പലേടത്തും കേട്ടു.
തിരികെയുള്ള യാത്രയിൽ ഹവാന യൂണിവേഴ്സിറ്റി കണ്ടു. ഹോട്ടലിനടുത്തുതന്നെ, ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനടുത്താണ് പാർട്ടി ഓഫീസും. എതിർവശം ഒരു പൊതുവിതരണശാല. അവിടെ എപ്പോഴും ആളു വന്നും പോയുമിരിക്കും. നിത്യോപയോഗസാധനങ്ങൾ സൗജന്യമായി കിട്ടുന്നതവിടെയാണ്. അടുത്തടുത്ത് ഇത്തരം പല കേന്ദ്രങ്ങൾ കാണാൻകഴിഞ്ഞു. പൊതുവിപണിയിൽ സാധനങ്ങൾക്ക് താരതമ്യേന വിലക്കൂടുതലാണ്.സാധാരണക്കാർക്ക് വിലക്കൂടുതൽ ബാധകമല്ല.
കൊളംബിയയിലേക്ക്
ഹവാനായിൽ നിന്ന് കൊളംബിയയിലേക്കാണ് ഞങ്ങൾ പോയത്. രാവിലെതന്നെ ഹോട്ടൽ ചെക്ക്ഔട്ട് ചെയ്തിറങ്ങിയെങ്കിലും ഹവാന എയർപോർട്ടിൽ നിന്ന് വൈകിട്ടോടെയാണ് കൊളമ്പിയായിലെ ബോഗോട്ടയിലെത്തിയത് എയർപോർട്ടിൽനിന്ന് കുറച്ചകലെയുള്ള ഹോട്ടലിലേയ്ക്ക് ടാക്സിയിൽ.
വളരെയേറെ സൗകര്യങ്ങളുള്ള ഹോട്ടൽ മുറി. രാത്രി ഭക്ഷണം കഴിഞ്ഞ് സുഖമായുറങ്ങി. രാവിലെ ഞങ്ങൾ ചിലർ നടക്കാനിറങ്ങി. മലകളാൽ ചുറ്റപ്പെട്ട ബഗോട്ട സുന്ദരിയായിരിക്കുന്നു. വഴിയോരത്തു നിറയെ ചെടികളും പൂക്കളും ഭംഗിയിൽ വച്ചുപിടിപ്പിച്ചിരിക്കുന്നു. കയറ്റിറക്കങ്ങളുള്ള റോഡുകൾ. തൊട്ടടുത്ത് മലകൾ. ആ ചന്തം കണ്ടങ്ങനെ നിൽക്കാനായില്ല.
വേഗം തിരികെ ഹോട്ടലിലേക്ക്. ഹോട്ടലിന് മുന്നിലെത്തിയപ്പോൾ ഗൈഡും വാഹനവും റെഡി. ചുറുചുറുക്കുള്ള വില്യംസ് ആണ് ഡ്രൈവറും ഗൈഡും. ബഗോട്ടയിലെ കണ്ടലേരിയ (candalaria)എന്ന പഴയ ടൗണിലേ യ്ക്കാണ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. candalaria യ്ക്ക് ചരിത്രപ്രാധാന്യമുണ്ട്
ബഗോട്ട
ഇരുവശങ്ങളിലും നിറയെ ചുമർചിത്രങ്ങളുള്ള പഴയ കെട്ടിടങ്ങൾ. വാതിലുകളിലും ജനലുകളിലും ഭംഗിയുള്ള കൊത്തുപണികൾ. അവയുടെ കലാചാതുരി പഴമയെ മോടി പിടിപ്പിച്ചിരിക്കുന്നു. വഴി നീളെ പലയിനം പഴച്ചാറുകൾ കുപ്പികളിലാക്കി നിരത്തിയിരിക്കുന്ന വില്പനത്തട്ടുകൾ. ഈ കുടിൽ വ്യവസായം നടത്തുന്നത് സ്ത്രീകളാണ്. സഹായികളായി പുരുഷന്മാരും. കമ്മൽ,മാല തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന തട്ടുകളുമുണ്ട്.
ഒരു ദേവാലയവും ചുറ്റിലും 12 വീട്ടുകളുമുണ്ടായിരുന്ന ഒരു വിസ്തൃതഭൂപ്രദേശത്തെ ഉടമയിൽനിന്ന് സ്പാനിഷുകാർ കൈക്കലാക്കി അവിടെയുള്ളവരെ മുഴുവൻ നശിപ്പിച്ച കഥ രോഷത്തോടെ വില്യംസ് വിവരിച്ചു. 200 വർഷം പഴക്കമുള്ള അന്നത്തെ വീടുകൾ പലതും കലാഭംഗിയോടെ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി.
മുന്നോട്ടുപോകവേ മലമുകളിൽ സൂര്യചന്ദ്രന്മാരുടെ രണ്ടു ദേവാലയങ്ങളുണ്ടായിരുന്നതും അവിടത്തെ ജനതയുടെ രക്ഷകരായിരുന്നതും സ്പാനിഷുകാർ അതെല്ലാം പൊളിച്ചുകളഞ്ഞ് യേശുവിനെ സ്ഥാപിച്ചു പള്ളികളാക്കിയതും വിവരിക്കുന്നുണ്ടായിരുന്നു. മലമുകളിലെ നീരുറവയിൽനിന്ന് ഒഴുകിയെത്തുന്ന ജലം ഭൂഗർഭമാക്കി നിർത്തിയിരിക്കുന്നു.
നടന്നുനടന്നു തുണിത്തരങ്ങളും ചെരുപ്പുകളും മറ്റും നിരത്തിയിട്ടു വിൽക്കുന്ന കച്ചവട സ്ഥലത്തെത്തി. കുറച്ചപ്പുറത്ത് കച്ചവടസ്ഥാപനങ്ങളും തുറന്ന ചന്തയും. അതിനപ്പുറത്ത് ഒരുത്സവഘോഷയാത്ര. മാസത്തിലെ അവസാന ഞായറാഴ്ചയുള്ള ഉത്സവമാണത്രേ. ഞങ്ങൾ അതിന്റെ ഭാഗമായി. വഴിയോരങ്ങളിൽ നൃത്തവും അഭ്യാസപ്രകടനങ്ങളും.
കയ്യിലെ സാധനങ്ങൾ സൂക്ഷിക്കണമെന്നും ഇതിനിടയിൽ പിടിച്ചുപറിയുണ്ടെന്നും ഗൈഡ് ഓർമ്മിപ്പിച്ചു. ജനം തിങ്ങിനിറഞ്ഞൊഴുകുന്ന ഘോഷയാത്രയിലൂടെ കുറച്ചങ്ങു ചെന്നിട്ട് അതിൽ നിന്ന് തിരിഞ്ഞ് ഞങ്ങൾ ബോളീവിയർ സ്ക്വയറിലേക്ക് കയറി. വളരെ പ്രധാനപ്പെട്ട ഒരു ചത്വരമാണത്. ചുറ്റിലും സർക്കാർ മന്ദിരങ്ങളും മറ്റുമുള്ള ആ സ്ക്വയറിൽ പൊതുപരിപാടികൾ നടത്തിപ്പോരുന്നു. ആഭ്യന്തരകലാപത്തിൽ അവിടെയുള്ള പ്രധാന കെട്ടിട്ടങ്ങൾക്ക് കേടുപാടു വന്നതായും പുതുക്കിപ്പണിതതായും വിവരിക്കപ്പെട്ടു.
അത്രയുമായപ്പോൾ ഞങ്ങൾ നടന്ന് വിഷമിച്ചു. വാഹനം അവിടേക്ക് എത്തിച്ചു. ഇനി ഗോൾഡൻ മ്യൂസിയത്തിലേക്ക്. സ്വർണത്തിന്റെ വൻശേഖരം ബൊഗോട്ടയിലുണ്ടായിരുന്നു. യൂറോപ്യൻമാർ അതെല്ലാം പരമാവധി കടത്തിക്കൊണ്ടുപോയി. ഇനിയും അവശേഷിക്കുന്നവയിൽ നിർമ്മിച്ച വിശിഷ്ടമായ ശില്പങ്ങളും ആഭരണങ്ങളും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത് അക്കാലത്തെ തദ്ദേശീയരുടെ കലാവിരുത് വിളിച്ചോതുന്നു
സ്വർണം ശുദ്ധീകരിച്ചെടുക്കുന്നതിന്റെ പലഘട്ടങ്ങൾ പ്രദർശനത്തിലുണ്ട്. സ്വർണ്ണമയമായ മ്യൂസിയത്തിൽ നിന്നിറങ്ങി ആർട്ട് മ്യൂസിയയത്തിലേക്ക്. .ചിത്രകലാ മ്യൂസിയമാണത്. ബറ്റോരെയുടെയും പിക്കാസോയുടെയും പ്രസിദ്ധമായ ചിത്രങ്ങൾ അവിടെയുണ്ട്. മ്യൂസിയത്തിൽ നിന്നിറങ്ങിയ ഞങ്ങൾ ഭക്ഷണത്തിനുശേഷം തൊട്ടടുത്തുള്ള മാർക്വെസ് മെമ്മോറിയൽ
മാർക്വെസ് മെമ്മോറിയാൽ ലൈബ്രറി
ലൈബ്രറിയിലും കയറി.
മുന്നേകണ്ട വന്മലകളിലേക്ക് കേബിൾ കാറിലും ട്രെയിനിലുമായി പോയിവരാനുള്ള ടിക്കറ്റ് എടുത്ത് ക്യുവിൽ നിന്നു. അധികം താമസിയാതെ കേബിൾ കാറിൽ വന്മലയുടെ മുകളിലെത്തി.അങ്ങോട്ടുള്ള യാത്രയും അവിടനിന്നുള്ള കാഴ്ചകളും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായി.
അവിടെ നിന്ന് നോക്കിയാൽ ദൂരെ ഇതുപോലൊരു മല കാണാം. ധാരാളം ജനങ്ങൾ അവിടെയെത്തിയിട്ടുണ്ട്. ആദ്യമാദ്യം വന്നവർ തിരികെപ്പോകാനുള്ള ക്യുവിൽ നിൽപ്പായി. ഞങ്ങളും അതിൽ കൂടി; കുറെ കഴിഞ്ഞാണ് ട്രെയിനിൽ പോകാനുള്ള ക്യു വേറെയുണ്ടെന്ന് മനസ്സിലായത്. അങ്ങനെ അങ്ങോട്ടുപോയി, മണിക്കൂറുകളോളം. നേരം ഇരുട്ടായി. തണുപ്പും ആക്രമിക്കാൻ തുടങ്ങി. കൂട്ടത്തിൽ ചിലർ വിറയ്ക്കുന്നുണ്ടായിരുന്നു. അവസാനം ഞങ്ങളെ കൊണ്ടുപോകാൻ ട്രെയിനെത്തി.
കുത്തനെ നിൽക്കുന്ന ട്രെയിനിലൂടെ താഴേക്കുള്ള യാത്ര അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു.. ട്രെയിനിറങ്ങിവന്ന് ഉടൻ എയർപോർട്ടിലേക്ക്. ഇക്വഡോറിലേക്കു പോകാൻ. കൊളമ്പിയ അത്ഭുതവും ആവേശവും പകർന്ന ദൃശ്യോത്സവമായിരുന്നു.
ഇക്വഡോറിന്
ഇക്വേറ്ററിൽ സ്ഥിതി ചെയ്യുന്ന ഇക്വഡോറിന് അതുകൊണ്ടു തന്നെയാണ് ആ പേര് സിദ്ധിച്ചത്.തലസ്ഥാനമായ ക്വിറ്റോയിലെ ഹോട്ടലിലെത്തിയ ഞങ്ങൾ ‘പുലുലാഹുവ’ pululahuaഅഗ്നിപർവ്വതം കാണാനാണ് രാവിലെ പുറപ്പെട്ടത്.
നിർജീവമായ ആ അഗ്നിപർവ്വതം ലോകത്തെ അഗ്നിപർവതങ്ങളിൽ ജനവാസവും കൃഷിയുമുള്ള ഒരേയൊരെണ്ണമാണത്രേ. വഴിയിലെ കാഴ്ചകളും കണ്ടങ്ങനെ പോകവേ ഇടയ്ക്ക് മൂടൽമഞ്ഞ് കണ്ടു. കാണെക്കാണെ പ്രദേശമാകെ മൂടൽ മഞ്ഞു നിറഞ്ഞു.
അഗ്നിപർവതത്തിന്റെ മുകളിലെ വ്യൂപോയിന്റിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ കണ്ടത് എല്ലാം മറച്ചിരിരിക്കുന്ന മൂടൽമഞ്ഞിന്റെ കുസൃതി. നിരാശയോടെ ഞങ്ങൾ തിരികെപ്പോന്നു.
ഇക്വഡോറിലെ വെള്ളച്ചാട്ടം
ഭൗതികശാസ്ത്രവും നാടോടിക്കലാരൂപങ്ങളും സാസ്കാരികതയും ഒന്നിച്ചുചേർത്തിണക്കിയ ഇന്റിനാൻ (Intinan) മ്യൂസിയത്തിൽ ഭൂമധ്യരേഖയ്ക്ക് ഇരു വശങ്ങളിലുമുള്ള പരസ്പരാകർഷണവികർഷണങ്ങളും അതുമൂലമുണ്ടാകുന്ന സവിശേഷതകളും പരീക്ഷണങ്ങളിലൂടെ ഗൈഡ് വിശദീകരിച്ചു.
അവരുടെ ഓരോ വാക്യത്തിലും കടന്നുകൂടിയ ‘മൈ കൺട്രി’ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമായി. പ്രാചീന ജനതയുടെ വിശ്വാസങ്ങളും ആചാരങ്ങളും വെളിപ്പെടുത്തുന്ന ചില ശില്പങ്ങളും ചിത്രങ്ങളും ഉപകാരണങ്ങളും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു
പിന്നെ ഞങ്ങൾ ആമസോൺ കാടുകൾ ലക്ഷ്യമാക്കി പോയി. പ്രകൃതിഭംഗി തുടിച്ചുനിൽക്കുന്ന വഴിയിലൂടെയുള്ള യാത്ര ഹരം പകർന്നു. ഇടയ്ക്കിടെ വാഹനം നിർത്തി വ്യൂ പോയിന്റിൽ സമയം ചിലവിട്ടാണ് പോയത്.
ഇതിനിടയിൽ വെള്ളച്ചാട്ടങ്ങൾ പലതുകണ്ടു. ഇരുവശങ്ങളിലും ഓറഞ്ച് മരങ്ങളും പേരമരങ്ങളും നിറയെ കായ്കളുമായിനിൽക്കുന്നു. ഒരുഭാഗത്ത് പേരക്കാടുകൾ. കുന്നിന് മുകളിൽ മരങ്ങൾ നിറയെ.പല നിറത്തിലുള്ള പൂക്കൾ. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലെത്തി ഗ്ലാസ് ബ്രിഡ്ജ് കയറാൻ ടിക്കറ്റെടുത്തു. അഗ്നി പർവതത്തിന്റെ വലിയൊരു ഗർത്തത്തിനു മീതേ തൂങ്ങുന്ന പാലം ഇടയ്ക്ക് ഗ്ലാസ്സ് പതിപ്പിച്ചിരിക്കുന്നു.
ഗ്ലാസിൽ ചവിട്ടുമ്പോൾ ചില്ലുകൾ ചിതറുന്നതായും പൊട്ടുന്ന ശബ്ദം കേൾക്കുന്നതായും അനുഭവപ്പെടും. താഴെ അഗാധമായ ഗർത്തം. പേടിക്കാനിനി എന്തുവേണം! ആദ്യം പാലത്തിൽ കയറാൻ മടിച്ചുനിന്നവരും പതിയെ കയറാൻ തുടങ്ങി. നടു വിലെത്തിയപ്പോൾ ആരോ പാലം കുലുക്കി. പേടിച്ചുപോയി! ഏതാണ്ട് അരകിലോമീറ്റർ നടന്ന് അങ്ങേയറ്റത്തെത്തി. അവിടെ രൂപപരിണാമം വന്ന പാറയിൽ ചില രൂപങ്ങൾ നിർമ്മിച്ചിരിക്കുന്നു. മലമുകളിൽ നിന്ന് വരുന്ന വെള്ളം കുഴലിലൂടെ ഒഴുക്കിവിട്ട് ഒരു ദൃശ്യം ഒരുക്കിയിരിക്കുന്നു . അല്പസമയം അവിടെ ചിലവഴിച്ചു തിരികെപ്പോന്നു. ആ പ്രദേശത്ത് നിന്ന് കഴിഞ്ഞദിവസങ്ങളിൽ മൂന്ന് അനക്കൊണ്ടയെ കൊന്നുവെന്ന് ഗൈഡ് പറഞ്ഞു.
തിരികെ വരുംവഴി ആമസോൺ കാടുകളിലേക്ക് കടക്കുന്നതിനു മുൻപ് ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽനിന്ന് അനുവാദം വാങ്ങി. ഫോറെസ്റ്റ് ഗാർഡിന്റെ അകമ്പടിയോടെ കാടിനുള്ളിലേയ്ക്ക് കടന്നു. ആമസോൺ നദിയുടെ ഒരു കൈവഴി ഒഴുകി വരുന്നുണ്ടായിരുന്നു. പലയിനം മരങ്ങളും ചെടികളും വള്ളികളും നിറഞ്ഞ് നിബിഡമായ വഴിയിലൂടെ കുറേനടന്നു. ഓറഞ്ചും മൊസാമ്പിയും പേരയും നിറയെ കായ്കളുമായി നിൽക്കുന്നു. പലനിറത്തിലും വലിപ്പത്തിലുമുള്ള ഫാഷൻഫ്രൂട്ട് തലയ്ക്കുമുളിൽ തൂങ്ങിക്കിടക്കുന്നു. വാഴകൾ കുലച്ചു കുലകളെല്ലാം പക്ഷികൾ തിന്നു നിർത്തിയിരിക്കുന്നു. ഫോറെസ്റ്റ് ഗാർഡ് കുറേ ഓറഞ്ചും മറ്റും പറിച്ചു തന്നു.
നല്ല പുളിയുള്ള പഴങ്ങൾ. അവിടെത്തന്നെ നിന്ന് വനവിഭവങ്ങൾ ശേഖരിക്കാൻ തോന്നി. കുറച്ചു നടന്ന് കാടനുഭവം വേണ്ടുവോളം ആവാഹിച്ചു തിരിച്ചുപോന്നു. പോരുംവഴി ഒരു റെസ്റ്റോറന്റ്റിൽ കയറി ഭക്ഷണത്തിന് ഓർഡർ കൊടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ കഴിച്ച മത്സ്യത്തിന്റെ സ്വാദിന്റെ ഓർമ്മയിൽ മൽസ്യമാകാമെന്ന് പലരും തീരുമാനിച്ചു. ഏത് മത്സ്യം വേണമെന്നായി. മെനുവിലെ പേരു കണ്ടാൽ മത്സ്യത്തെ തിരിച്ചറിയുന്നതെങ്ങനെ? അതിൽക്കണ്ട ഒരു നല്ല പേരുള്ള മത്സ്യം മതിയെന്ന് തീരുമാനിച്ചു കുറേകഴിഞ്ഞപ്പോൾ കവറിൽനിന്നും ഒരുപച്ച മത്സ്യം എടുത്തുകാണിച്ചു. കണ്ടിട്ട് ഒരു സുഖം തോന്നിയില്ല.
ഒരു മീൻ രണ്ടുപേർക്ക് വീതം എടുക്കാൻ പറഞ്ഞു. ഇനി അതെല്ലാം പാകം ചെയ്യുന്നതുവരെ കാത്തിരിപ്പ്. ഞങ്ങൾ ചിലർ അവിടെനിന്നിറങ്ങി ചുറ്റുപാടും നടന്നുകണ്ടു. നല്ലകാഴ്ചകൾ! റസ്റ്റാറന്റിന്റെ മുൻവശത്തുള്ള ചെറിയൊരു തട്ടുകടയിൽ കുറേപഴങ്ങൾ തൂക്കിയിട്ടിരിക്കുന്നു. ഞങ്ങൾ അങ്ങോട്ടുപോയി. ഒരുവീടിനോട് ചേർന്നാണ് ആ തട്ടുകട. കുറേക്കഴിഞ്ഞപ്പോൾ ഒരു വൃദ്ധ ഇറങ്ങിവന്നു. വീടിനു പിന്നിലുള്ള മരങ്ങളിൽനിന്ന് പറിച്ചു വിൽക്കാൻ വച്ചിരിക്കയാണ്.തിന്നുനോക്കാൻ പലതും തന്നു എല്ലാം നല്ല മധുരമുള്ളവ. കുറച്ചു വാങ്ങി തിരികെ ചെന്നപ്പോഴേയ്ക്കും ഭക്ഷണം റെഡി. മുന്നേ കാണിച്ച മത്സ്യം ഗ്രിൽ ചെയ്ത് വച്ചിട്ടുണ്ട്. അതിന്റെ സ്വാദ് ഇഷ്പ്പെട്ടില്ല. മറ്റെന്തൊക്കെയോ കഴിച്ച് അവിടെനിന്നു ഇറങ്ങി.
സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രൽ സവിശേഷമാണ്. പിരമിഡ് ആകൃതിയിലാണ് അതിന്റെ നിർമ്മിതി. ഇക്വഡോറിലെ പ്രധാന പള്ളിയാണത്. അവിടെയും കുറച്ചുനേരം ചിലവഴിച്ചു തിരിച്ചുപോന്നു.
പെറുവിലേക്ക്…
ലാറ്റിനമേരിക്കൻ യാത്രയിലെ പ്രധാന സന്ദർശകകേന്ദ്രമായ മാച്ചുപ്പിച്ചു പെറുവിലാണ്.
മാച്ചുപ്പിച്ചു
അടുത്തദിവസം രാവിലെ പെറുവിലേക്ക്. എയർപോർട്ടിൽ ചെക്കിൻ ചെയ്യാനെത്തിയപ്പോൾ വീണ്ടും പ്രശ്നം, ഫ്ളൈറ്റിൽ സ്ഥലമില്ല. മൂന്നുപേർക്ക് അടുത്ത ഫ്ലൈറ്റിലേ വരാനാകൂ.നിവൃത്തിയില്ലാതെ മൂന്നു പേരൊഴികെ മറ്റുള്ളവർ പെറുവിലേക്ക് പോയി. മൂന്നു പേർക്ക് അവിടെ എത്തിച്ചേരാനുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കി.
ക്വിറ്റോയിൽ നിന്ന് ലിമയിലേയ്ക്ക്. പെറുവിന്റെ തലസ്ഥാനമാണ് ലിമ. അവിടെനിന്ന് കുസ്കൊയിലേക്ക്. രാത്രി തന്നെ ഞങ്ങൾ കുസ്കോയിലെത്തി. ഹോട്ടലിൽ നിന്ന് രാവിലെ മാച്ചുപ്പിച്ചുവിലേക്ക്. ഹോട്ടലിൽനിന്ന് മിനിബസ്സിൽ ബസ്സ്സ്റ്റേഷൻ വരെ.. അവിടെ നിന്ന് ബസ്സിൽ കുസ്കോ റെയിൽവേ സ്റ്റേഷനിലേയ്ക്ക്. വീണ്ടും ബസ്സിൽ മാച്ചുപ്പിച്ചു ഹിൽ സ്റ്റേഷനിൽ. മണിക്കൂറുകളുടെ യാത്ര. വളരെ സുഖകരമായിരുന്നു ആ യാത്ര.
കുത്തനെയുള്ള പച്ചപിടിച്ച കുന്നുകൾ, പാറക്കുന്നുകൾ, മൊട്ടക്കുന്നുകൾ, മണ്ണ് ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കുന്നുകൾ, തട്ടുകളായി തിരിച്ചു് കൃഷിയിറക്കിയിരിക്കുന്ന കുന്നുകൾ, പുൽമേടുകൾ നിറഞ്ഞവ, കന്നുകാലികൾ മേഞ്ഞുനടക്കുന്നവ അങ്ങനെ കുന്നുകൾ കുന്നുകൾ സർവത്ര.
കുന്നടിവാരങ്ങൾ ഫലഭൂയിഷ്ടമായ കൃഷിഭൂമികൾ, കനോളപ്പാടങ്ങൾ മഞ്ഞ വാരി വിതറി നിൽക്കുന്നു. നിരനിരയായ കൃഷിയിടങ്ങൾ പച്ചവിരിച്ചിരിക്കുന്നു. കണ്ണു പിൻവലിക്കാനാകാത്ത കാഴ്ചകൾ മനസ്സുനിറച്ചു. വൈവിധ്യമാർന്ന ഭൂപ്രകൃതി അത്രമാത്രം ആകർഷകമായി.
രണ്ടു മണിക്കൂറോളം സുന്ദരയാത്ര കുസ്കോ റായിൽവേ സ്റ്റേഷനിൽ അവസാനിച്ചു. ബസ്സിറങ്ങി പാലം കടന്നുവന്നത് അതിമനോഹരമായ കുന്നടിവാരത്തെ സ്റ്റേഷനിൽ.
സ്റ്റേഷന്റെ മുറ്റത്ത് ചെറിയൊരു പൂന്തോട്ടവും ഭംഗിയുള്ള ഇരിപ്പിടങ്ങളും. ഞങ്ങളുടെ ട്രെയിൻ എത്താൻ കുറച്ചുകൂടി സമയമുണ്ട്. കയ്യിൽ കരുതിയിരുന്ന ഭക്ഷണം സ്റ്റേഷനിലിരുന്ന് കഴിച്ച് ഫ്രഷായി. മിനിറ്റുകൾ ഇടവിട്ട് മാച്ചുപ്പിച്ചുവിലേയ്ക്കുള്ള ട്രൈയിനുകൾ വന്നും പോയുമിരിക്കുന്നു. തിരക്കൊഴിഞ്ഞ ട്രാക്കിൽ നിന്ന് അവിടത്തെ ഭംഗി ക്യാമറയിൽ പകർത്തി.
ഞങ്ങളുടെ ട്രെയിൻ എത്തി. രണ്ടു മലകൾക്കിടയിൽകൂടി പോകുന്ന ഇടുങ്ങിയ റെയിൽപ്പാത. സമാന്തരമായി ഉറുബാമ്പ നദി. ബസ്സിൽനിന്നിറങ്ങിയപ്പോൾ ഒരു നീർച്ചാലായി കണ്ട ഉറുബാമ്പ ക്രമേണ വലുതായി വലുതായി ഞങ്ങളോടൊപ്പം പോരുന്നു. ഇരുമലകളിലും ആറ്റിറമ്പുകളിലും പലതരം മരങ്ങൾ.. നിറയെ പൂത്തു നിൽക്കുന്ന ഓർക്കിഡുകൾ മരങ്ങളിൽ. എത്ര ആഹ്ലാദകരമായ കാഴ്ച!
വളരെ സാവധാനം പോകുന്ന ട്രെയിൻ. തദ്ദേശീയരും വിദേശികളുമായ സഞ്ചാരികളാണ് ട്രെയിനിൽ.ഞങ്ങൾ യാത്രയ്ക്കൊരുങ്ങുന്ന അവസാന നാളുകളിൽ പെറുവിലെ ആഭ്യന്തരകലാപം മൂലം മാച്ചുപ്പിച്ചു അടച്ചിട്ടിരുന്നു. അത് കാണാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ യാത്ര തിരിക്കുന്നതിന് മുൻപ് അത് തുറന്നു. ദൈനംദിനം അസംഖ്യം ജനങ്ങളാണ് സന്ദർശകരായെത്തുന്നത്. പ്രത്യേക സാഹചര്യത്തിൽ ഇപ്പോൾ ജനപ്രവാഹം കുറഞ്ഞിരിക്കുന്നു.
ഞങ്ങൾ ട്രെയിനിൽ നിന്നിറങ്ങി. മാച്ചുപ്പിച്ചുവിലെത്തിയ ഉറുബാംബ നദി നിരവധിയായ കുന്നുകളുടെ അടിവാരത്തെച്ചുറ്റി അരഞ്ഞാണം പോലെ ഒഴുകി, ആമസോണിൻ്റെ കൈവഴിയായി മാറുന്നു.
കുന്നിന് മുകളിലേക്ക് പോകാൻ ഞങ്ങൾ ഒരു ചെറിയ ബസ്സിൽ കയറി കുറേ മുകളിലെത്തി. പിന്നെ മുകളിലോട്ട് നടന്നേ പറ്റൂ. അവിടമെല്ലാം നടന്നുകണ്ടു. മിനുസപ്പെടുത്തിയ കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിട്ടങ്ങളുടെ അവശിഷ്ടങ്ങൾ, വളരെ കേടുപാടുകളൊന്നും കൂടാതെ സംരക്ഷിച്ചിരിക്കുന്നു. ഗൈഡ് വേണ്ട വിശദീകരണങ്ങളും നൽകി.
ഇങ്ക രാജാക്കന്മാർ 1400കളിൽ പണികഴിപ്പിച്ചതാണ് മാച്ചുപ്പിച്ചു. 2400ലധികം മീറ്റർ ഉയരത്തിലുള്ള മലയ്ക്ക് മുകളിൽ മിനുസപ്പെടുത്തിയ കരിങ്കല്ലുകൾ കൊണ്ട് പണിതുയർത്തിയ കെട്ടിടസമുച്ചയം. രാജാക്കന്മാർക്കും പുരോഹിതന്മാർക്കും, ശില്പികൾക്കും ജ്യോതിശ്ശാസ്ത്രജ്ഞന്മാർക്കും സുന്ദരികളായ സ്ത്രീകൾക്കും എല്ലാവിധ സൗകര്യങ്ങളോടും താമസിക്കാൻ ഉയരങ്ങളിൽ പണിതീർത്ത സുഖവാസകേന്ദ്രം.
കുന്നിന് മുകളിൽ അടിമ കളെക്കൊണ്ട് പണിചെയ്യിച്ചുണ്ടാക്കിയവ. ഓരോ വിഭാഗത്തിനും അവരവരുടെ സ്ഥാനമാനുസരിച്ച് അധിവസിക്കാൻ പാകത്തിനാണ് കെട്ടിട്ടങ്ങളുടെ നിമ്മിതി. ശവം മറവുചെയ്യുന്നതിനുപോലും പദവികളനുസരിച്ച് പ്രത്യേകസംവിധാനങ്ങൾ.
ജ്യോതിശ്ശാസ്ത്രവിധിപ്രകാരം നിർമ്മിച്ച സൂര്യക്ഷേത്രം. രണ്ടു കിളിവാതിലുകളാണ് അതിനുള്ളത്. സൂര്യൻ ക്ഷേത്രത്തിന് നേരേ ഉദിക്കുന്ന സമയത്തും അല്പം മാറി ഉദിക്കുന്നസമയത്തും കൃത്യമായി സൂര്യ പ്രകാശം ക്ഷേത്രത്തിനുള്ളിൽ പതിക്കുന്ന വിധത്തിലുള്ള നിർമ്മാണം. കുന്നിനുമുകളിലുള്ള നീരുറവകളിൽ നിന്ന് ജലം ശേഖരിച്ച് ഓവുകൾ വഴി കെട്ടിങ്ങളുടെ എല്ലാഭാഗത്തും എത്തിക്കുന്നതിനുള്ള സംവിധാനം. കൃഷിയും കന്നുകാലിവളർത്തലും ആ മലമുകളിൽ നിർവഹിച്ചിരുന്നു.
നൂറു വർഷത്തോളം മാത്രമേ ഈ രാജകീയനഗരം നിലനിന്നുള്ളൂ. രാജാക്കന്മാർ തമ്മിലുള്ള കലഹംമൂലം ദൈനം ദിന കാര്യങ്ങളൊന്നും നടക്കാതായി. പണിയെടുക്കുന്നവർ മലകൾ വിട്ടിറങ്ങി. പട്ടിണി കിടന്നും പകർച്ചവ്യാധി പിടിപെട്ടും മുഴുവൻ പേരും മരണപ്പെട്ടിട്ടുണ്ടാവണം. ജനവാസം നാമാവശേഷമായ നിർമ്മിതികൾ മലകളുടെ മറവിൽ ആരാലും അറിയപ്പെടാതെ കാലങ്ങളോളം കിടന്നു.
താമസിയാതെ സ്പാനിഷുകാർ എല്ലാം കൈക്കലാക്കി യെങ്കിലും മാച്ചുപ്പിച്ചു അവർ ശ്രദ്ധിച്ചില്ല. 1911 ൽ അമേരിക്കൻ ചരിത്രകാരനായ ഹിറാം ബിങ് ഹാം ആണ് ഇതിനെ പുറംലോകത്തിനു പരിചയപ്പെടുത്തിയത്. അതിന് മുൻപ് ആരൊക്കെയോ കണ്ടെത്തിയിരുന്നുവെന്നും പറയപ്പെടുന്നു.
1983ൽ യുനെസ്കോ ഇതിനെ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ന് വലിയ വിനോദസഞ്ചാരകേന്ദ്രമാണ് മാച്ചുപ്പിച്ചു.
മരയ്ക്കാനാ സ്റ്റേഡിയം
അദ്ഭുതപരതന്ത്രരായാണ് ഞങ്ങൾ മലയിറങ്ങിപ്പോന്നത്. ആവേശത്താൽ മുകളറ്റം വരെ നടന്നെത്തി ഓരോന്നും വിശദമായിത്തന്നെ കണ്ടു. തിരിച്ചിറങ്ങിവന്നത് ആകെ വശം കെട്ടാണ്. ‘ഓരോരുത്തന്മാർക്ക് ഓരോന്ന് ഉണ്ടാക്കിയിട്ടാൽ മതിയല്ലോ. കഷ്ടപ്പെടുന്നത് ബാക്കിയുള്ളവരല്ലേ’ എന്ന തമാശയുമായി ഞങ്ങൾ ഇറങ്ങിപ്പോന്നു താഴെയെത്തിയപ്പോഴേക്കും ലിമയിൽ ആയിപ്പോയ മൂന്നുപേരും അവിടെയെത്തി. ഞങ്ങൾ താഴെ ഒരു റസ്റ്റാറാന്റിൽ ഭക്ഷണത്തിന് ഓർഡർ കൊടുത്തിട്ട് അവിടെ വിശ്രമിച്ചു.
ഭക്ഷണം കഴിഞ്ഞും അവർ വരുവോളം അവിടമെല്ലാം നടന്നുകണ്ടു. മാച്ചുപ്പിച്ചുവിന്റെ കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളിൽ കയറി. നല്ല മുടിയുള്ള ഒരു കൊച്ചു പെൺകുട്ടി ഞങ്ങളുടെ പൊട്ടു നോക്കിയിട്ട് എന്തോ പറഞ്ഞു. എന്റെ കൈയ്യിലുണ്ടായിരുന്ന ഒന്ന് അവളുടെ നെറ്റിയിൽ പതിപ്പിച്ചു. അവൾ തുള്ളിച്ചാടി നടന്ന് എല്ലാവരെയും കാണിക്കുന്നുണ്ടായിരുന്നു.വൈകാതെ മറ്റുള്ളവരുമെത്തി. ഞങ്ങൾ തിരികെ ഹോട്ടലിലെത്തി ലെഗേജുമായി ലിമയിലേയ്ക്ക്. പോകുന്നവഴി long sea ബീച്ചിലെ സായാഹ്നം ആസ്വദിച്ചു.
ലിമയിൽ നിന്ന് അർജന്റീനയ്ക്ക്. അർജന്റ്റീനയിൽചിലവഴിക്കാൻ രണ്ടുദിവസമുണ്ട്. അർജന്റ്റീനയിലെത്തിയ ഞങ്ങൾക്ക് ലൂസിയ എന്ന ഒരു റിട്ടയേർഡ് അധ്യാപികയെയാണ് ഗൈഡായിക്കിട്ടിയത്. സിറ്റിയുലുള്ള പല കാഴ്ചകളും അവരോടൊപ്പം കണ്ടു. ജപ്പാൻ ഗാർഡൻ, മെറ്റാലിക് ഫ്ലവർ, കത്തീഡ്രൽ, തുടങ്ങി പ്രധാനപ്പെട്ട പലതും വാഹനത്തിലിരുന്ന് തന്നെ ചൂണ്ടിക്കാട്ടി. മെറ്റാലിക്ഫ്ലവറിലും കത്തീഡ്രലിലും ഇറങ്ങി ഫോട്ടോ എടുത്തു.
ഞങ്ങൾ ക്യൂബയിൽ പോയി എന്നതിനോട് അവർ പ്രതികരിച്ചത് ക്യൂബ പുവർ കൺട്രിയാണെന്നും
I hate poor people എന്നുമാണ്. ഞങ്ങൾ കമ്യൂണിസ്റ്റ് സംസ്ഥാനത്തിൽ നിന്നുള്ളവരാണെന്ന് കേട്ടപ്പോൾ അവരുടെ മുഖമാകെ ചുളിഞ്ഞു. കമ്മ്യുണിസ്റ്റ് ഭരണം നല്ലതാണെന്ന ഞങ്ങളുടെ അഭിപ്രായത്തോട് are you joking എന്ന് അവിശ്വസനീയതയോടെ പ്രതികരിച്ചു. ഇതാണ് പലരുടെയും കാഴ്ചപ്പാട്.
സമയം വൈകിയതിനാൽ ഞങ്ങൾ തിരിച്ചു ഹോട്ടലിലെത്തി. അന്ന് ഒരു നൈറ്റ് വാക്കിനും ഡിന്നറിനും ഒപ്പംകൂടി. പോകുന്ന വഴിയിൽ മദ്യപിച്ചു ലക്കുക്കെട്ട് വഴിയിൽ കിടക്കുന്ന പലരെക്കണ്ടു. .വളരെ വൈകിയും കൂട്ടുകാരുമൊത്ത് വഴിയോരങ്ങളിലെ ഭക്ഷണശാലകളിൽ സമയം ചെലവഴിക്കാനെത്തുന്നവർ അനവധി.
അതിലേ കടന്നുപോകുന്നവരെ ആകർഷിക്കാൻ ഭക്ഷണത്തിന്റെ മെനുചാർട്ടുമായി സുന്ദരികളായ സ്ത്രീകൾ ഭക്ഷണശാലകളുടെ മുന്നിലുണ്ട്.രാത്രികൾ ആഘോഷമാക്കുന്നവരാണ് അവിടെക്കൂടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വാഹനത്തിലിരുന്ന് കണ്ട ജപ്പാൻ ഗാർഡനിലേയ്ക്കാണ് രാവിലെ ഞങ്ങൾ പോയത് . വിശേഷപ്പെട്ട മരങ്ങളാലും ചെടികളാലും പൂക്കളാലും ജലാശയങ്ങളാലും കൗതുകമത്സ്യങ്ങളാലും മോടിപിടിപ്പിക്കപ്പെട്ട ഗാർഡൻ. ധാരാളം സഞ്ചാരികൾ അവിടെയെത്തിയിട്ടുണ്ട്. പലരും ഞങ്ങളോട് സൗഹൃദം കൂടി ഒപ്പം നിന്ന് ഫോട്ടോ എടുത്തു. ഞങ്ങളുടെ പൊട്ട് അവർക്കും കൗതുകമായി.
വൈകിട്ട് മെസ്സിയുടെ ചിത്രങ്ങളും കട്ടൗട്ടുകളും സൊവനീറുകളുമൊക്കെ നിറച്ച് മോടിപിടിപ്പിച്ചിട്ടുള്ള ഒരു കേന്ദ്രവും മാർക്കറ്റും കാണാൻ പോയി. അവരുടെ സ്വന്തം കളിക്കാരനോടുള്ള ആദരവ് വെളിപ്പെടുത്തുന്ന ഒരു ടൗൺ.അവിടെ ഞങ്ങളുടെ ഗൈഡായെത്തിയ മറിയാന വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. ഗ്രാമപ്രദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ അത് ‘ഡൈഞ്ചർ’ ആണെന്നാണ് അവളുടെ അഭിപ്രായം. ലാ പ്ലാത്ത (la plata ) നദിക്കക്കരെ പ്രകൃതിസുന്ദരമായ പല കാഴ്ചകളുമുണ്ടെന്നും അവിടെ കൂടുതലും കറുത്തവർഗ്ഗക്കാർ തിങ്ങിത്താമസിക്കുന്നതിനാൽ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുമെന്നാണ് അവൾ ഉദ്ദേശിച്ചത്. കറുത്തനിറത്തോടും നിർദ്ധനത്വത്തോടും പൊതുവേ സമൂഹം വച്ചുപുലർത്തുന്ന മനോഭാവത്തിന്റെ പ്രതിഫലനമായാണ് ഈ അഭിപ്രായത്തെ ഞാൻ വിലയിരുത്തിയത്.
ഇനി ബ്രസീലിലേക്ക്. റിയോ ഡി ജനീറോയിലേയ്ക്കു ഫ്ലൈറ്റിൽ. വളരെയേറെ കാഴ്ചകൾ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. Christ the radeemer statue
Christ the radeemer statue
ആണ് അതിൽ പ്രധാനം. ഏറ്റവും ഉയരം കൂടിയ മലമുകളിൽ 38 മീറ്റർ ഉയരത്തിലുള്ള ക്രിസ്തുപ്രതിമ. ബസ്സിലും ലിഫ്റ്റിലും ഏലിവേറ്ററിലും പിന്നെ പടിക്കെട്ട് കയറിയും ചെന്നെത്തി statue മുന്നിലെത്തി. ആ പൊരിവെയിലത്തും വൻ ജനത്തിരക്കാണവിടെ. ഞങ്ങളുടെ ഗൈഡ് അവിടെ നിലത്തിരുന്നും കിടന്നുമൊക്കെ statue വിന്റെ പശ്ചാത്ത ലത്തിലുള്ള ഞങ്ങളുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.ആ മലമുകളിൽനിന്ന് റിയോ ഡി ജനീറോ മുഴുവൻ താഴ്വാരത്തായി കണ്ടു. ഇടയ്ക്കിടെ വിവിധ വർണത്തിലുള്ള പൂക്കൾ നിറഞ്ഞ പച്ചപിടിച്ച താഴ്വാരം. അതിനിടയിലൂടെ മരയ്ക്കാനാ സ്റ്റേഡിയം അങ്ങു ദൂരെ കാണാം. പിന്നെ ആ പൊരിവെയിലത്ത് മലയിറങ്ങി.
ഇനി സ്റ്റേഡിയത്തിലേക്ക്. ഫുട്ബാൾ ആരാധകർ സ്റ്റേഡിയം ലൈവ് ആക്കി നിർത്തിയിരിക്കുന്നു. സ്റ്റേഡിയത്തിന് മുന്നിലെ സ്മാരകത്തിന് മുന്നിൽ ഒരാൾ ഫുട്ബാൾ തലകൊണ്ട് തട്ടിക്കൊണ്ട് നിൽക്കുന്നു. അതിനടുത്തേക്ക് ചെല്ലുന്നവരെ കൂടെ നിർത്തി ഫോട്ടോ എടുപ്പിക്കും. അയാൾക്ക് എന്തെങ്കിലും കിട്ടാനുള്ള ഒരുവഴി.
സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രൽ വളരെ പ്രസിദ്ധമാണ്. പിരമിഡിന്റെ ആകൃതിയിലുള്ള വലിയൊരു പള്ളി. അതിനുള്ളിലെ കലാചാതുരിയും ആകർഷകമാണ്.
കോപ്പകബാന ബീച്ചിൽ ഉച്ചവെയിലത്തും ജനത്തിരക്കാണ്. വളരെ വിശാലമായ ബീച്ചിൽ തിങ്ങിനിറഞ്ഞ ജനങ്ങൾ വർണ്ണക്കുടകളും പിടിച്ചു നിൽക്കുന്നു. നിരനിരയായി നിൽക്കുന്ന തെങ്ങുകൾ ഓലപ്പീലി വിടർത്തിയാടുന്നു.
ഇന്നത്തെ ലഞ്ച് ടൂർപാക്കേജിന്റെ ഒപ്പമുള്ളതാണ്. ഞങ്ങൾ റെസ്റ്റോറന്റിലേക്ക് പോയി. ബൊഫെയാണ്. വിശാലമായ മേശപ്പുറങ്ങളിൽ വിവിധങ്ങളായ ഭക്ഷണ സാധനങ്ങൾ നിറച്ചിരിക്കുന്നു.. വെജ്ജും നോൺ വെജ്ജും തരാതരം പോലെ. സാലഡുകളും പഴങ്ങളും എന്നുവേണ്ട ആൾത്തിരക്കുള്ള ആഭക്ഷണശാലയിൽ ഓരോരുത്തർക്കും ഇഷ്ടമുള്ള വിഭവങ്ങൾ ആവശ്യാനുസരണം ലഭിക്കും.
വെള്ളത്തിനും ജ്യൂസിനും പ്രത്യേകം വില കൊടുക്കണമെന്ന് മാത്രം; ഡെസ്സേർട്ടിനും. ഞങ്ങളുടെ യാത്രയിൽ ലഞ്ചിന് ഇത്തരത്തിൽ റെഡിമെയ്ഡ് ഭക്ഷണം ലഭിച്ചത് ഇവിടെയാണ്. മറ്റെല്ലായിടത്തും ഭക്ഷണത്തിന് ഓർഡർ കൊടുത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. എല്ലാവർക്കും തൃപ്തിയായി അവിടെനിന്നിറങ്ങി. മുന്നിലായി ഉന്തു വണ്ടികളിൽ പലയിനം പഴവർഗ്ഗങ്ങളുമായി കച്ചവടക്കാർ നമ്മുടെ നിരത്തുകളിലെപ്പോലെ.
സെലോറൻ സ്റ്റെപ് റിയോ ഡി ജനറോയിലെ പ്രധാന കേന്ദ്രമാണ്. ചിലിക്കാരനായ ജോർജ്ജ് സെലോറൻഎന്ന കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ പടിക്കെട്ട്. ലോകത്തിന്റെ നാനാഭാഗത്തുള്ള ടൈൽസ് ആണവിടെ പതിപ്പിച്ചിരിക്കുന്നത്. സെലോറന്റെ ഉദ്യമത്തിന് സഹായികളായി പലരുമെത്തി. പലേടത്തുനിന്നും ടൈൽസ് എത്തിച്ചു . ശ്രീരാമന്റെയും ഹനുമാന്റെയും സരസ്വതിയുടെയും ചിത്രങ്ങളുള്ള ടൈൽസും കൂട്ടത്തിൽ കണ്ടു. ആദ്യകാലത്ത് മഞ്ഞയും നീലയും (ബ്രസീലിന്റെ നിറം) ടൈൽസ് ആണ് പടിക്കെട്ടിൽ പതിപ്പിച്ചത്. പിന്നീട് ചുവപ്പ് നിറത്തിലേതുത് മാത്രമായി.(ചിലിയുടെ നിറം). കുറെയേറെ പടിക്കെട്ടുകൾ കയറിക്കയറിപ്പോകുന്നിടത്താകെ ടൈൽസ് പതിപ്പിച്ചിട്ടുള്ളത് കൗതുമുണർത്തും.
ജനത്തിരക്കുള്ള ഈ ഭാഗത്ത് പലവിധത്തിലുള്ള കച്ചവടക്കാരും സുലഭം. കരകൗശലവസ്തുക്കളും സുവനീറുകളും പഴങ്ങളും ജ്യൂസും അങ്ങനെയങ്ങനെ. സ്റ്റെപ്പുകൾ കയറിയിറങ്ങിവന്ന് ക്ഷീണമകറ്റി. ഇനി മലകയറ്റം.
ഷുഗർ ലോഫ് പർവതത്തിന്റെ കൊടുമുടിയിലേക്ക്. കേബിൾ കാറിൽ ടിക്കറ്റെടുത്ത് മലമുകളിലേയ്ക്ക്. ഏതാണ്ട് 60 പേർക്ക് യാത്രചെയ്യാവുന്ന കേബിൾകാറിൽ ആദ്യം ഒരു മലമുകളിൽ. അവിടെ നിന്നും കുറച്ചു നടന്ന് മാറി വന്നു മറ്റൊരു കേബിൾകാറിൽ ഷുഗർ ലോഫിന്റെ ഉയരത്തിലെത്തി. അവിടെ നിന്ന് താഴേയ്ക്ക് നോക്കിയാൽ ബോട്ടഫുഗു ബീച്ച് കാണാം, പർവതത്തിന്റെ അടിവാരത്തിൽ.
ഷുഗർ ലോഫ് പർവത
അതീവസുന്ദരമായ ബീച്ച്. നീലനിറത്തിൽ തെളിനീരുള്ള നല്ല ബീച്ച്. ഒരുഭാഗത്ത് നിറയെ ബോട്ടുകൾ. മറുഭാഗത്ത് കടലിനു മീതേ വിമാനം താണു പറന്നുചെന്ന് തൊട്ടുകിടക്കുന്ന കരയിലേക്ക് ലാൻഡ് ചെയ്യുന്നു, അവിടെനിന്ന് ഉയർന്നുപൊങ്ങുകയും താണിറങ്ങുകയും ചെയ്യുന്ന വിമാനങ്ങൾ അദ്ഭുത കാഴ്ചയായി. അവിടെക്കൂടിയവർ അതിന്റ വീഡിയോകൾ എടുക്കുന്ന തിരക്കിലാണ്.
സൂര്യൻ അസ്തമിക്കാറായി. കടലിനുമേൽ ചെഞ്ചായം പൂശിയിരിക്കുന്നു. അങ്ങുദൂരെ സൂര്യൻ ചുവന്ന ഗോളമായി പതിയെപ്പതിയെ താഴുന്നു. കൈവരിമേൽ പിടിച്ചുനിന്നു അത് ക്യാമറയിൽ പകർത്തുന്നതിന്റെ തിരക്കിലാണിപ്പോഴെല്ലാരും. കൊടുമുടിയിൽ നിന്നുകൊണ്ട് താഴേക്കുള്ള കാഴ്ച എ ത്രമാത്രം ഹൃദ്യമാണെന്ന് പറഞ്ഞറിയിക്കാനാവില്ല.
ബ്രസീലിൽ റിയോ ഡി ജനീറോയിൽ നിന്ന് സാവോ പോളോയിലേയ്ക്കുള്ള യാത്ര റോഡ് മാർഗ്ഗമായിരുന്നു. ഒരുപകൽ മുഴുവൻ നീണ്ട സുഖകരമായ ബസ് യാത്ര ബ്രസീലിന്റെ പ്രകൃതിഭംഗി ആവാഹിക്കാൻ പര്യാപ്തമായി. കാടും മലകളും പുഴകളും ഗ്രാമങ്ങളും പട്ടണങ്ങളും വ്യവസായസ്ഥാപനങ്ങളും വയലേലകളും പുല്മേടുകളും അങ്ങനെ പ്രകൃതിയുടെ പല ഭാവങ്ങളും രൂപങ്ങളും കണ്മുന്നിലൂടെ കടന്നുപോയ യാത്ര. 7 മണിയോടെ സാവോ പോളയിൽ എത്തി. ഇനി അടുത്ത ഒരുപകൽ കൂടി ലാറ്റിനമേരിക്കയിൽ.
സാവോപോളോയിൽ രാവിലെ ഹോട്ടലിന് ചുറ്റുമുള്ള കടകളിലും മറ്റും അത്യാവശ്യഷോപ്പിംഗ് നടത്താനുള്ള സൗകര്യം. നിരത്തിലൂടെ നടക്കവേ കൂട്ടമായി നിരന്നുകിടന്നുറങ്ങുന്ന ചെറുപ്പക്കാർ. വീടില്ലാത്ത ധാരാളം പേർ അവിടെയുണ്ടെന്ന് കേട്ടിരുന്നു. ലഹരിക്കടിമപ്പെട്ടു പതിനൊന്നു മണിയായിട്ടും ലക്ക് കെട്ടുറങ്ങുന്ന ഈ ചെറുപ്പക്കാരും വീടില്ലാത്തവരുടെ കൂട്ടത്തിൽ പെടുന്നവരായിരിക്കണം.
ക്യൂബയിലെ നിരത്തുമായി താരതമ്യം ചെയ്യാൻതോന്നി. അവിടെ ഉത്സാഹത്തോടെ കളികളിലേർപ്പെടുന്ന ചെറുപ്പക്കാരെ യാണ് നിരത്തിൽ കണ്ടത്. അവിടെ വീടില്ലാത്തവരുടെ വിഷമം നേരിട്ട് കാണാൻ കഴിഞ്ഞില്ല. ബ്രസീൽ സമ്പന്നരാജ്യമാണ്. എല്ലാവിധ ആഡംബരങ്ങളും ആർഭാടങ്ങളും അവിടത്തെ മുഖച്ഛായയാണ്. ഒപ്പം വീട്ടില്ലാത്തവരും ദരിദ്രരുമായവരുടേതും.
ഓരോ രാജ്യത്തും ഫോൺ ചാർജ്ചെയ്യാൻ വെവ്വേറെ അഡാ പ്റ്ററുകൾ വേണമെന്നത് പലപ്പോഴും ബുദ്ധിമുട്ടിലാക്കി. ഇന്റർനാഷണൽ അഡാപ്റ്റർ കൈയ്യലുണ്ടായിട്ടും സാവോ പോളിയിൽ അത് വർക്ക് ചെയ്യാത്തതിനാൽ രാവിലെ ഒരെണ്ണം വാങ്ങാനിറങ്ങി. പോർട്ടുഗീസ് ഭാഷയാണ് ബ്രസീലിൽ, ഇംഗ്ലീഷ് പൊതുവേ മനസ്സിലാവില്ല. ഒരുകടയിൽ കയറി ആംഗ്യം കാണിച്ചു കാര്യം ധരിപ്പിച്ചപ്പോൾ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം തന്നു. അതുവാങ്ങാനാണെന്ന്പറഞ്ഞ പ്പോൾ മറ്റൊരു കട ചൂണ്ടിക്കാട്ടിത്തന്നു. അവിടെ സാധനമുണ്ട്. പക്ഷേ ബ്രസീൽ കറൻസിയായ റീൽ തന്നെ വേണം. ഞങ്ങളുടെ കൈയ്യിൽ അമേരിക്കൻ ഡോളറേ ഉള്ളൂ. അവിടെനിന്നിറങ്ങി മറ്റൊരു കടയിൽ കയറി.
അവിടെയും റീൽ തന്നെ വേണം. ഡോളർ കൈയ്യിൽ വച്ചുകൊണ്ട് വിഷമിക്കുന്ന ഞങ്ങളെ ക്കണ്ട് പാവം തോന്നിയിട്ടാകാം അത് സൗജന്യമായിത്തന്നു. അതുമായി തിരികെ ഹോട്ടലിലേയ്ക്ക് നടന്ന ഞങ്ങൾക്ക് വഴിതെറ്റി. ഏതോ ഓഫിസിലേയ്ക്ക് തിരക്കിട്ടു പോകുന്ന ഒരു യുവതിയോട് ഹോട്ടലിന്റെ പേരുകാണിച്ചിട്ട് അവിടെയ്ക്കുള്ള വഴി ചോദിച്ചു. അവൾക്ക് വലിയ നിശ്ചയമില്ല. അതിന്റെ എതിർദിശയിലേയ്ക്ക് ഞങ്ങളെക്കൂട്ടിക്കൊണ്ടുപോയി. സംശയം തോന്നിയ ആയുവതി മറ്റൊരാളോട് ചോദിച്ചു മനസ്സിലാക്കി അടുത്തുതന്നെയുള്ള ഹോട്ടലിൽ കൊണ്ടു ചെന്നാക്കി. ബ്രസീലിലെ ആളുകളുടെ സൗമനസ്യത്തെ മനസ്സിലാക്കാൻ ഇതൊരവസരമായി.
നേരെമറിച്ച് യൂറോപ്പിൽ പലരും മറ്റുള്ളവരോട് ഈ വിധത്തിലാവില്ല, പെരുമാറുന്നത് എന്നോർത്തു. തന്നെയല്ല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെല്ലാം അന്യരാജ്യക്കാരായ ഞങ്ങളോട് വളരെ അടുത്തിടപെടാനും കൂടെനിന്ന് ഫോട്ടോ എടുക്കാനും കൂടുതൽ താത്പര്യം കാണിക്കുന്ന ആളുകളെയാണ് കണ്ടത്.
അത്യാവശ്യം ഷോപ്പിംഗിനിറങ്ങിയ ഞങ്ങൾ തെരുവോരക്കച്ചവടക്കാരിൽ നിന്നും പല ഷോപ്പുകളിൽ നിന്നും പലതും വാങ്ങി, ഹോട്ടലിലെത്തിയപ്പോൾ ഗൈഡായ കാത്യാനയും വാഹനവും എത്തിയിരുന്നു. താമസിയാതെ ഞങ്ങൾ അവരോടൊപ്പം പോയി. സാവോപോളോയിലെ മോഡേൺ ആർട്ട് മ്യൂസിയത്തിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. 1950ൽ ബ്രസീലിയൻ വാസ്തുശില്പിയായ ഓസ്കർ നെയ്മറും കൂട്ടരും രൂപകല്പന ചെയ്ത ഈ മ്യൂസിയത്തിന് ഏഴുനിലകളാണുള്ളത്. അതിൽ മുഴുവൻ ലാറ്റിൻഅമേരിക്കയിലെ പ്രധാനപ്പെട്ട മോഡേൺ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും വലിയൊരു ശേഖരം തന്നെയുണ്ട്.അതിനെല്ലാമപ്പുറം ഏഴാമത്തെ നിലയുടെ മുകളിൽ നിന്നു നോക്കിയാൽ വളരെ മനോഹരമായ കാഴ്ചകളാണ് നമ്മെ ആകർഷിക്കുന്നത്.
സെലോറൻ സ്റ്റെപ്
സാവോപോളോ യൂണിവേഴ്സിറ്റി വളരെ പ്രസിദ്ധമാണ്. അങ്ങോട്ടുപോകണമെന്ന ഞങ്ങളുടെ ആവശ്യമനുസരിച്ച് മ്യൂസിയത്തിൽ നിന്നിറങ്ങി യൂണിവേഴ്സിറ്റിയിലേയ്ക്ക് പോയി. പോകുന്ന വഴിയിൽത്തന്നെയുള്ള സെമിത്തേരി ചൂണ്ടിക്കാട്ടി അത് സമ്പന്നർക്കുള്ള സെമിത്തേരിയാണെന്ന് കത്യാന പറയുന്നുണ്ടായിരുന്നു.അതിനപ്പുറം ഒരു വലിയ ഭൂവിഭാഗം മുഴുവൻ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റുകളാണ്.
ബ്രസീലിലെ ഒരു പബ്ലിക് യൂണിവേഴ്സിറ്റിയാണ് സാവോ പോളോ യൂണിവേഴ്സിറ്റി.11ക്യാമ്പസുകളുള്ള ഈയൂണിവേഴ്സിറ്റിയുടെ നാലെണ്ണവും സാവോ പോളോ സിറ്റിയിൽ തന്നെയാണ്. വിജ്ഞാനവ്യവസ്ഥയുടെ ഒട്ടുമിക്ക ശാഖകളും ഉൾക്കൊള്ളുന്നതാണ് ഈ ഉന്നതവിദ്യാഭ്യാസ കേന്ദ്രം. ബ്രസീലിയൻ സമൂഹത്തിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവർ ഈ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുള്ളവരാണ്. ലോകത്തെ പ്രസിദ്ധങ്ങളായ യൂണിവേഴ്സിറ്റികളിൽ ഒന്നാണ് സാവോ പോളോ.
വളരെ വിസ്തൃതമായ ഭൂപ്രദേശം മുഴുവൻ വ്യാപിച്ചു കിടക്കുന്ന യൂണിവേസിറ്റിയുടെ പല ഡിപ്പാർട്മെന്റുകളും ക്ലോക്ക് ടവറും അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും ഹോസ്റ്റലുകളുമെല്ലാം പോയിക്കാണാൻ വളരെ സമയമെടുത്തു. തിരികെ ഹോട്ടലിലെത്തി ബാഗും എടുത്തു എയർപോർട്ടിലേക്ക് തിരിക്കാനുള്ള സമയമായതിനാൽ സാവോപോളോയിലെ മറ്റു കാഴ്ചകൾ ഒഴിവാക്കേണ്ടി വന്നു.
തിരിച്ചുള്ള യാത്രയിൽ വലിയ തിരക്കേറിയ നിരത്തിന് ഇരുവശവുമുള്ള വലിയ കെട്ടിട്ടങ്ങളും പള്ളിയും അതിന്റെ പ്രാധാന്യവുമെല്ലാം കത്യാന വിവരിക്കുന്നുണ്ടായിരുന്നു. വലിയൊരു പാർക്കിൽ ആളുകൾ ഭാണ്ഡക്കെട്ടുകളുമായിരിക്കുന്നു. അവർ
Homless ആയവരാണത്രേ . അന്തിയുറങ്ങാൻ ഇടം തേടിഎത്തിയവർ. സമ്പന്നതയുടെ നടുവിൽ വീടില്ലാത്തവർ പൊതു നിരത്തുകളും പാർക്കുകളും ബസ്റ്റാന്റുകളും റയിൽവേ സ്റ്റേഷനുകളും അഭയമാക്കുന്ന കാഴ്ച ലോകത്തെ പല വൻ നഗരങ്ങളിലും സാധാരണയാണെന്ന അറിവ് വല്ലാതെ വേദനിപ്പിച്ചു.
അഡിസ് അബാബയിലേക്ക്…
മടക്ക യാത്രയ്ക്ക്സാവോപോളോ എയർപോർട്ടിലെത്തി ചെക്കിൻ ചെയ്ത് എത്യോപ്യൻ എയർവെയ്സിൽ അഡിസ് അബാബയിലേക്ക്.. ബ്രസീലിൽ നിന്ന് അഡീസ് അബാബായിലെത്തിയപ്പോൾ മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണുണ്ടായത് . ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെല്ലാം അല്പവസ്ത്രധാരികളായ സ്ത്രീകളെയാണ് കണ്ടതെങ്കിൽ തലമുതൽ പാദംവരെ മറച്ചു പർദ്ദയണിഞ്ഞ സ്ത്രീകളാണ് അവിടെക്കണ്ടവരിൽ ബഹുഭൂരിപക്ഷവും.
അഡിസ് അബാബയിൽനിന്ന് ബോംബെയിലേക്കുള്ള ഫ്ളൈറ്റിന് ഇനിയും സമയമുണ്ട്. ഫോൺ ചാർജ് തീർന്നതിനാൽ ഗേറ്റിലെത്തി ചാർജ് ചെയ്യാൻ സൗകര്യമുള്ള ഒരിടത്തേയ്ക്ക് ചെന്നു. അവിടെ മേശപ്പുറത്ത് ഫോൺ ചാർജ്ജ് ചെയ്യാൻ വച്ചിട്ട് കുറേ പേർ നിരത്തിയിട്ട ചാരു കസേരയിൽ വിശ്രമിക്കുന്നു. ഞങ്ങൾ അവിടെച്ചെല്ലുന്നതു കണ്ട് കസേരയിലുണ്ടായിരുന്ന ഒരു കറുത്തവർഗ്ഗക്കാരനായ ചെറുപ്പക്കാരൻ എഴുന്നേറ്റ് അയാളുടെ കസേര ഞങ്ങളുടെ നേരേ നീക്കിയിടുകയും കുറച്ചകലെയുള്ള മറ്റൊരു കസേര എടുത്തുകൊണ്ടു വന്ന് ഞങ്ങളെ രണ്ടുപേരെയും കസേരകളിലിരുത്തുകയും ചെയ്തിട്ട് കുറച്ചു മാറിയുള്ള ഒന്നിൽ അയാൾ ചെന്നിരുന്നു.
അർജന്റ്റീനയിൽ വച്ച് ഗൈഡായ മരിയ കറുത്തവർഗ്ഗക്കാരെക്കുറിച്ച്, ‘അവർ danger ആണെ’ന്ന് പറഞ്ഞത് ഞാനോർത്തു. എല്ലാനാട്ടിലും കറുപ്പിനോട് വച്ചുപുലർത്തുന്ന ഒരു മിഥ്യാധാരണയാണ് ഈ പ്രതിഭാസം. കറുപ്പിനെയും നിസ്വരെയും വെറുക്കുന്ന ലോകം പൊതുവേ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിനും ഫാസിസത്തിനും സമ്പന്നതയും വെണ്മയുമാണ് വേണ്ടത്. അതിനനുസരിച്ചുള്ള മനുഷ്യബോധം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.
അഡീസ് അബാബായിൽനിന്ന് രാവിലെ മുംബൈയിലെത്തിയ ഞങ്ങൾ കേരള ഹൌസിൽ പോയി വിശ്രമിച്ചിട്ടാണ് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ യത്രയായത്. നാടായ നാടെല്ലാംചുറ്റി ഇന്ത്യയിലെത്തി ബോംബെയിലെ കേരളഹൗസിലേയ്ക്കു പോയി വന്നപ്പോഴുള്ള റോഡിനിരുപുറ വുമുള്ള കാഴ്ച വല്ലാതെ നിരാശപ്പെടുത്തി. ധാരാവിയെന്നും അന്ധേരിയെന്നും ചൂണ്ടുപലക വച്ചിട്ടുള്ളതിനോടു ചേർന്നുള്ള തുണികളും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ടു മറച്ച കുടിലുകൾ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ നേരവസ്ഥ തുറന്നു കാട്ടുന്നതാണ്. മഹാവീഥിയിലെ അഴുക്കും പൊടിയും നിറഞ്ഞ കുടികിടപ്പുകൾ ഞങ്ങൾ സഞ്ചരിച്ച നാട്ടിലെങ്ങും കണ്ടില്ല.
19 ദിവസത്തെ ദീർഘയാത്ര കഴിഞ്ഞ് മാർച്ച് 11 ന് തിരിച്ചെത്തിയിട്ടും പോയനാടുകളിൽ ഇനിയും കാണാനേറെയുണ്ട് എന്ന തോന്നൽ ബാക്കി. ഇനി അടുത്ത യാത്ര എങ്ങോട്ട് എന്ന് അന്വേഷിക്കുന്ന സുഹൃത്തുക്കളോട് ഇനിയും എത്രയോ യാത്രകൾ ബാക്കിയുണ്ട് എന്നാണ് ഈ യാത്രോന്മാദിയ്ക്ക് പറയാനുള്ളത്.