തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ വാർഡുകളിലും കളിക്കളങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പലയിടത്തും കുട്ടികൾക്ക് കളിക്കാൻ ഇടമില്ല. ഇക്കാര്യം കായികവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധിക്കണം. കളിക്കളങ്ങൾ ആളുകൾക്ക് ഒത്തുചേരാനുള്ള സ്ഥലമായി മാറണം. കായികരംഗത്ത് കൂടുതൽ മികവോടെ മുന്നേറണം. ഇതിന് വിവിധ മേഖലകളുടെ ഏകോപനമുണ്ടാകണം. ആരോഗ്യക്ഷമത വർധിപ്പിക്കാനാവശ്യമായ ഇടപെടലുകളുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, കായികവകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ, കായികവകുപ്പ് അഡീഷണൽ ഡയറക്ടർ എ എൻ സീന എന്നിവർ സംസാരിച്ചു.