പാരിസ്
മഹാസമുദ്രങ്ങൾ പായ്വഞ്ചിയിൽ ഒറ്റയ്ക്ക് താണ്ടുന്ന സാഹസികയാത്രയായ ഗോൾഡൻ ഗ്ലോബിൽ മലയാളിയായ അഭിലാഷ് ടോമി ആദ്യമായി മുന്നിൽ. യാത്ര 226 ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യൻ നേവി റിട്ട. കമാൻഡറായ അഭിലാഷിന്റെ കുതിപ്പ്. മത്സരത്തിലെ ഏക വനിതയായ ദക്ഷിണാഫ്രിക്കക്കാരി കിർസ്റ്റൺ ന്യൂസ്കഫറിനെയാണ് പിന്തള്ളിയത്. എന്നാൽ, ജേതാവാകാൻ ഇനിയും ലീഡ് വർധിപ്പിക്കണം. സെപ്തംബർ നാലിന് ഫ്രാൻസിലെ കടൽത്തീരനഗരമായ ലേ സാബ്ലേ ദെലോണിൽനിന്ന് തുടങ്ങിയ യാത്ര, രണ്ടാഴ്ചക്കുള്ളിൽ അവിടെത്തന്നെ അവസാനിക്കും. 3,00,000 മൈലാണ് (ഏകദേശം 48,000 കിലോമീറ്റർ) മത്സരദൂരം. ഇനി ഏകദേശം 2150 കിലോമീറ്ററാണ് ബാക്കി.
കിർസ്റ്റണേക്കാൾ 50 കിലോമീറ്റർമാത്രം മുന്നിലാണ് അഭിലാഷ്. പോർച്ചുഗൽ തീരത്തുകൂടിയാണ് ഇപ്പോൾ യാത്ര. ‘ബയാനത്ത്’ എന്ന പായ്വഞ്ചിയിൽ കാറ്റിന്റെ ആനുകൂല്യത്തിൽ അഭിലാഷിന് അതിവേഗം സഞ്ചരിക്കാനാകുന്നുണ്ട്. കിർസ്റ്റൺ കാറ്റ് കുറഞ്ഞ ഭാഗത്താണുള്ളത്. സഹതാരം ടാപിയോ ലെഹ്തിനെൻ അപകടത്തിൽപ്പെട്ടപ്പോൾ ഇരുവരും രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു. അതുവഴി 35 മണിക്കൂറിന്റെ അധികസമയം കിർസ്റ്റണുണ്ട്. അഭിലാഷിന് 12 മണിക്കൂറാണ് അധികസമയം. ഒരു വനിതയടക്കം 16 പേരാണ് മത്സരത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ മൂന്നുപേരാണ് അവശേഷിക്കുന്നത്. ഓസ്ട്രിയയുടെ മൈക്കൽ ഗുഗൻ ബെർജർ മൂന്നാംസ്ഥാനത്തുണ്ട്.
ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമുദ്രസഞ്ചാരമായാണ് ഗോൾഡൻ ഗ്ലോബ് വിലയിരുത്തപ്പെടുന്നത്. പായ്വഞ്ചിയിൽ എവിടെയും നിർത്താതെ, കാറ്റിന്റെ ഗതിക്കനുസരിച്ച് ആരുടെയും സഹായം തേടാതെയാണ് യാത്ര. ആധുനിക യന്ത്രസംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാൻ പാടില്ല. ദിശ അറിയാൻ വടക്കുനോക്കി യന്ത്രവും ഭൂപടവുംമാത്രം. എറണാകുളം കണ്ടനാട് സ്വദേശിയായ അഭിലാഷ് ടോമി ഗോവയിലാണ് താമസം.