മംഗളൂരു
കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ സമ്പത്ത് അഞ്ച് വർഷംകൊണ്ട് 62 ശതമാനം വർധിച്ച് 1358 കോടി രൂപയായി. കനക്പുര മണ്ഡലത്തിലെ സ്ഥാനാർഥിയായ ശിവകുമാർ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം വെളിപ്പെടുത്തിയ സ്വത്ത് വിവരമാണിത്. ഇതുവരെ സ്വത്ത് വെളിപ്പെടുത്തിയ സ്ഥാനാർഥികളിൽ സമ്പത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ശിവകുമാർ.
1622 കോടി രൂപയുടെ സ്വത്തുള്ള ചിക്പെട്ടിലെ സ്വതന്ത്ര വനിതാ സ്ഥാനാർഥി ഷസിയാ തരാനൗ ആണ് ഏറ്റവും ധനിക. മുൻ കോൺഗ്രസ് എംഎൽസി കെജിഎഫ് ബാബുവിന്റെ ഭാര്യയാണ് ഷസിയാ. ജെഡിഎസ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കുടുംബ സ്വത്തിന്റെ മൂല്യം 181.29 കോടി രൂപയാണെന്ന് വെളിപ്പെടുത്തി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമി 74 കോടി രൂപയുടെ സ്വത്താണ് വെളിപ്പെടുത്തിയത്. ബി എസ് യെദ്യൂരപ്പയുടെ മകൻ ശിക്കാരിപ്പുര സ്ഥാനാർഥി ബി വൈ വിജയേന്ദ്രയ്ക്ക് 126.18 കോടി രൂപയുടെ സ്വത്തുണ്ട്.