കോട്ടയം
പല സംസ്ഥാനങ്ങളിലും റബർ കൃഷിയുണ്ടെങ്കിലും കേരള സർക്കാർ കർഷകർക്ക് നൽകുന്നതുപോലുള്ള സഹായങ്ങൾ മറ്റിടങ്ങളിൽ നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റബർ ഇറക്കുമതി അവസാനിപ്പിക്കുകയോ കർശനമായി ചുരുക്കുകയോ ചെയ്യാൻ പ്ലാറ്റിനം ജൂബിലി വർഷത്തിൽ റബർ ബോർഡിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
1947 ഏപ്രിൽ 18ന് നിലവിൽ വന്ന റബർ ആക്ടിന്റെയും ബോർഡിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനത്തിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റബർ കർഷകർക്കും തൊഴിലാളികൾക്കും വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കിവരുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്താദ്യമായി ഇത്തവണ ബജറ്റ് വിഹിതം 600 കോടി രൂപ ഇതിനായി നീക്കിവച്ചത് കേരള സർക്കാരാണ്. ഹെക്ടർ ഒന്നിന് കൃഷിക്ക് 25,000 രൂപയും റെയിൻ ഗാർഡിങ്ങിന് 5,000 രൂപയും മരുന്ന് തളിക്കാൻ 7,500 രൂപയും സർക്കാർ നൽകും. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ കൃഷിയുണ്ടെങ്കിലും ഈ സാമ്പത്തികസഹായം മറ്റൊരിടത്തുമില്ല. പ്രതിസന്ധി കാലത്തും ബോർഡിന്റെ സേവനം വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.