കൊച്ചി
ആയുഷ് മേഖലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് ഏകീകൃതരൂപം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളുടെ വികസനവുമായി ബന്ധപ്പെട്ട് ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ കേന്ദ്രചികിത്സാ വകുപ്പിന്റെകൂടി സഹകരണത്തോടെ പുതിയ പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് നിർദേശം നൽകി. എറണാകുളം ജില്ലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ നിർമിച്ച ഐപി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എറണാകുളം ജനറൽ ആശുപത്രിയിൽ ന്യൂറോ സർജനെ നിയമിക്കുന്നതിന് നടപടി പുരോഗമിക്കുകയാണ്. ജനറൽ ആശുപത്രിയിൽ തസ്തിക സൃഷ്ടിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ യോഗം ഉടൻ ചേരുമെന്നും മന്ത്രി പറഞ്ഞു.എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിലെ കാലതാമസങ്ങളും പരാതികളും പരിഹരിക്കാൻ നടപടി സ്വീകരിക്കും.
രണ്ട് കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ഹോമിയോ ആശുപത്രി മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയായി മാറ്റിയത്. 25 കിടക്കകൾ, ക്ലിനിക്കൽ ലബോറട്ടറി, പെയിന്‍ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്, എമർജൻസി റൂം, അടുക്കള, ജനറൽ വാർഡ്, പേ വാർഡ്, ഓഫീസ്, യോഗ കേന്ദ്രം എന്നിവയാണ് പുതിയ ഐപി ബ്ലോക്കിലുള്ളത്.
ഹൈബി ഈഡൻ എംപി ചടങ്ങില്‍ അധ്യക്ഷനായി. ടി ജെ വിനോദ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, സ്ഥിരംസമിതി അധ്യക്ഷരായ എം ജെ ജോമി, ആശ സനിൽ, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ ശാരദ മോഹൻ, മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, എൽസി ജോർജ്, കൗൺസിലർ ബിന്ദു ശിവൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം എസ് നൗഷാദ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ നിഖിലേഷ് മേനോൻ, ആശുപത്രി സൂപ്രണ്ട് മേഴ്സി ഗോൺസാൽവസ്, ഫിനാൻസ് ഓഫീസർ ജോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.