ന്യൂഡൽഹി
സ്വവർഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം തേടിയുള്ള ഹർജികൾ നിലനിൽക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് മുമ്പാകെ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്ന വാദത്തിൽ ഉറച്ചുനിന്നു. പാർലമെന്റിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണിത്. ആ വിഷയത്തിൽ കോടതി ആദ്യം തീരുമാനമെടുക്കണം. അതിനുശേഷമേ വാദംകേൾക്കലിലെ പ്രശ്നം ഉദിക്കുന്നുള്ളൂവെന്നും തുഷാർമെഹ്ത പറഞ്ഞു.
എന്നാൽ, ‘എന്ത് പരിഗണിക്കണം, എന്ത് പരിഗണിക്കേണ്ട എന്ന് തീരുമാനിക്കുന്നത് കോടതിയെ നിയന്ത്രിക്കുന്ന ഞാനാണ്. ആരും എന്നോട് ഉത്തരവിടേണ്ട കാര്യമില്ല’–ചീഫ് ജസ്റ്റിസ് തുറന്നടിച്ചു. നിലവിലെ സാഹചര്യത്തിൽ, സ്വവർഗവിവാഹങ്ങൾക്ക് സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം അംഗീകാരം നൽകുന്നതിൽ ആദ്യം തീരുമാനമെടുക്കുന്നതായിരിക്കും ഉചിതമെന്ന് ഭരണഘടനാബെഞ്ച് നിർദേശിച്ചു. വ്യക്തിനിയമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ലെന്നും ഭരണഘടനാബെഞ്ച് കൂട്ടിച്ചേർത്തു. വിവിധ ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗി, കെ വി വിശ്വനാഥൻ, മേനകാഗുരുസ്വാമി, അഭിഷേക് മനു സിങ്വി തുടങ്ങിയവർ സ്വവർഗവിവാഹത്തിന് അംഗീകാരം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വാദിച്ചു. ലിംഗപദവി ലൈംഗികാവയവങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള കാര്യമാണെന്ന കാഴ്ച്ചപ്പാട് മാറേണ്ടതുണ്ടെതുണ്ടെന്ന് ചീഫ്ജസ്റ്റിസ് നിരീക്ഷിച്ചു. ബുധനാഴ്ചയും വാദംകേൾക്കും.