കീവ്
ഉക്രയ്ൻ യുദ്ധമേഖലകൾ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുദ്ധം പതിനാലാം മാസത്തിലേക്ക് കടക്കാനിരിക്കെയാണ് ലുഹാൻസ്ക് സന്ദർശനം. ഖെർസണിലെ റഷ്യൻ കമാൻഡ് പോസ്റ്റിൽ വിമാനമാർഗം എത്തിയ അദ്ദേഹം ലുഹാൻസ്കിലേക്ക് ഹെലികോപ്ടറിൽ പോകുന്ന ദൃശ്യങ്ങൾ റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടു.
തിങ്കളാഴ്ചയായിരുന്നു സന്ദർശനം. രണ്ടുമാസത്തിൽ രണ്ടാംതവണയാണ് പുടിൻ ഉക്രയ്നിൽനിന്ന് റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ സന്ദർശിക്കുന്നത്. ഖെർസണിലും ലുഹാൻസ്കിലും അദ്ദേഹം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
മേഖലയിൽ ഞായറാഴ്ച ആഘോഷിച്ച ഈസ്റ്ററിനോട് അനുബന്ധിച്ച് സൈനികർക്ക് സമ്മാനങ്ങളും നൽകി. അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങൾ നൽകിയ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഉക്രയ്ൻ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങവെയാണ് പുടിന്റെ സന്ദർശനം. അതേസമയം, ബ്രസീൽ സന്ദർശിച്ച റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ് ഉക്രയ്നുമായുള്ള പ്രശ്നങ്ങൾ തീർക്കാൻ മുൻകൈയെടുക്കുന്ന ബ്രസീലിന്റെ നടപടിക്ക് നന്ദി പറഞ്ഞു. ഉക്രയ്ന് ആയുധങ്ങൾ നൽകില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വ്യക്തമാക്കിയിരുന്നു.