ഉന്നാവോ
ക്രമസമാധാനവും നിയമവ്യവസ്ഥയും തകർന്ന ഉത്തർപ്രദേശിൽ വീണ്ടും മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന ക്രൂരത. കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി ഇരയുടെ വീടിന് തീയിട്ടു. ഇര ജന്മംനൽകിയ കുഞ്ഞിനെയും ബന്ധുവിന്റെ കുഞ്ഞിനെയും തീയിലെറിഞ്ഞ് ചുട്ടുകൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടികൾ കാൺപുരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉന്നാവോ ജില്ലയിലെ മൗറവാനിലെ ഗ്രാമത്തിൽ തിങ്കൾ രാത്രിയാണ് സംഭവം. പതിമൂന്നുകാരിയായ ദളിത് പെൺകുട്ടിയെ കഴിഞ്ഞ വർഷം ഫെബ്രുവരി പതിമൂന്നിനാണ് അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് ജാമ്യത്തിലിറങ്ങിയ മൂന്ന് പ്രതികളും സംഘവും തിങ്കൾ രാത്രി പത്തോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടുകാർ തയ്യാറല്ലെന്ന് അറിയിച്ചതോടെ പെൺകുട്ടിയെയും അമ്മയെയും അച്ഛനെയും ക്രൂരമായി മർദിച്ചു. വീട് പൂർണമായും കത്തിനശിച്ചു. ഇരയായ പെൺകുട്ടി കഴിഞ്ഞ സെപ്തംബറിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഈ കുട്ടിയെയും ബന്ധുവിന്റെ രണ്ടു മാസം പ്രായമായ കുഞ്ഞിനെയുമാണ് പ്രതികൾ തീയിലെറിഞ്ഞത്. പെൺകുട്ടിയുടെ അമ്മയും അച്ഛനും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് പ്രതികൾക്കൊപ്പമാണെന്ന് ഇവർ ആരോപിച്ചു. ഏഴുപേർക്കെതിരെ കേസെടുത്തു. റോഷൻ, സതീഷ്, രഞ്ജിത്, രാജ് ബഹദൂർ, ചന്ദൻ, സുഖ്ദിൻ, അമൻ ഡോം എന്നിവർക്കെതിരെയാണ് കേസെടുത്തത്.