ന്യൂഡൽഹി
മുല്ലപ്പെരിയാർ അണക്കെട്ടിനുവേണ്ടി സംസ്ഥാന ഡാം സുരക്ഷാ ഓർഗനൈസേഷൻ (എസ്ഡിഎസ്ഒ) രൂപീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി മേഖലാ ഡയറക്ടർ ചെയർമാനായുള്ള നാലംഗ സമിതിയാണ് രൂപീകരിച്ചത്. അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്റെ പ്രതിനിധിയും അംഗമാകും. സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയെക്കുറിച്ച് സുപ്രീംകോടതി ചോദിച്ചപ്പോഴാണ് എസ്ഡിഎസ്ഒ രൂപീകരിച്ചത് കേന്ദ്രം അറിയിച്ചത്. അണക്കെട്ട് കേരളത്തിലും ഉടമസ്ഥർ തമിഴ്നാടുമായതിനാൽ സ്പെസിഫൈഡ് ഡാം പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടപടിയെന്നും കേന്ദ്രം പറഞ്ഞു. ഉത്തരവും സർക്കാർ അഭിഭാഷകൻ കൈമാറി. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഓരോ പ്രതിനിധിയെ അംഗങ്ങളാക്കും. ദേശീയ ഡാം സുരക്ഷാ അതോറിറ്റി റീജണൽ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ ഓർഗനൈസേഷൻ മെമ്പർസെക്രട്ടറിയാകും. താൽക്കാലിക സംവിധാനമായി പ്രവർത്തിച്ച മുല്ലപ്പെരിയാർ മേൽനോട്ടസമിതി ഇല്ലാതാകും. കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകരായ ജയ്ദീപ്ഗുപ്ത, ഹരേൺ പി റാവൽ, അഡ്വ. ജി പ്രകാശ് തുടങ്ങിയവർ ഹാജരായി.