ന്യൂഡൽഹി
മണിപ്പുർ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങിനെ നീക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രിമാരുൾപ്പെടെ 12 ബിജെപി എംഎൽഎമാർ ഡൽഹിയിൽ. ബീരേൻ സിങ്ങിന്റെ ശൈലി ശരിയല്ലെന്നും വികസന വാഗ്ദാനം നിറവേറ്റാത്ത ബിജെപി ഭരണം നിരാശയാണെന്നുമാണ് എംഎൽഎമരാരുടെ ആരോപണം.
മണിപ്പുരിന്റെ ജനസംഖ്യയിൽ 30 ശതമാനത്തോളമുള്ള, മലനിരകളിലെ പ്രബലരായ കുക്കി വിഭാഗക്കാരായ എംഎൽഎമാരായതിനാൽ കേന്ദ്രനേതൃത്വവും പ്രതിസന്ധിയിലാണ്. ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്രനേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും ബീരേൻസിങ്ങിനെ മാറ്റില്ലെന്നാണ് നിലപാട്.
2008ൽ കുക്കി വിമതരുമായി ഒപ്പുവച്ച വെടിനിർത്തൽ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുന്നതായി കഴിഞ്ഞമാസം ബീരേൻസിങ് പ്രഖ്യാപിച്ചതാണ് നിലവിലെ പ്രകോപന കാരണം. വിമത ഗ്രൂപ്പുകളായ കുക്കി നാഷണൽ ആർമി, സോമി റവല്യൂഷണറി ആർമി എന്നിവയുമായി സംസ്ഥാനവും കേന്ദ്രവും ഒപ്പുവച്ച ത്രികക്ഷി കരാറിൽനിന്നാണ് പിന്മാറിയത്. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശക പദവി ഹീറോക്ക് എംഎൽഎ തോക്ചോം രാധേശ്യാം സിങ്ങും മണിപ്പുർ ടൂറിസം കോർപറേഷൻ ചെയർമാൻ സ്ഥാനം ലംഗ്തബാൽ എംഎൽഎ കരാം ശ്യാമും രാജിവച്ചു.
സംസ്ഥാനത്ത് അധ്യാപകർക്ക് പെൻഷൻ മുടങ്ങിയത് പലതവണ ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ലെന്ന് വീഡിയോ സന്ദേശത്തിൽ പറഞ്ഞ രാധേശ്യാം, അധികാരത്തിന്റെ മറവിൽ ചിലർ അനധികൃത മാർഗങ്ങളിലൂടെ സമ്പത്ത് വാരിക്കൂട്ടുകയാണെന്നും കുറ്റപ്പെടുത്തി.