ലഖ്നൗ
രാജ്യത്ത് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. അവിടെ ഓരോ മൂന്നു മണിക്കൂറിലും ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകൾ പീഡനങ്ങൾക്ക് ഇരയാകുകയും ദാരുണമായി കൊലചെയ്യപ്പെടുകയും ചെയ്യുമ്പോഴും അധികൃതരുടെയും പൊലീസിന്റെയും കുറ്റകരമായ ഉദാസീനത തുടർക്കഥയാണ്.
2020ലെ ഹാഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി കൊല്ലപ്പെട്ടതിൽ രാജ്യവ്യാപക പ്രക്ഷോഭം അലയടിച്ചു. പെൺകുട്ടിയുടെ മൃതദേഹം രാത്രിയിൽ സംസ്കരിച്ച പൊലീസ് നടപടിയും വിവാദമായി. 2017ൽ ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സെൻഗാർ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഇര തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പുറത്തുവന്നത്. ഈ കേസുകളിൽ അലഹബാദ് ഹൈക്കോടതി നിർദേശിച്ചശേഷംമാത്രമാണ് പൊലീസ് നടപടിക്ക് തയ്യാറായത്.
2019ൽ ഉന്നാവോയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെ രണ്ട് പ്രതികൾ ചേർന്ന് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു. 2022 പിലിബിത്തിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം തീകൊളുത്തിക്കൊന്നു.