കൊച്ചി
നീലവെളിച്ചം സിനിമയെ “പുനർഭാവന’എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് സംവിധായകൻ ആഷിക് അബു. റീ മേക്ക് എന്ന് വിളിക്കുന്നതിലും തെറ്റില്ല. നിറങ്ങളും മികച്ച ശബ്ദസംവിധാനങ്ങളുമുള്ള ഈ കാലഘട്ടത്തിൽ, പുതുതലമുറ സിനിമാക്കാർ ഒരുക്കിയ ഒരു പുനർഭാവനയാണ് നീലവെളിച്ചം. നിറങ്ങളില്ലാത്ത സമയത്ത് സംഭവിച്ച സിനിമയാണ് പഴയ നീലവെളിച്ചം. ചിത്രം വ്യാഴാഴ്ച ലോകമെമ്പാടുമുള്ള നൂറിലധികം തിയറ്റുകളിൽ റിലീസാകും. തിയറ്ററിൽ കാണേണ്ട ഒരു ചിത്രമാണിത്. അതിനായി സിനിമയ്ക്കുവേണ്ടി കുറേ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ആഷിക് അബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിനിമയിലെ പാട്ടിന്റെ പകർപ്പവകാശ വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന അറിവേ തനിക്കുള്ളൂ. നിലവിൽ പകർപ്പവകാശ തർക്കമോ മറ്റു കേസുകളോ ഒന്നുമില്ലെന്നും ഒരു ഹൊറർ സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് ബഷീറിന്റെ നീലവെളിച്ചത്തിലേക്ക് എത്തിച്ചതെന്നും ആഷിക് അബു പറഞ്ഞു.
ഇതുവരെ താൻ ചെയ്യാത്തതരത്തിലുള്ള കഥാപാത്രമാണ് നീലവെളിച്ചത്തിലേതെന്ന് നടൻ ടൊവിനോ തോമസ് പറഞ്ഞു. സങ്കൽപ്പത്തിലുള്ള ഒരു കഥാപാത്രവുമായി സംസാരിച്ച് അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും പുതിയ പാഠവുമായിരുന്നു. മധു ചെയ്ത ബഷീർ കഥാപാത്രത്തെ ഒരിക്കലും അനുകരിക്കാതെ തനതായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.
പ്രേംനസീർ എന്ന പ്രതിഭ ചെയ്ത കഥാപാത്രത്തെ പൂർണ ബഹുമാനത്തോടെ സത്യസന്ധമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് നടൻ റോഷൻ മാത്യു പറഞ്ഞു. ബഷീർ എന്ന പ്രതിഭ സൃഷ്ടിച്ച ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ മനോഹരമായ അനുഭവമാണെന്ന് നടി റിമ കല്ലിങ്കൽ പറഞ്ഞു. സംഗീതസംവിധായകൻ ബിജി ബാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.