ന്യൂഡൽഹി
പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെന്ന് തുറന്നടിച്ച് മുൻ കരസേനാ മേധാവി ജനറൽ ശങ്കർ റോയ്ചൗധരി. മോദിയെ ഉപദേശിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ഒഴിഞ്ഞുമാറാനാകില്ല. ആക്രമണം കേന്ദ്രത്തിന് കനത്ത തിരിച്ചടിയാണെന്നും മുൻ കശ്മീർ ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കവെ അദ്ദേഹം ദേശീയമാധ്യമത്തോട് പറഞ്ഞു.
ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ കൈകഴുകുകയാണ്. പരാജയത്തിന് അവകാശികളില്ലെന്നും അദ്ദേഹം പരിഹസിച്ചു. വിമാനങ്ങൾ ആഭ്യന്തരമന്ത്രാലയം വിട്ടുനൽകിയിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിനോടും മുൻ കരസേനാ മേധാവി യോജിച്ചു. വിമാനത്തിൽ അർധ സൈനികരെ കൊണ്ടുപോയിരുന്നെങ്കിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുള്ള ആക്രമണം ഒഴിവാക്കാമായിരുന്നു. ഇന്റലിജൻസ് പരാജയമാണ് ഭീകരാക്രമണത്തിലേക്ക് നയിച്ചതെന്ന വെളിപ്പെടുത്തലും അദ്ദേഹം അംഗീകരിച്ചു. 2019 ഫെബ്രുവരി 14നാണ് രണ്ടായിരത്തോളം സിആർപിഎഫ് ജവാന്മാരുമായി നീങ്ങിയ സൈനികവ്യൂഹം പുൽവാമയിൽ ആക്രമിക്കപ്പെട്ടത്.
പുൽവാമയിലെ ഇന്റലിജൻസ് വീഴ്ചയെപ്പറ്റി പറഞ്ഞപ്പോൾ മിണ്ടരുതെന്ന് മോദി താക്കീത് നൽകിയെന്നായിരുന്നു അന്നത്തെ കശ്മീർ ഗവർണർ കൂടിയായിരുന്ന സത്യപാൽ മലിക് ദ വയറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.