തിരുവനന്തപുരം
മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫിന്റെ കത്ത് ക്രൈസ്തവ സഭകളിലെ യുഡിഎഫ് അനുകൂലികളുടെ വികാരമാണെന്നും അതിനെ കെ സുധാകരൻ ആക്ഷേപിച്ചത് ശരിയായില്ലെന്നും നേതൃതലത്തിൽ ചർച്ച. കോൺഗ്രസിന്റെ പല നിലപാടുകളും നിലവിലുള്ള നേതൃത്വത്തിന്റെ പിടിപ്പുകേടുകളും ക്രൈസ്തവ സഭകളിലെ ഗ്രൂപ്പുകളിൽ സജീവ ചർച്ചയാണ്. യുഡിഎഫിനൊപ്പം നിന്ന, വിവിധ താൽപ്പര്യങ്ങളുള്ള ചില വൈദികർ ബിജെപിയുമായി ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നെങ്കിലും ഒപ്പമുള്ള സമൂഹം അതിന് തയ്യാറല്ല. പക്ഷേ, കോൺഗ്രസ് നേതൃത്വം അത് മനസ്സിലാക്കി ഇടപെടുന്നില്ല എന്നതാണ് ചർച്ചയുടെ കാതൽ. ഇക്കാര്യമാണ് കെ സി ജോസഫിന്റെ കത്തിലെ ഊന്നൽ.
ഉമ്മൻചാണ്ടികൂടി നിശ്ശബ്ദനായതോടെ പ്രശ്നങ്ങൾ പറയാൻ കോൺഗ്രസിൽ ആരെ സമീപിക്കുമെന്ന പ്രതിസന്ധി തങ്ങൾക്കുണ്ടെന്ന് മധ്യകേരളത്തിലെ ഒരു വൈദികൻ പറഞ്ഞു. കെ സുധാകരന് കണ്ണൂരിനു പുറത്തോ വി ഡി സതീശന് പറവൂരിനു പുറത്തോ കാര്യമായ ബന്ധമില്ല. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നവർക്ക് ആശയക്കുഴപ്പമില്ല. അവർക്ക് അവരുടേതായ വേദികളുണ്ട്–- വൈദികൻ പറഞ്ഞു.
റബർ വില കൂട്ടുമെന്നും ക്രൈസ്തവർ സുഹൃത്തുക്കളാണെന്നും മറ്റും പറഞ്ഞ് അരമനകളും വീടുകളും കയറുന്നവരുടെ കാപട്യം പല സഭാ ഗ്രൂപ്പുകളിലും ചർച്ചയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിറ്റേന്ന് കത്തിയെടുത്ത് വരുന്നവരുടെ സംഘമാണെന്ന് തിരിച്ചറിയണമെന്ന ഓർമപ്പെടുത്തലും. ആർഎസ്എസ്–-ബിജെപി നീക്കത്തെ തള്ളിപ്പറഞ്ഞ പല പള്ളി കമ്മിറ്റികളെയും ഒതുക്കാൻപോലും അടുത്തകാലത്ത് ശ്രമമുണ്ടായി. കേസുകളിൽ പെട്ടവരും അനധികൃത സ്വത്ത് സമ്പാദിച്ചവരുമായ ചില വൈദികരാണ് ഇത്തരം ഇടപെടലിന് അവസരമൊരുക്കിയതെന്നും വിമർശമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ‘കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നു’വെന്ന കെ സി ജോസഫിന്റെ കത്തിലെ വാചകം തള്ളിപ്പറഞ്ഞത് സുധാകരന്റെ വിവരക്കേടാണെന്നാണ് പല മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം.
ആഞ്ഞടിച്ച് മുരളീധരൻ
ബിഷപ് ഹൗസ് സന്ദർശനത്തിനുശേഷം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കെ സി ജോസഫിനെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ വീണ്ടും കെ മുരളീധരൻ എംപി. കഴിഞ്ഞദിവസവും സുധാകരനെതിരെ ഈ വിഷയത്തിൽ മുരളീധരൻ വിമർശം ഉന്നയിച്ചിരുന്നു.
ബിഷപ് ഹൗസ് സന്ദർശിച്ചത് നന്നായെന്ന് പറഞ്ഞ മുരളീധരൻ അതിനുശേഷം നടത്തിയ പ്രസ്താവന അനുചിതമായെന്നും പറഞ്ഞു. കഴിഞ്ഞദിവസവും ഈ വിഷയത്തിൽ രൂക്ഷമായ പരാമർശങ്ങളാണ് മുരളീധരൻ നടത്തിയത്. കെ സി ജോസഫിന് എതിരായ സുധാകരന്റെ വിമർശം ദൗർഭാഗ്യകരമെന്നും പരസ്യ പ്രതികരണം വിലക്കിയ കെപിസിസി പ്രസിഡന്റ് തന്നെ ഇത്തരത്തിലുള്ള ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ലെന്നുമായിരുന്നു കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ട മുരളീധരൻ പറഞ്ഞത്. തനിക്ക് അനഭിമതരായ നേതാക്കൾക്കെതിരെ സുധാകരൻ നടത്തുന്ന പരാമർശങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിലുള്ള രോഷമാണ് മുരളീധരന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്.