പത്തനംതിട്ട > കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവെച്ചു. പത്തനംതിട്ട പ്രസ് ക്ലബിൽ ചേർന്ന യോഗത്തിലാണ് വിക്ടർ ടി തോമസ് രാജി കാര്യം അറിയിച്ചത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടനയായെന്നും യുഡിഎഫിൽ ഘടക കക്ഷികൾക്ക് യാതൊരുപ്രാധാന്യവും ലഭിക്കുന്നില്ലെന്നും വിക്ടർ ആരോപിച്ചു.
20 വർഷമായി കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്നു. പാർട്ടിയിലെയും മുന്നണിയിലെയും എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അറിയിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടിയുമായി തുടർന്ന് മുന്നോട്ട് വരുമെന്നും അത് എതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിക്ടർ കൂട്ടിചേർത്തു. പാർട്ടിക്കും മുന്നണിക്കുമെതിരെ ആഞ്ഞടിച്ചായിരുന്നു രാജി പ്രഖ്യാപനം.
തിരുവല്ല നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. സെറിഫെഡ് മുന്‍ ചെയര്‍മാനായിരുന്നു. കെഎസ്സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.