മനാമ > സൗദി സഖ്യസേന പിടികൂടിയ നൂറിലേറെ ഹുതി യുദ്ധതടവുകാരെ മോചിപ്പിച്ചു. യെമന്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ തടവുകാരെ കയ്യേറ്റം ചെയ്യുന്ന മൂന്നു ദിവസത്തെ കരാര്‍ പ്രകാരം 869 തടവുകാരെ മോചിപ്പിച്ചിരുന്നു. ഈ കരാര്‍ ഞയറാഴ്ച അവസാനിച്ചശേഷമാണ് സൗദി ഏപക്ഷീയമായി തടവുകാരെ മോചിപ്പിച്ചത്.
മോചിതരായ തടവുകാര്‍ അന്താരാഷ്ട്ര റെഡ് ക്രോസ് വിമാനങ്ങളിലായി സനയിലും ഏദനിലും എത്തി. 104 തടവുകാരെ വിട്ടയച്ചതോടെ വെള്ളി മുതല്‍ തിങ്കള്‍ വരെ മോചിതരായവരുടെ എണ്ണം 973 ആയി. യെമനിലെ ഹൂതി വിമതരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ചയുടെ ഭാഗമല്ല സൗദി മോചിപ്പിക്കല്‍ എനന്് റെഡ്ക്രോസ് മാധ്യമ ഉപദേഷ്ടാവ് ജെസിക്ക മൗസന്‍ പറഞ്ഞു. 2020 ന് ശേഷമുള്ള ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമാണ് കഴിഞ്ഞ മൂന്നു ദിവസം നടന്നത്. യെമന്‍ സര്‍ക്കാര്‍ സേനയുടെ കൈവശമുള്ള 706 തടവുകാര്‍ക്ക് പകരമായി സൗദികളും സുഡാനികളും ഉള്‍പ്പെടെ 181 തടവുകാരെ ഹൂതികള്‍ മോചിപ്പിക്കാനായിരുന്നു കരാര്‍. മോചിപ്പിച്ച സൗദികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയില്‍ എത്തി.
അതേസമയം, യെമന്‍ സമാധാന കരാര്‍ ചര്‍ച്ച പുരോഗമിച്ചു. യെമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ ജാബര്‍ ഹൂതികളുമായി ചര്‍ച്ചകള്‍ക്കായി സനയില്‍ എത്തി. യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈദ് അവധിക്കുമുപായി കരാറില്‍ എത്താന്‍ സാധ്യത കുറവാണെന്ന് ഹൂതി മിലിഷ്യ വൃത്തങ്ങള്‍ എഎഫപിയോട് പറഞ്ഞു. ചര്‍ച്ചകള്‍ ഇതുവരെ അന്തിമ ഫലത്തില്‍ എത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
സൗദി പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഒരു പരിഹാരത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഒമാന്‍ പ്രതിനിധികള്‍ക്കൊപ്പം പ്രതിസന്ധി പരിഹരിക്കുന്നതില്‍ മധ്യസ്ഥരാകാന്‍ ആഗ്രഹം പ്രകടിക്കുകയും ചെയ്തു. എന്നാല്‍ സൗദി കരാറിലെ കക്ഷിയാകണമെന്നും ഇടനിലക്കാരനാകരുതെന്നുമാണ് ഹൂതി നേതാക്കള്‍ ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാടെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം സൗദിയും ഇറാനും ബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനയുടെ മധ്യസ്ഥതയില്‍ കരാര്‍ ഒപ്പുവച്ചതോടെയാണ് യെമന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ വര്‍ധിച്ചത്.
2014ലാണ് യെമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹുതികള് തലസ്ഥാനമായ സന നിയന്ത്രണത്തിലാക്കി ആബെദ് റബ്ബോ മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ പുറത്താക്കി. 2015 ല്‍ ഇറാന് പിന്തുണയുള്ള ഹൂതികളില്‍നിന്നും യെമനെ മോചിപ്പിക്കാനായി സൗദി നേതൃത്വത്തില്‍ സഖ്യ സേന യുദ്ധം ആരംഭിച്ചു. എട്ടു വര്‍ഷം നീണ്ട യെമന്‍ സംഘര്‍ഷത്തില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര് മരിച്ചു. രാജ്യം രോഗത്തിന്റെയും പട്ടിണിയുടെയും പിടിയിലായി.