അഹമ്മദാബാദ്
‘ക്യാപ്റ്റനായാൽ ഇങ്ങനെവേണം. എല്ലാവരിലും ഈ ധൈര്യം കാണില്ല. സഞ്ജു പ്രത്യേക കളിക്കാരനാണ്. സഞ്ജു അടിത്തറ പാകി, ഷിംറോൺ ഹെറ്റ്മെയർ അത് പൂർത്തിയാക്കി’–ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ്ങിന് സഞ്ജു സാംസണെ പ്രശംസിച്ച് മതിയാകുന്നില്ല.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ സഞ്ജുവിന്റെ പ്രകടനത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം ഇരുപത്തെട്ടുകാരനെ വാഴ്ത്തുകയാണ്. 32 പന്തിൽ 60 റണ്ണാണ് നാലാമനായെത്തി മലയാളി വിക്കറ്റ് കീപ്പർ അടിച്ചുകൂട്ടിയത്. മൂന്നാംഓവറിൽ ജോസ് ബട്ലർ പുറത്തായപ്പോൾ ക്രീസിലെത്തിയ സഞ്ജു മടങ്ങിയത് പതിനഞ്ചാം ഓവറിൽ. ആകെ ആറ് സിക്സറും മൂന്ന് ഫോറും പായിച്ചു. 180 റൺ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ക്യാപ്റ്റന്റെയും ഹെറ്റ്മെയറിന്റെയും (26 പന്തിൽ 56*) ബാറ്റിലൂടെ ജയം പിടിക്കുകയായിരുന്നു.
ഗുജറാത്തിനെതിരെ അവരുടെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ സമ്മർദവുമായാണ് സഞ്ജു എത്തിയത്. കഴിഞ്ഞ രണ്ട് കളിയിലും റണ്ണെടുക്കാനാകാതെ പുറത്തായി. ക്രീസിലെത്തുമ്പോൾ ടീമിന് നാല് റണ്ണെടുക്കുമ്പോഴേക്കും രണ്ട് പ്രധാന വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞിരുന്നു. പവർപ്ലേയിൽ മുഹമ്മദ് ഷമി, അൽസാരി ജോസഫ് തുടങ്ങിയ കരുത്തുറ്റ ഗുജറാത്ത് പേസ്നിരയെ അതിജീവിച്ച് കരുതലോടെ സഞ്ജു ഉറച്ചുനിന്നു. 12 ഓവർ പൂർത്തിയായപ്പോൾ 4–-66 എന്ന നിലയിലായിരുന്നു രാജസ്ഥാൻ. 48 പന്തിൽ 112 റണ്ണായിരുന്നു ജയിക്കാൻ. 2.01 ശതമാനം മാത്രമായിരുന്നു വിജയസാധ്യത.
പതിമൂന്നാം ഓവറിൽ ചിത്രം മാറി. ലോക ക്രിക്കറ്റിലെ ഒന്നാംകിട സ്പിന്നറായ റഷീദ് ഖാനെ തുടർച്ചയായി മൂന്ന് സിക്സർ പറത്തി സഞ്ജു ഗിയർ മാറ്റി. ആദ്യത്തേത് ലോങ് ഓഫിലായിരുന്നു. പിന്നാലെയുള്ള രണ്ടും ഡീപ് മിഡ്വിക്കറ്റിലേക്കായിരുന്നു. ക്രിസ് ഗെയ്ലിനുശേഷം റഷീദിനെതിരെ ഹാട്രിക് സിക്സർ നേടുന്ന ആദ്യ താരമായി സഞ്ജു. ‘മത്സരം അനുകൂലമാക്കിയത് ഈ ഓവറാണ്. ഒരു വ്യക്തിയെ അല്ല, പന്തിനെയാണ് നേരിടേണ്ടതെന്നും അസാധ്യമായ ഒന്നുമില്ലെന്നും സഞ്ജു കാണിച്ചുതന്നു’–-മത്സരശേഷമുള്ള ടീം യോഗത്തിൽ രാജസ്ഥാൻ പരിശീലകൻ കുമാർ സംഗക്കാര പറഞ്ഞതിങ്ങനെ.
ഇരുപത്തൊമ്പത് പന്തിലാണ് ഐപിഎല്ലിലെ 19–-ാം അരസെഞ്ചുറി തികച്ചത്. നൂർ അഹമ്മദിന്റെ പന്തിൽ ഡേവിഡ് മില്ലർക്ക് പിടികൊടുത്ത് കളംവിടുമ്പോൾ 30 പന്തിൽ 64 റണ്ണായി ചുരുങ്ങി രാജസ്ഥാന്റെ വിജയലക്ഷ്യം. ‘ഏത് പ്രതിസന്ധിയിലും സ്വന്തം കഴിവിൽ വിശ്വാസമുണ്ടാകുക എന്നതാണ് പ്രധാനം. മഹേന്ദ്രസിങ് ധോണിയിൽ ഇത് കാണാമായിരുന്നു. ഗുജറാത്തിനെതിരെ സഞ്ജുവിന്റെ ഇന്നിങ്സ് ഇത്തരത്തിലുള്ള ഒന്നായിരുന്നു’–-ഹർഭജൻ കൂട്ടിച്ചേർത്തു. രാജസ്ഥാൻ കുപ്പായത്തിൽ മൂവായിരം റണ്ണും തികച്ചു നായകൻ. ലീഗിൽ കളിച്ച അഞ്ചിൽ നാലും ജയിച്ച് ഒന്നാമതാണ് സഞ്ജുവിന്റെ രാജസ്ഥാൻ.