ന്യൂഡൽഹി
തീവ്ര വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുക്കണമെന്ന സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നൽകിയ ഹർജിയിൽ ഡൽഹി പൊലീസിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. 2020ൽ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് മുന്നോടിയായി ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ, പർവേശ്വർമ എംപി തുടങ്ങിയവർ നടത്തിയ വിദ്വേഷപ്രസംഗങ്ങൾക്ക് എതിരെ കേസെടുക്കണമെന്നാണ് ഹര്ജി ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്. ‘രാജ്യത്തെ വഞ്ചിച്ചവർക്ക് നേരെ വെടിയുതിർക്കൂ’–- എന്ന അനുരാഗ് താക്കൂറിന്റെ വിവാദപരാമർശം ജസ്റ്റിസ് കെ എം ജോസഫ് വാദംകേൾക്കലിനിടെ എടുത്തുപറഞ്ഞു. സ്വമേധയാ കേസെടുക്കാൻ തക്കവണ്ണം ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്ന് ബോധ്യപ്പെട്ടാൽ പൊലീസ് കേസെടുക്കേണ്ടതായിരുന്നു. ലളിതാകുമാരി കേസിൽ സുപ്രീംകോടതി ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കേണ്ടതായിരുന്നുവെന്നും ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുമ്പ് മുൻകൂർ അനുമതി ആവശ്യമാണെന്ന നിഗമനം പ്രഥമദൃഷ്ട്യാ തെറ്റാണെന്ന ശ്രദ്ധേയനിരീക്ഷണവും ജസ്റ്റിസ് ജോസഫിൽ നിന്നുണ്ടായി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് രണ്ട് കത്തെഴുതിയതായി ബൃന്ദ കാരാട്ടിനുവേണ്ടി അഡ്വ. സിദ്ധാർഥ് അഗർവാൾ ചൂണ്ടിക്കാട്ടി.