‘യുപി നിയമവാഴ്ചയില്ലാത്ത നാടായി അധഃപതിച്ചു’ എന്ന് തുറന്നടിച്ച് രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്. ആതിഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളുടെ തുറന്നെഴുത്ത്.‘യുപിയിലെ ഹീനമായ അരാജകത്വത്തിന്റെ ഒടുവിലെ ഉദാഹരണമാണ് ഇരട്ടക്കൊലപാതം’ എന്ന് ‘ദ ഹിന്ദു’ ചൂണ്ടിക്കാട്ടി.യുപി സർക്കാരും പൊലീസും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിവേചനങ്ങൾ കാണിക്കുന്നെന്ന ഗുരുതര ആരോപണവും ‘ദ ഹിന്ദു’എടുത്തുപറഞ്ഞു. ആതിഖ് അഹ്മദിന്റെ കൊലപാതകം ആഘോഷിക്കുന്ന പ്രസ്താവനകളാണ് യുപിയിലെ ചില നേതാക്കളിൽനിന്നുണ്ടായതെന്ന് ‘ദ ഇന്ത്യൻ എക്സ്പ്രസ്’ ചോദിച്ചു.
ക്രമസമാധാന നില മെച്ചപ്പെട്ടെന്ന യുപി സർക്കാരിന്റെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇരട്ടക്കൊലപാതകമെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസ്’ എഴുതി. ഇരട്ടകൊല ‘യുപി സർക്കാരിന്റെ വൻപരാജയം’ എന്നാണ് ‘ടൈംസ് ഓഫ് ഇന്ത്യ’എഴുതിയത്. ക്രിമിനലുകളാണെന്നതുകൊണ്ട് അവരെ വകവരുത്താൻ ആർക്കും ലൈസൻസ് ഇല്ലെന്ന്‘ഡെക്കാൻ ഹെറാൾഡ്’ മുഖപ്രസംഗത്തിൽ വ്യക്തമാക്കി. ‘ജയ് ശ്രീരാം’ വിളിച്ചാണ് അക്രമികൾ കീഴടങ്ങിയതെന്ന് ‘ദ ടെലഗ്രാഫ്’ തലക്കെട്ട് നൽകി.
അതേസമയം, പുൽവാമ ആക്രമണത്തെക്കുറിച്ച് മുൻഗവർണർ സത്യപാൽ മലിക് കേന്ദ്രസർക്കാരിനെതിരെ നടത്തിയ വെളിപ്പെടുത്തലിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രപൂർവമായ നീക്കമായിരുന്നു ഇരട്ടകൊലപാതകങ്ങളെന്നും ആരോപണമുണ്ട്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉൾപ്പെടെയുള്ളവരാണ് ഈ ആരോപണമുന്നയിച്ചത്.