ന്യൂഡൽഹി
കശ്മീരിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ജമ്മു കശ്മീർ ഗവർണർ പദവിയിൽ അവരോധിച്ച സത്യപാൽ മലിക്കുതന്നെ, ഒടുവിൽ മോദിയുടെ വീഴ്ചകൾക്കെതിരായ ശബ്ദമായി. പുൽവാമ ഭീകരാക്രമണം ഇന്റലിജൻസ് വീഴ്ചയാണെന്നു പറഞ്ഞപ്പോൾ മിണ്ടരുതെന്ന് താക്കീത് നൽകിയെന്നതടക്കം വൻ സ്ഫോടനാത്മക വെളിപ്പെടുത്തലുകളാണ് മലിക് നടത്തിയത്. 1976നുശേഷം, കശ്മീർ ഗവർണറാകുന്ന ആദ്യ രാഷ്ട്രീയക്കാരനായ മലിക്, മോദിയുടെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും ഉറച്ച വിശ്വസ്തനുമായിരുന്നു.
കശ്മീരിനു പുറത്തുനിന്നുള്ളവർക്ക് ഭൂമിവാങ്ങാൻ അനുവദിക്കുന്ന ആർട്ടിക്കിൾ 35എ കേന്ദ്രം കൈകാര്യം ചെയ്തതിൽ ഭിന്നാഭിപ്രായമുണ്ടായിരുന്ന എൻ എൻ വോറയെ തെറിപ്പിച്ചാണ് ബിഹാർ ഗവർണറായിരുന്ന മലിക്കിനെ കേന്ദ്രം കശ്മീരിൽ അവരോധിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാതിരിക്കെ ഗവർണറെ സർക്കാരായി പരിഗണിച്ചാണ് കശ്മീരിന്റെ ചരിത്രപരമായ പ്രത്യേകതകൾ ഉൾക്കൊണ്ട് രൂപീകരിച്ച ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയത്. 2019 ആഗസ്ത് അഞ്ചിനായിരുന്നു ഇത്. തന്നോട് ആലോചിച്ചായിരുന്നില്ല തീരുമാനമെന്നാണ് മലിക്കിന്റെ വെളിപ്പെടുത്തൽ. അതേവർഷം ഫെബ്രുവരിയിലാണ് പുൽവാമ ആക്രമണവും. 2014ൽ മോദി അധികാരത്തിൽ എത്തിയപ്പോൾ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പദവിയിൽ മലിക്കിന് തുടർച്ചയുണ്ടായി. 2019 നവംബറിൽ ഗോവയിലേക്കും 2020 ആഗസ്തിൽ മേഘാലയയിലേക്കും മാറ്റം. 2021 മുതലാണ് മുൻ വിശ്വസ്തൻ മോദിയെയും കേന്ദ്ര സർക്കാരിനെയും ആക്രമിച്ച്ചരിത്രം
ചരൺ സിങ്ങിന്റെ ഭാരതീയ ക്രാന്തിദളിൽ തുടക്കം. 1984ൽ കോൺഗ്രസിൽ ചേർന്നു. പിന്നാലെ രാജ്യസഭാംഗം. ബൊഫോഴ്സ് അഴിമതിയിൽ പ്രതിഷേധിച്ച് മൂന്നുവർഷം കഴിഞ്ഞ് രാജി. 1988ൽ വി പി സിങ്ങിന്റെ- ജനതാദളിന്റെ സ്ഥാനാർഥിയായി ജയിച്ച് ലോക്സഭയിൽ. 1990 ഏപ്രിൽമുതൽ നവംബർവരെ കേന്ദ്രമന്ത്രി. 2004ൽ ബിജെപിയിലെത്തി. ആ വർഷത്തെ തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ മകൻ അജിത് സിങ്ങിനോട് തോറ്റു. 2012ൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പദവിയിൽ.