ന്യൂഡൽഹി
ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒമ്പതര മണിക്കൂറോളം ചോദ്യംചെയ്ത് സിബിഐ. ഞായർ പകൽ പതിനൊന്നരയോടെ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി ഒമ്പതിനാണ് അവസാനിച്ചത്. പതിനൊന്നോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിനൊപ്പം രാജ്ഘട്ടിൽ എത്തി ആദരം അർപ്പിച്ചശേഷമാണ് സിബിഐ ആസ്ഥാനത്തേക്ക് പോയത്. സത്യസന്ധമായി ചോദ്യങ്ങൾക്ക് മറുപടി പറയുമെന്ന് മാധ്യമപ്രവർത്തകരോടു പറഞ്ഞ അദ്ദേഹം സിബിഐ ബിജെപി നിയന്ത്രണത്തിലാണെന്നും പറഞ്ഞു.
അതേസമയം, ഡൽഹിയിലടക്കം വിവിധ സംസ്ഥാനങ്ങളിൽ എഎപി പ്രവർത്തകർ സിബിഐ നടപടിക്കെതിരെ പ്രതിഷേധമുയർത്തി. ഡൽഹി മന്ത്രിസഭാംഗങ്ങളും സിബിഐ ആസ്ഥാനത്ത് ഭഗവത് മന്നിന്റെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളും പ്രവർത്തകരും അറസ്റ്റിലായി. 1350 നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റുചെയ്തെന്നും പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്ത് കൊലചെയ്യപ്പെട്ടെന്നും എഎപി ട്വീറ്റ് ചെയ്തു. വൈകിട്ടോടെ കെജ്രിവാളിന്റെ അറസ്റ്റുണ്ടായേക്കുമെന്ന പ്രചാരണത്തെത്തുടർന്ന് എഎപി അടിയന്തരയോഗം ചേർന്നിരുന്നു. പഞ്ചാബിൽനിന്നുള്ള മന്ത്രിമാരെയും എംഎൽഎമാരെയും അതിർത്തിയിൽ തടഞ്ഞു. സുരക്ഷയ്ക്കായി അർധസൈനികരടക്കം ആയിരത്തോളം പൊലീസുകാരെയും ഡൽഹിയിൽ വിന്യസിച്ചു.
കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലാണ്. തിങ്കളാഴ്ച ഒരു ദിവസത്തേക്ക് നിയമസഭ ചേരണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ ലെഫ്. ഗവർണർ വി കെ സക്സേന രംഗത്തെത്തി.