ന്യൂഡൽഹി
നിയമവാഴ്ച നോക്കുകുത്തിയായ ഉത്തർപ്രദേശിൽ സായുധപൊലീസ് കാവലുള്ള കുറ്റാരോപിതരായ മുന്‍എംപിയെയും സഹോദരനെയും തത്സമയ കാമറകള്‍ക്ക് മുന്നില്‍ “ജയ് ശ്രീറാം’ മുഴക്കി വെടിവച്ചുകൊന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കണ്ണിലെ കരടായ മുന്‍ സമാജ് വാദി എംപിയും അഞ്ചുതവണ എംഎല്‍എയുമായ ആതിഖ് അഹ്മദും(62) സഹോദരൻ അഷ്റഫ് അഹ്മദു(49)മാണ് മാധ്യമങ്ങളോട് സംസാരിക്കവെ പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റ് പിടഞ്ഞുവീണ് ചലനമറ്റത്. നൂറിലേറെ കേസുകളില്‍ പ്രതിയാണ് ആതിഖ്.
പ്രയാഗ്രാജ് മെഡിക്കൽ കോളേജിനു മുന്നില്‍ ശനിയാഴ്ച രാത്രി പത്തോടെയാണ് രാജ്യത്തെ നടുക്കിയ ഇരട്ടക്കൊല. യുപിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുജറാത്തിലെ ജയിലില്‍ നിന്നും ആതിഖിനെ യുപിയില്‍ എത്തിച്ച ബുധനാഴ്ച ആതിഖിന്റെ മകൻ അസദിനെയും (19) കൂട്ടാളിയെയും പൊലീസ് വെടിവച്ചുകൊന്നു. മകന്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ ആതിഖിനെ പൊലീസ് അനുവദിച്ചില്ല.
പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് വിലങ്ങണിയിച്ച് കൊണ്ടുപോകവെ, ദൃശ്യമാധ്യമപ്രവർത്തകരെന്ന വ്യാജേന അടുത്തുകൂടിയ അക്രമികൾ കൈയകലത്തുനിന്ന് വെടിയുതിര്‍ത്തു.‘ജയ്ശ്രീരാം’ വിളിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുൺമൗര്യ, ലവ്ലേഷ് തിവാരി, രോഹിത് (സണ്ണി) എന്നിവര്‍ പിടിയിലായി. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലവ്ലേഷ് തിവാരി ബജ്റംഗദൾ പ്രവർത്തകനാണ്.
ഇയാൾ ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു. കൊലപാതകം അന്വേഷിക്കാൻ യുപി സർക്കാർ മൂന്നംഗ ജുഡീഷ്യൽ കമീഷനെ നിയമിച്ചു. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
പ്രതികാരക്കൊല
ബിജെപി നേതാവ് ഉമേഷ്പാൽ ഫെബ്രുവരി 24ന് കൊല്ലപ്പെട്ടതിന്റെ പ്രതികാരനടപടിയാണോ കൊലപാതകങ്ങളെന്ന് സംശയമുയരുന്നു. ഉമേഷ്പാൽ കൊലപാതകക്കേസിലെ ആറ് പ്രതികൾ 50 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടു. കേസിലെ മറ്റ് പ്രതികളായ ആതിഖിന്റെ മകൻ അസദ്, ഡ്രൈവർ അർബാസ്, ഉസ്മാൻ, ഗുലാം എന്നിവരെ യുപി പൊലീസ് വ്യാജഏറ്റുമുട്ടലിൽ കൊല്ലുകയായിരുന്നു. ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് ആതിഖ് അഹ്മദ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി.