മംഗളൂരു
കടുത്തചൂടിനെ അവഗണിച്ച് ചെമ്പതാകയേന്തി എത്തിയ ആയിരങ്ങൾ പകർന്ന ആവേശവുമായി ബാഗേപ്പള്ളി മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി ഡോ. എ അനിൽകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ ബാഗേപ്പള്ളി താലൂക്ക് ഓഫീസിൽ എത്തി വരണാധികാരി വി ശിവകുമാറിനാണ് പത്രിക സമർപ്പിച്ചത്. പാർടി സംസ്ഥാന സെക്രട്ടറി യു ബസവരാജ, നേതാക്കളായ ഗോവർധനാചാരി, ഡോ. രാമപ്പ തുടങ്ങിയവർ അനുഗമിച്ചു. ബാഗേപ്പള്ളി മണ്ഡലത്തിൽ ജെഡിഎസ് പിന്തുണകൂടി ലഭിച്ചതോടെ സിപിഐ എം പ്രചാരണം ആവേശത്തിൽ. മുമ്പ് മൂന്നുതവണ വിജയിച്ച മണ്ഡലത്തിൽ 2018ലെ തെരഞ്ഞെടുപ്പിൽ പാർടി രണ്ടാംസ്ഥാനത്തായിരുന്നു.
ശനിയാഴ്ച പകൽ പന്ത്രണ്ടോടെ നാഷണൽ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗത്തുനിന്ന് എത്തിയ ആയിരങ്ങൾ അണിനിരന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് ചുവന്ന കൊടിയുമായി രണ്ടര കിലോമീറ്റർ പ്രകടനം നീണ്ടു. പത്രികാ സമർപ്പണത്തിനുശേഷം നടന്ന സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി യു ബസവരാജ് നേതാക്കളായ വരലക്ഷ്മി, പ്രകാശ്, ഉമേഷ്, മുജീബ്, ജെഡിഎസ് നേതാക്കളായ ലക്ഷ്മണ റെഡ്ഡി, മുഹമ്മദ് നൂറുള്ള തുടങ്ങിയവർ സംസാരിച്ചു.
സിപിഐ എം
ശക്തികേന്ദ്രം
മൂന്നുതവണ സിപിഐ എം ബാഗേപ്പള്ളിയിൽ വിജയിച്ചിട്ടുണ്ട്. 1983ൽ എ വി അപ്പാസ്വാമി റെഡ്ഡിയും 1994ലും 2004ലും ജി വി ശ്രീരാമ റെഡ്ഡിയുമാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില് കോൺഗ്രസിലെ എസ് എൻ സുബ്ബ റെഡ്ഡി 14,013 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ എമ്മിന്റെ ജി വി ശ്രീരാമ റെഡ്ഡിയെ പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് 38,302 വോട്ട് നേടി. ബിജെപിക്ക് കിട്ടിയത് അയ്യായിരത്തോളം വോട്ട് മാത്രം. കെജിഎഫ് മണ്ഡലത്തിലെ പാർടി സ്ഥാനാർഥി തങ്കരാജുവും ശനിയാഴ്ച പത്രിക സമർപ്പിച്ചു. കെആർ പുരം മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി നഞ്ചേഗൗഡ 18നും കൽബുർഗി മണ്ഡലം സ്ഥാനാർഥി പാണ്ഡുരംഗ മാവിൻകർ 19നും പത്രിക സമർപ്പിക്കും.