മംഗളൂരു
പാർടിയിലെ ബദ്ധവൈരിയായ ഡി കെ ശിവകുമാർ പിടിയുറപ്പിച്ചപ്പോൾ മൈസൂരുവിലെ വരുണയ്ക്ക് പുറമെ കോലാറിലും മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. കോലാറിൽ കൊത്തൂർ ജി മഞ്ജുനാഥിന്റെ പേരുമായി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയതോടെ കോൺഗ്രസിലെ ചേരിപ്പോര് കനക്കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുംമുമ്പ് കോലാറിൽ വലിയ പൊതുയോഗം വിളിച്ചുകൂട്ടി സിദ്ധരാമയ്യ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് പ്രസിഡന്റായ ഡി കെ ശിവകുമാർ പക്ഷത്തിന്റെ എതിർപ്പ് കനത്തതോടെയാണ് പരാജയ സാധ്യതയുടെ പേരിൽ ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് രണ്ടാമത്തെ മണ്ഡലം നിഷേധിച്ചത്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാനുള്ള സിദ്ധരാമയ്യയുടെ ശ്രമത്തെയും ശിവകുമാർ പക്ഷംവെട്ടി.
മൂന്ന് ഘട്ടമായി 209 മണ്ഡലത്തിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ലക്ഷ്മൺ സവദിയെ അത്താനിയിൽ സ്ഥാനാർഥിയാക്കിയിട്ടുണ്ട്. ജെഡിഎസ് വിട്ടെത്തിയ ശിവലിംഗേ ഗൗഡ അരസിക്കരയിലും കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടും. ബിജെപി–- ജെഡിഎസ് കക്ഷികളിൽനിന്ന് ചിലർ കൂടി കോൺഗ്രസിലേക്കെത്തുമെന്ന ധാരണയിൽ ബിജെപി സീറ്റ് നിഷേധിച്ച മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലം ഉൾപ്പെടെ 15 സീറ്റ് ഒഴിച്ചിട്ടിട്ടാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.