ന്യൂഡൽഹി
സംസ്ഥാനപദവി റദ്ദാക്കി ജമ്മു കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയ കേന്ദ്രസർക്കാർ നടപടി തെറ്റാണെന്നും തുറന്നുപറഞ്ഞ് മുൻ കശ്മീർ ഗവർണർ സത്യപാൽ മാലിക്. അഭിപ്രായം ചോദിച്ചിരുന്നുവെങ്കിൽ എതിർക്കുമായിരുന്നുവെന്നും പൊലീസ് കലാപം ഭയന്നാകാം കേന്ദ്രഭരണ പ്രദേശമാക്കിയതെന്നുമുള്ള ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ആർട്ടിക്കിൾ 370
രാഷ്ട്രപതി ഭരണത്തിലുള്ള കശ്മീരിന്റെ ഗവർണറായ തനിക്കുപോലും വിവരം നൽകാതെയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. തലേന്ന് (ആഗസ്ത് നാലിന്) വിളിച്ച ആഭ്യന്തരമന്ത്രി ഒരു കത്തയക്കുന്നുണ്ടെന്നും പിറ്റേന്ന് പകൽ പതിനൊന്നിന് മുമ്പ് പാസാക്കി തിരിച്ചയക്കാനും ആവശ്യപ്പെടുകയായിരുന്നു. വിഷയത്തിൽ കേന്ദ്രം ഇരുട്ടിൽ നിർത്തുകയായിരുന്നു.
2018ലെ നിയമസഭ
പിരിച്ചുവിടൽ
രാഷ്ട്രപതി ഭരണത്തിലിരിക്കെ സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സമീപിച്ചെന്ന റിപ്പോർട്ട് മാലിക് തള്ളി. ഈദ് ആയതിനാൽ ഫാക്സ് മെഷീൻപോലും നോക്കാൻ ആളുണ്ടായിരുന്നില്ലെന്നായിരുന്നു വിചിത്രവാദം. 87 അംഗ സഭയിൽ 57 പേരുടെ പിന്തുണയുണ്ടെന്ന് കാട്ടി മെഹ്ബൂബ ഫാക്സ് അയച്ചത് കിട്ടിയില്ലെന്നാണ് മാലിക് അവകാശപ്പെട്ടത്. അന്ന് വൈകിട്ടാണ് നിയമസഭ പിരിച്ചുവിട്ടതും. ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാൻ മെഹ്ബൂബയ്ക്ക് സമയം നൽകാത്തതിനെയും മാലിക് ന്യായീകരിച്ചു.
റിലയൻസിനായി
റാം മാധവും
അഴിമതിയോട് മോദിക്ക് പ്രശ്നമുണ്ടായിരുന്നില്ല. അഴിമതി ചൂണ്ടിക്കാട്ടിയപ്പോൾ ഗോവയിൽനിന്ന് സ്ഥലംമാറ്റി. കശ്മീരിൽ റിലയൻസിന്റെ ഇൻഷുറൻസ് പദ്ധതി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് റാം മാധവ് വസതിയിലെത്തി. തെറ്റ് ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു. വലിയ ഭീഷണി ഉണ്ടായിട്ടും ഒരു സൈനികൻ മാത്രമാണ് സുരക്ഷാ ഡ്യൂട്ടിയിൽ. വാടകയ്ക്ക് എടുത്ത വീട്ടിലാണ് താമസം. ജയിലിൽ പോകാൻ മടിയില്ലെന്നും മാലിക് പറഞ്ഞു.