ന്യൂഡൽഹി
പുൽവാമ ആക്രമണത്തിനു പിന്നിൽ ഇന്റലിജൻസ് വീഴ്ച ആരോപിച്ച പ്രതിപക്ഷത്തെ രാജ്യദ്രോഹികളാക്കി നിശ്ശബ്ദരാക്കാൻ ശ്രമിച്ച ബിജെപി, മുൻകശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലോടെ പ്രതിരോധത്തിൽ.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ആഭ്യന്തരമന്ത്രിയും നിലവിലെ പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ്ങും മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തന്ത്രപരമായി മൗനം പാലിക്കുന്ന ബിജെപി, മാലിക്കിന്റെ വെളിപ്പെടുത്തൽ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും രാജ്യം മറുപടി ആവശ്യപ്പെടുന്നുവെന്നും ജയ്റാം രമേശ് പ്രതികരിച്ചു. മാലിക്കിന്റെ അഭിമുഖത്തിന്റെ ചിത്രം പങ്കുവച്ച രാഹുൽ ഗാന്ധി, മോദി അഴിമതിയെ വെറുക്കുന്ന ആൾ അല്ലെന്ന് കുറിച്ചു. പുൽവാമയിൽ സംശയങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തെ ബിജെപി രാജ്യദ്രോഹിയാക്കിയെന്ന് ശിവസേന നേതാവ് സജ്ജയ് റാവത്ത് പറഞ്ഞു.
വെളിപ്പെടുത്തൽ രാജ്യസുരക്ഷയുമായും സൈനികരുമായും ബന്ധപ്പെട്ടതാണെന്ന് ഓർമിപ്പിച്ച ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ കേന്ദ്രവും ബിജെപിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. അതീവ ഗൗരവമുള്ള വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. അഴിമതിക്കെതിരെയുള്ള മോദിയുടെ നിലപാട് കാപട്യമാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.