ലഖ്നൗ
ആദിത്യനാഥ് സർക്കാർ അധികാരമേറ്റ് ആറുവർഷത്തിനിടെ ഉത്തർപ്രദേശിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് 183 പേരെ. ഇക്കാലയളവിൽ നടത്തിയത് 10,818 ഏറ്റുമുട്ടലാണ്. ഏറ്റവും കൂടുതൽ ഏറ്റുമുട്ടല്‍ കൊല നടന്നത് മീറത്തില്‍-, 63 പേര്. വാരാണസിയിൽ 20 പേരെയും ആഗ്രയിൽ 14 പേരെയും വധിച്ചു. ഏറ്റുമുട്ടലിനിടെ 13 പൊലീസുകാര്‍ കൊല്ലപ്പെട്ടു. 4947 ക്രിമിനലുകൾക്ക് പരിക്കേറ്റപ്പോൾ 1429 പൊലീസുകാർക്കും പരിക്കേറ്റു.
പ്രകൃതിയുടെ തീരുമാനം;
ന്യായീകരിച്ച് യുപി മന്ത്രിമാർ
ആതിഖ് അഹ്മദിന്റെയും സഹോദരൻ അഷ്റഫ് അഹ്മദിന്റെയും കൊലപാതകത്തെ ന്യായീകരിച്ച് യുപി മന്ത്രിമാർ. പാപപുണ്യങ്ങളുടെ കണക്കെടുപ്പ് ഈ ജന്മത്തിൽത്തന്നെ സംഭവിക്കുമെന്ന് മന്ത്രി സ്വതന്ത്രദേവ് സിങ് ട്വീറ്റ് ചെയ്തു. കുറ്റകൃത്യം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ ഇത് പ്രകൃതിയുടെ തീരുമാനമാണ് എന്നായിരുന്നു ധന–- -പാർലമെന്ററി മന്ത്രി സുരേഷ് കുമാർ ഖന്നയുടെ പ്രതികരണം. പൊലീസ് സംരക്ഷണം ഉണ്ടായിരുന്നിട്ടും കൊല്ലപ്പെട്ട ആതിഖിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ലജ്ജാകരമാണ് ഈ പരാമര്‍ശം എന്നായിരുന്നു ദേവ് സിങ്ങിന്റെ ട്വീറ്റിനെതിരെ മുന്‍ ഐഎഎസ് ഓഫീസര്‍ സഞ്ജീവ് ഗുപ്തയുടെ പ്രതികരണം.
ഭാര്യ ഒളിവിൽ; മൂത്തമക്കള്‍ ജയിലില്‍
ആതിഖിന്റെ പേരിൽ 1400 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് അധികൃതരുടെ കണക്ക്. കേസിനെത്തുടർന്ന് ഇവ സർക്കാർ കണ്ടുകെട്ടി. ഭാര്യയും അഞ്ച് ആൺമക്കളും അടങ്ങുന്നതാണ് കുടുംബം. വിവിധ കേസിൽ പ്രതിചേർക്കപ്പെട്ട ഭാര്യ ഷയിസ്ത പർവീൺ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. മൂത്തമകൻ മുഹമ്മദ് ഉമർ ഒരു കേസിൽ കൂട്ടുപ്രതിയായി ലഖ്നൗ ജില്ലാ ജയിലിലും രണ്ടാമത്തെ മകൻ മുഹമ്മദ് അലി അഹ്മദ് വസ്തു ഇടപാടുകാരനെ ആക്രമിച്ച കേസിൽ നൈനി ജയിലിലുമാണ്. പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ പൊലീസ് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയെന്നു പറഞ്ഞ് ഷയിസ്ത പർവീൺ നേരത്തേ പ്രയാഗ്രാജിലെ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു.
ആൺകുട്ടികളെ പ്രയാഗ്രാജിൽ കണ്ടെത്തി ശിശുസംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പൊലീസ് പിന്നീട് പ്രാദേശിക കോടതിയെ അറിയിച്ചു. ഇഡിയുടെ 15 സംഘത്തെയാണ് ആതിഖിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ നിയോഗിച്ചിട്ടുള്ളത്.
മാധ്യമങ്ങളെ
നിയന്ത്രിക്കാന്‍
നീക്കം
ചാനൽ റിപ്പോർട്ടർമാരെന്ന വ്യാജേന ആതിഖ് അഹ്മദിനെയും സഹോദരനെയും മൂന്നുപേർ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നീക്കം. മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടിക്രമങ്ങളെന്നപേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാധ്യമപ്രവർത്തകർക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) രൂപീകരിച്ചേക്കും. ഓരോ പരിപാടിക്കും മാധ്യമപ്രവർത്തകർക്ക് ചെയ്യാവുന്നതും ചെയ്തുകൂടാത്തതുമായ കാര്യങ്ങൾ ഉൾപ്പെടുത്തിയാകും എസ്ഒപി രൂപീകരിക്കുകയെന്ന് ആഭ്യന്തര മന്ത്രാലായവൃത്തങ്ങൾ പറഞ്ഞു. സുരക്ഷ ഉറപ്പാക്കാനെന്നപേരിൽ മാധ്യമപ്രവർത്തകർക്ക് നിലവിലുള്ള സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുമോയെന്ന ആശങ്കയുമുണ്ട്.
എംപി; 5 തവണ എംഎൽഎ
അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽനിന്ന് തുടർച്ചയായി അഞ്ചു വട്ടം എംഎൽഎയായിരുന്നു ആതിഖ് അഹ്മദ്. 1989 മുതൽ 2002 വരെയായിരുന്നു ഇത്. ആദ്യ മൂന്നുവട്ടം സ്വതന്ത്രനായി ജയിച്ച ആതിഖ് പിന്നീട് എസ്പിയുടെയും അഞ്ചാം തവണ അപ്നാദളിന്റെയും ടിക്കറ്റിൽ ജയിച്ചു. 2004ൽ ജവാഹർലാൽ നെഹ്റുവിന്റെ മണ്ഡലമായിരുന്ന ഫുൽപുരിൽനിന്ന് സമാജ്വാദി പാർടി ടിക്കറ്റിൽ എംപിയുമായി. ‘ഗ്യാങ്സ്റ്റർ ആക്റ്റ്’ പ്രകാരം യുപിയിൽ ആദ്യമായി കേസെടുത്തത് ആതിഖ് അഹ്മദിന് എതിരെയാണെന്നതും ചരിത്രം. 1979ൽ 17–-ാം വയസ്സിലാണ് ആതിഖ് ആദ്യമായി കൊലപാതകക്കേസിൽ പ്രതിയാകുന്നത്. 1990കളിൽ ഉത്തർപ്രദേശിലെ രാഷ്ട്രീയ, ഭരണ അസ്ഥിരതയും പ്രശ്നങ്ങളും മുതലെടുത്ത് മാഫിയ തലവനായി. ജയിലിൽ കിടക്കുന്ന കാലത്തുപോലും കിഴക്കൻ ഉത്തർപ്രദേശ് ആതിഖിന്റെ കൈപ്പിടിയിലായിരുന്നു.
രാജുപാലിന്റെ കൊല
2005ൽ ബിഎസ്പി എംഎൽഎ രാജുപാലിന്റെ കൊലപാതകക്കേസിൽ പ്രതിയായതോടെയാണ് ആതിഖിന്റെ ജീവിതം വഴിമാറുന്നത്. കേസിൽ മുഖ്യസാക്ഷിയായ ഉമേഷ്പാലിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും ആതിഖ് പ്രതിയാണ്. 2008ൽ പൊലീസിൽ കീഴടങ്ങിയ ആതിഖിനെ സമാജ്വാദിപാർടിയിൽനിന്ന് പുറത്താക്കി. ജാമ്യത്തിലിറങ്ങിയ ആതിഖ് 2014, 2019 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും തോറ്റു. 2019ൽ വീണ്ടും അറസ്റ്റിലായി ഗുജറാത്ത് സബർമതി ജയിലിലായിരുന്ന ആതിഖിനെ ഈ മാസം 11നാണ് പ്രയാഗ്രാജിൽ എത്തിച്ചത്. ആതിഖിനും ബന്ധുക്കൾക്കുമായി 11,000 കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭൂമിതട്ടിയെടുക്കൽ തുടങ്ങി നൂറോളം കേസുകൾ നിലവിലുണ്ട്.
കൊലയാളിക്ക് സംഘപരിവാര്‍ ബന്ധം
ആതിഖ് അഹ്മദിനെയും സഹോദരനെയും വെടിയുതിർത്ത പ്രതികൾക്ക് സംഘപരിവാരവുമായുള്ള ബന്ധം പുറത്തുവരുന്നു. ലവ്ലേഷ് തിവാരി ബജ്റംഗദൾ പ്രവർത്തകനാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് വ്യക്തമായി. ഇയാൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. യുപിയിലെ പ്രധാന ബിജെപി നേതാവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായി.
എന്നാല്‍,മകൻ തൊഴിൽരഹിതനും മയക്കുമരുന്നിന് അടിമയുമായിരുന്നെന്ന് ലവ്ലേഷ് തിവാരിയുടെ പിതാവ് യാഗ്യ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ലവ്ലേഷിനെതിരെ നേരത്തേ കേസുണ്ടെന്നും അതിൽ ജയിലിൽ കിടന്നതായും ആറു വർഷമായി നല്ല ബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതി സണ്ണിയുടെ സഹോദരൻ പിന്റുവും സമാന അവകാശവാദവുമായി രംഗത്തെത്തി.