മകൻ അസദിന്റെ സംസ്കാര ചടങ്ങുകൾക്ക് കൊണ്ടുപോകാത്തതിൽ എന്താണ് പറയാനുള്ളതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുതീരുംമുമ്പാണ് ആതിഖ് അഹ്മദിനുനേരെ അക്രമികൾ നിറയൊഴിച്ചത്. ‘നഹി ലേ ഗയേ തോ നഹി ഗയേ’… (അവര്‍ കൊണ്ടുപോയില്ല, അതുകൊണ്ട് ഞങ്ങള്‍ പോയില്ല) എന്നായിരുന്നു ആതിഖിന്റെ മറുപടി. ഇത് പറഞ്ഞ് അവസാനിപ്പിക്കുംമുമ്പ് ആതിഖിന്റെ തലയ്ക്ക് വെടിയേറ്റു.
പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ അസദിന്റെ മൃതദേഹം കാണാനോ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനോ ആതിഖിനെ അനുവദിച്ചില്ല. ആതിഖിന് കോടതിയിൽനിന്ന് അനുമതി ലഭിക്കുന്നതുവരെ സംസ്കാരം നീട്ടിവയ്ക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തിടുക്കത്തിൽ സംസ്കാരം നടത്തി.