ന്യൂഡൽഹി
രാജസ്ഥാനിൽ ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റ് വിഭാഗത്തെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം. അശോക് ഗെലോട്ട് സർക്കാരിനെതിരെ ഉപവസിച്ച സച്ചിനെതിരെ തൽക്കാലം കടുത്ത നടപടി വേണോയെന്ന ആശയക്കുഴപ്പത്തിലാണ് നേതൃത്വം.
കർണാടകത്തിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സച്ചിനെതിരെ നടപടിയെടുത്താൽ അദ്ദേഹവും അനുയായികളും പാർടി വിടുമോയെന്ന ആശങ്ക ശക്തമാണ്. സച്ചിനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളായ കമൽനാഥിനെയും കെ സി വേണുഗോപാലിനെയും നേതൃത്വം ചുമതലപ്പെടുത്തി.
നവംബറിൽ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനുയായികൾക്ക് അർഹിച്ച പ്രാതിനിധ്യം വേണമെന്ന സച്ചിന്റെ ആവശ്യം പരിഗണിക്കാമെന്ന് നേതൃത്വം ഉറപ്പുനൽകിയേക്കും. സർക്കാരിനെ പരസ്യമായി വെല്ലുവിളിച്ച സച്ചിനെതിരെ കർശന നടപടി വേണമന്ന ആവശ്യത്തിൽ അശോക് ഗെലോട്ട് പക്ഷം ഉറച്ചുനിൽക്കുകയാണ്.