മംഗളൂരു
രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയും പുറത്തുവിട്ടതോടെ കർണാടക ബിജെപിയിലെ അടി രൂക്ഷം. സീറ്റ് നഷ്ടപ്പെട്ട 14 സിറ്റിങ് എംഎൽഎമാരിൽ പലരും പാർടി കേന്ദ്ര–- സംസ്ഥാന നേതൃത്വങ്ങളെ വെല്ലുവിളിച്ചും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചും രംഗത്തെത്തി.
ഹാവേരി മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ നെഹ്റു ഒലേക്കർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അഴിമതികളുടെ തെളിവുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ബൊമ്മെ മത്സരിക്കുന്ന ഷിഗോൺ ഉൾപ്പെടെയുള്ള സീറ്റുകളിൽ ബിജെപിയെ തോൽപ്പിക്കാൻ മുന്നിലുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
യെദ്യൂരപ്പയുടെ അടുത്ത അനുയായിയായ മുദിഗരെ എംഎൽഎ എം പി കുമാരസ്വാമി ബിജെപിയിൽനിന്ന് രാജിവച്ചു. വ്യക്തിവിരോധത്താൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദളിത് പിന്നാക്ക വിഭാഗങ്ങളോട് കടുത്ത അനീതി കാണിച്ച പാർടിയാണ് ബിജെപിയെന്നും ഓൾഡ് മൈസൂർ മേഖലയിൽ പാർടി നിലംതൊടില്ലെന്നും പറഞ്ഞു. അടുത്തിടെ പ്രചാരണത്തിന് എത്തിയ യെദ്യൂരപ്പയെ സി ടി രവിയുടെ ആളുകൾ തടഞ്ഞ് തിരിച്ചയച്ചിരുന്നു. കുമാരസ്വാമിക്ക് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു നടപടി.
സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എംഎൽഎമാരായ സുകുമാർ ഷെട്ടി, മദൽ വിരുപക്ഷപ്പ, പ്രൊഫ. ലിംഗണ്ണ, സി എം നിംബണ്ണാവർ തുടങ്ങിയവരും അതൃപ്തരാണ്. 224ൽ ഇനി പ്രഖ്യാപിക്കാൻ ബാക്കിയുള്ള 12 സീറ്റിലേക്ക് കടുത്ത സമ്മർദമാണ്. ഇതിനിടെ, ബിജെപി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദിക്ക് പിന്തുണ അറിയിച്ച് ബെലഗവിയിൽ 5000 പേർ ബിജെപിയിൽനിന്ന് രാജിവച്ചു. പുത്തൂർ മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട അരുൺകുമാർ പുത്തില വിമതനായി മത്സരിക്കുമെന്നാണ് വിവരം. കുപ്രസിദ്ധ ഗുണ്ട സൈലന്റ് സുനിൽ, എൻ ആർ രമേഷ് തുടങ്ങിയവരുടെ അനുയായികൾ സീറ്റ് നിഷേധത്തിനെതിരെ പ്രതിഷേധവുമായി ബംഗളൂരുവിലെ ബിജെപി ആസ്ഥാനം വളഞ്ഞു. സീറ്റ് നിഷേധിച്ചതിനുപിന്നാലെ തെരഞ്ഞെടുപ്പുരാഷ്ട്രീയം വിട്ട മുതിർന്ന നേതാവ് ഈശ്വരപ്പയുടെ മകൻ കെ ഇ കന്തേഷ് ടിക്കറ്റ് തേടി വ്യാഴാഴ്ച യെദ്യൂരപ്പ ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടു.