കൊടുങ്ങല്ലൂർ > ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദിൽ പ്രാചീന അറബി ലിഖിതങ്ങൾ കണ്ടെത്തി. പള്ളിയിലെ മിഹ്റാബിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ലിഖിതങ്ങൾ കണ്ടെത്തിയത്. പ്രസംഗപീഠത്തോട് (മിമ്പർ) ചേർന്നു വരുന്ന മിഹ്റാബിന്റെ ചുവരുകൾ പള്ളിനവീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കിയപ്പോൾ മുമ്പ് ലിഖിതങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയും സ്കൂൾ ഓഫ് എപിഗ്രാഫിക്കൽ സ്റ്റഡീസ് പട്ടണം കാമ്പസ് വിദ്യാർഥിയുമായ ഡോ. അനസ് പി അബൂബക്കറാണ് ഈ ലിഖിതങ്ങൾ തിരിച്ചറിഞ്ഞത്.
മിഹ്റാബ്പോലുള്ള വിശുദ്ധ ഇടങ്ങളിൽ ലിഖിതങ്ങൾ കണ്ടെത്തുക അപൂർവമാണെന്നും അതിനാൽ രേഖകളുടെ തുടർപഠനം ശ്രദ്ധ ആകർഷിക്കുന്നുവെന്നും കെസിഎച്ച്ആർ ചെയർപേഴ്സൺ പ്രൊഫ. മൈക്കിൾ തരകൻ പറഞ്ഞു.
കാലപ്പഴക്കത്താൽ മാഞ്ഞു തുടങ്ങിയ ലിഖിതങ്ങളിലെ അറബി അക്കങ്ങൾ പള്ളിയുടെ നിർമാണകാലത്തെക്കുറിച്ച് സൂചന നൽകുന്നതായി കരുതുന്നു. ചേരമാൻ പെരുമാളിന്റെ ഇസ്ലാം സ്വീകരണത്തെത്തുടർന്ന് മാലിക് ബിൻ ദീനാറും സംഘവും ആദ്യമായി പണിത പള്ളിയാണിത്. അതിന്റെ സ്ഥാപിത വർഷം സംബന്ധിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
കേരള ചരിത്രത്തിലെ നിർണായക വിവരങ്ങളിലേക്ക് വെളിച്ചം വീശാൻ കഴിയുന്ന ഈ ലിഖിതങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് സെയ്ത് പറഞ്ഞു. ചരിത്രശേഷിപ്പുകളുടെ വിശദമായ പഠനത്തിലൂടെ കേരള മുസ്ലിം ചരിത്രത്തിലേക്ക് ശരിയായ വെളിച്ചം വീശാൻ കഴിയുമെന്ന് ചേരമാൻ ജുമാ മസ്ജിദ് ഖത്തീബ് ഡോ. സലീം നദ്വിയും പറഞ്ഞു. പി എൻ നയിമുദ്ദീന്റെ മേൽനോട്ടത്തിൽ മസ്ജിജിദിൽ കണ്ടെത്തിയ മുഴുവൻ ലിഖിതങ്ങളുടേയും ഫോട്ടോ ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു.