ന്യൂഡൽഹി
കർണാടകത്തിൽ മുസ്ലിം സംവരണം റദ്ദാക്കിയ ബിജെപി സർക്കാരിന്റെ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. അബദ്ധധാരണകളുടെ അടിസ്ഥാനത്തിലാണ് സംവരണം റദ്ദാക്കിയതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മുസ്ലിങ്ങൾക്കുള്ള നാലുശതമാനം ഒബിസി സംവരണം റദ്ദാക്കിയതിനെതിരെ വിവിധ മുസ്ലിം സംഘടനകളും വ്യക്തികളും നൽകിയ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം.
കർണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാർച്ച് 24നാണ് ബിജെപി സർക്കാർ വിവാദഉത്തരവിറക്കിയത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളുടെ ലംഘനമാണ് നടപടിയെന്നും ഇതിനായി ഒരു പഠനവും നടത്തിയിട്ടില്ലെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. വിവിധ സമുദായങ്ങളുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യം വിശകലനംചെയ്ത കമീഷന്റെ റിപ്പോർട്ടിലാണ് നടപടിയെന്ന് കർണാടക സർക്കാർ അവകാശപ്പെട്ടു.
മുസ്ലിംവിഭാഗത്തിന് ദീർഘകാലമായി കർണാടകത്തിൽ സംവരണ ആനുകൂല്യങ്ങൾ ഉണ്ടായിരുന്നതായി ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. രേഖകൾ പരിശോധിച്ചതിൽ അവരുടെ പിന്നാക്കാവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായതായി അനുഭവപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് സംവരണം റദ്ദാക്കിയതെന്നും ജഡ്ജി ചോദിച്ചു.
കോടതി രൂക്ഷമായി വിമർശിച്ചതോടെ സംവരണം റദ്ദാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൽക്കാലം പ്രവേശനങ്ങളോ നിയമനങ്ങളോ നടത്തില്ലെന്ന് കർണാടക സർക്കാർ ഉറപ്പുനൽകി. തിങ്കളാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദേശം നൽകി.