ന്യൂഡല്ഹി
ബിജെപിയെക്കുറിച്ച് ക്രൈസ്തവസഭയിലെ ചില നേതാക്കൾ നടത്തുന്ന അഭിപ്രായപ്രകടനം സഭയുടെയോ സമുദായത്തിന്റെയോ മൊത്തത്തിലുള്ള നിലപാടല്ലെന്ന് സിപിഐ എം പ്രസിദ്ധീകരണം ‘പീപ്പിൾസ് ഡെമോക്രസി’ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ബിജെപിയുടെ സമ്മർദത്തിന് തലശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയെപ്പോലുള്ളവർ വഴങ്ങിയതിനെതിരെ സഭയിൽനിന്നുതന്നെ എതിർപ്പ് ഉയർന്നു. കേരള സമൂഹത്തിന്റെ ദൃഢമായ മതനിരപേക്ഷ ഘടനയുടെ ഭാഗമാണ് സംസ്ഥാനത്തെ ക്രൈസ്തവർ.
ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കങ്ങൾ. ദ്വിമുഖ തന്ത്രമാണ് പയറ്റുന്നത്. നേരത്തേ, ക്രൈസ്തവ സമുദായത്തിൽ, പ്രത്യേകിച്ച് സിറോ മലബാർ സഭയിൽ മുസ്ലിംവിരുദ്ധ വികാരം പടർത്താൻ ബിജെപി ശ്രമിച്ചു. ‘ലൗജിഹാദ്’ പോലുള്ള വിഷയങ്ങൾ ഉന്നയിക്കുകയും തീവ്ര ക്രൈസ്തവ സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു. ക്രൈസ്തവ–- മുസ്ലിം ഭിന്നിപ്പ് സൃഷ്ടിച്ചാൽ നേട്ടമുണ്ടാകുമെന്ന് ബിജെപി കരുതുന്നു.
ബിജെപിയുടെയും ആർഎസ്എസിന്റെയും വഴിയിൽ വരാത്തവരെ ഇഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് വരുതിയിലാക്കുകയെന്ന തന്ത്രം ക്രൈസ്തവ നേതാക്കൾക്കെതിരെയും പ്രയോഗിച്ചു. കർദിനാൾ ജോർജ് ആലഞ്ചേരി ഇപ്പോൾ ഇഡി അന്വേഷണം നേരിടുകയാണ്. ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി വിദേശസംഭാവന സ്വീകരിക്കുന്ന സഭകളെയും കർക്കശമായ വിദേശ സംഭാവന നിയന്ത്രണനിയമം ഉപയോഗിച്ച് സമ്മർദത്തിലാക്കുന്നു.
ഇത്തരം നടപടി വഴി സഭാ നേതാക്കളെ വരുതിയിൽ കൊണ്ടുവന്നശേഷം പ്രധാനമന്ത്രി മോദി ഡൽഹി കത്തീഡ്രലിൽ എത്തുകയും കേരളത്തിലെ ബിജെപി നേതാക്കൾ ഈസ്റ്റർ സന്ദർശനങ്ങൾ നടത്തുകയും ചെയ്തു. കേരളത്തിൽ ബിജെപിയുടെ നാടകം രാജ്യത്തെ മറ്റിടങ്ങളിൽ ബിജെപി ഭരണത്തിൽ ക്രൈസ്തവർ അനുഭവിക്കുന്നതിന് നേർവിപരീതമാണ്.
2014ൽ മോദിസർക്കാർ വന്നശേഷം രാജ്യമെങ്ങും ക്രൈസ്തവർക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണം വർധിച്ചു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് പ്രകാരം 2022ൽ 21 സംസ്ഥാനത്തായി ഇത്തരം 598 ആക്രമണമുണ്ടായി.