ന്യൂഡൽഹി
രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളുടെ കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നെന്ന് കേന്ദ്രസർക്കാർ. വ്യക്തികൾ തമ്മിലുള്ള തർക്കംപോലും അതിക്രമമായി ചിത്രീകരിക്കുകയാണെന്നും ക്രിസ്ത്യൻസമൂഹം അപകടത്തിലാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
ക്രൈസ്തവസമൂഹത്തിന് എതിരായ അതിക്രമങ്ങൾ തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർമച്ചാഡോ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് കേന്ദ്രസർക്കാരിന്റെ മറുപടി സത്യവാങ്മൂലം.
ബിഹാർ, ഹരിയാന, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, കർണാടകം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ ഉണ്ടായ 495 ആക്രമണത്തിൽ 263 സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.