കോഴിക്കോട്
എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കേരളത്തിലെത്തിയ ശേഷം സന്ദേശം കൈമാറിയത് വാട്സാപ് വഴിയെന്ന് സൂചന. മാർച്ച് 31നാണ് പ്രതി ഉപയോഗിച്ചുകൊണ്ടിരുന്ന സിം കാർഡ് ഡൽഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് വച്ച് ഊരി മാറ്റിയത്. പിന്നീട് മറ്റൊരു നമ്പറിൽ നിന്ന് വാട്സാപ് ഉപയോഗിച്ചു.
ഇതിന്റെ വിശദാംശം അന്വേഷകസംഘം ശേഖരിക്കുന്നുണ്ട്. തീവയ്പിന് ശേഷം ട്രാക്കിൽനിന്ന് ലഭിച്ച ഷാറൂഖിന്റെ ബാഗിലെ വസ്തുക്കളിൽ അഞ്ച് പേരുടെ വിരലടയാളമുണ്ട്. ഡി വൺ, ഡി ടു കോച്ചുകളിൽനിന്നും ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ചു വരികയാണ്. ട്രാക്കിൽനിന്ന് ലഭിച്ച വസ്തുക്കളുടെ പരിശോധന കോഴിക്കോടാണ് നടക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ അന്വേഷകസംഘം കണ്ണൂരിൽ എത്തിച്ച് തീവച്ച കോച്ചുകളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷം വിശദമായ ചോദ്യം ചെയ്യൽ നടന്നു. എലത്തൂരിലും ഷൊർണൂരിലും ഉൾപ്പെടെ അടുത്ത ദിവസം തെളിവെടുപ്പിന് കൊണ്ടുപോകും. അതേസമയം, പ്രതി ഷാറൂഖ് സെയ്ഫ് ജാമ്യ ഹർജി നൽകിയിട്ടുണ്ട്.
ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഡിഫൻസ് കൗൺസിൽ അഭിഭാഷകൻ പി പീതാംബരൻ വഴിയാണ് ജാമ്യാപേക്ഷ നൽകിയത്. ഹർജി 18ന് പരിഗണിക്കും. പ്രതി നിയമസഹായം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലീഗൽ സർവീസ് അതോറിറ്റി ഡിഫൻസ് കൗൺസിലിന്റെ സേവനം ലഭ്യമാക്കിയത്.