ന്യൂഡൽഹി
ക്രിസ്ത്യൻ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിതർക്ക് പട്ടികജാതി പദവി അനുവദിക്കണമെന്ന ഹർജിയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി. കേന്ദ്ര സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. മറ്റു മതങ്ങളിലേക്ക് മാറിയവർക്കും പട്ടികജാതി പദവിക്ക് അവകാശമുണ്ടോയെന്ന കാര്യം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുള്ള സാഹചര്യത്തിൽ ഹർജി തള്ളണമെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. എന്നാൽ, മതം മാറിയെങ്കിലും വിവേചനം നേരിടുന്നവർക്ക് പട്ടികജാതി പദവിക്ക് അർഹതയുണ്ടെന്ന് ഹർജിക്കാർ വാദിച്ചു.
ഈ സാഹചര്യത്തിൽ ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളിലും ജാതിവ്യവസ്ഥ ആരോപിക്കാൻ കഴിയുമോ, കേന്ദ്ര സർക്കാർ നിയോഗിച്ച ജസ്റ്റിസ് (റിട്ട.) കെ ജി ബാലകൃഷ്ണൻ സമിതി റിപ്പോർട്ട് നൽകുന്നതുവരെ നിയമപരിശോധന മാറ്റിവയ്ക്കണോ, സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളിയാൽ എന്തുചെയ്യും –- തുടങ്ങിയ ചോദ്യങ്ങൾ ജസ്റ്റിസ് സഞ്ജയ്കിഷൻകൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉന്നയിച്ചു.
ഈ വിഷയത്തിൽ രംഗനാഥമിശ്ര കമീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് അറിയിച്ചു. രംഗനാഥമിശ്ര കമീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആ വിശദാംശം നിയമപരിശോധനയ്ക്ക് ഉപയോഗിക്കാൻ കഴിയുമോയെന്ന പ്രശ്നത്തിന് ആദ്യം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.















