ന്യൂഡൽഹി
ദേശീയ ഹരിത ട്രിബ്യൂണലിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് സുപ്രീംകോടതി. പശ്ചിമമേഖലയിലെ കേസുകൾ പരിഗണിക്കരുതെന്ന നിർദേശം ഹരിത ട്രിബ്യൂണൽ പ്രിൻസിപ്പൽബെഞ്ച് പാലിക്കാത്തതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. ഇവിടത്തെ കേസുകൾ പരിഗണിക്കേണ്ടത് പുണെയിലെ ബെഞ്ചാണ്. എന്നാൽ, പ്രിൻസിപ്പൽ ബെഞ്ച് ചില വിഷയങ്ങളിൽ സ്വമേധയാ കേസെടുത്തിരുന്നു. ഹരിത ട്രിബ്യൂണൽ പരിമിതികൾ മനസ്സിലാക്കാത്തത് ഗുരുതരമായ വിഷയമാണെന്ന് ജസ്റ്റിസ് ഭൂഷൺ ഗവായ് ചൂണ്ടിക്കാട്ടി.
പടിഞ്ഞാറൻ മേഖലയിലെ കേസുകൾ പുണെ ബെഞ്ചിൽനിന്ന് പ്രിൻസിപ്പൽ ബെഞ്ചിലേക്ക് മാറ്റി ഹരിത ട്രിബ്യൂണൽ രജിസ്ട്രാർ–- ജനറൽ പുറപ്പെടുവിച്ച നിർദേശങ്ങൾ നേരത്തേ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടിക്കെതിരെ ട്രിബ്യൂണൽ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.















