കൊച്ചി > സുപ്രീംകോടതി വിധി പ്രകാരം വർധിച്ച പെൻഷൻ ലഭിക്കാൻ അപേക്ഷ നൽകുന്നവരെ വീണ്ടും വലച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). പുതിയ പെൻഷനായി ഓപ്ഷൻ നൽകുന്നവർ നിർബ്ബന്ധമായും അപ്പ്ലോഡ് ചെയ്യേണ്ട ഒരു രേഖ അവരുടെ ഇ‐പാസ്ബുക്കിന്റെ അവസാന പേജാണ്. എന്നാൽ ഏതാനും ദിവസമായി ആർക്കും അത് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി.
പാസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്താൽ ‘404 എറർ’ എന്ന മെസേജാണ് സ്ക്രീനിൽ ലഭിക്കുന്നത്. മറ്റ് രേഖകൾ ശരിയാക്കി വെച്ചവർക്ക് പലർക്കും ഇതുമൂലം ഓപ്ഷൻ അപേക്ഷ പൂർണമാക്കാൻ കഴിയുന്നില്ല. ഇപിഎഫ്ഒ യുടെ സെർവറിൽ ഉള്ള ഈ പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ പലർക്കും സമയത്ത് ഓപ്ഷൻ നൽകാൻ കഴിയാത്ത സ്ഥിതി വരുമെന്ന് പെൻഷൻകാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഓപ്ഷനുള്ള അവസാന തീയതി മെയ് മൂന്നാണ്.