കൊച്ചി> വിദേശ ഓപ്പറേറ്റർമാർ നിക്ഷപകരായി രംഗത്ത് ഇറങ്ങിയത് ഓഹരി സൂചികയെ തുടർച്ചയായ രണ്ടാം വാരത്തിലും ഉയർത്തി. പുതിയ സാമ്പത്തിക വർഷമായതിനാൽ പണപ്രവാഹം ഉയരാനുള്ള സാധ്യതകൾക്കിടയിൽ ആഭ്യന്തര ഫണ്ടുകൾ മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിനും മത്സരിച്ചു. അനുകൂല വാർത്തകൾ ബോംബെ സെൻസെക്സിനെ 841 പോയിന്റ്റും നിഫ്റ്റി സൂചികയെ 240 പോയിന്റ്റും ഉയർത്തി. പോയവാരം ഇന്ത്യൻ മാർക്കറ്റ് മൂന്ന് ദിവസം മാത്രമാണ് പ്രവർത്തിച്ചത്.
ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും വിദേശ ധനകാര്യസ്ഥാപനങ്ങൾ നിക്ഷപത്തിന് ഉത്സാഹിച്ചു. മൊത്തം 1604.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി. തുടർച്ചയായ ആറാം ദിവസമാണ് വിദേശ ഓപ്പറേറ്റർമാർ വാങ്ങലുകാരാവുന്നത്. അതേ സമയം ജനുവരിമാർച്ച് കാലയളവിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ 48,953 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി. മുൻ നിര ഓഹരികളായ ആർ ഐ എൽ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, എസ് ബി ഐ, ഡോ: റെഡീസ്, സൺ ഫാർമ്മ, എം ആന്റ് എം, മാരുതി, ബജാജ് ഓട്ടോ, ടാറ്റാ മോട്ടേഴ്സ്, വിപ്രോ, റ്റി സി എസ്, എച്ച് സി എൽ, എച്ച് യു എൽ, എൽ ആന്റ് റ്റി, ബജാജ് ഓട്ടോ തുടങ്ങിയവയിൽ ഇടപാടുകാർ താൽപര്യം കാണിച്ചു.
സെൻസെക്സ് മുൻവാരത്തിലെ 58,991 ൽ നിന്നും ആഭ്യന്തര മ്യൂചൽ ഫണ്ടുകളുടെ വിൽപ്പനയിൽ തുടക്കത്തിൽ 58,772 ലേയ്ക്ക് ഇടിഞ്ഞു. ഈ അവസരത്തിൽ വിപണിയിൽ ഇറങ്ങിയ വിദേശ ഓപ്പറേറ്റർമാർ താഴ്ന്ന വിലയ്ക്ക് ലഭിച്ച ഓഹരികളിൽ വാങ്ങലുകാരായി. തുടർന്നുള്ള ദിവസങ്ങളിൽ വാങ്ങൽ താൽപര്യം കനത്തവേളയിൽ സെൻസെക്സ് 59,950 പോയിന്റ് വരെ ചുവടുവെച്ചു. വാരാന്ത്യക്ലോസിങ് നടക്കുമ്പോൾ 59,832 ലാണ്. ഈ വാരം 60,264 പോയിന്റ്റിലെ ആദ്യ പ്രതിരോധം മറികടന്നാൽ 60,696 പോയിന്റ്റ് വീണ്ടും പ്രതിരോധ മേഖലയായി മാറും.
നിഫ്റ്റി സൂചിക 17,500 പോയിന്റ്റിന് മുകളിൽ ഇടം കണ്ടത്തിയ ആശ്വാസത്തിലാണ്, അതേ സമയം 17,600 മറികടക്കാൻ വാരാന്ത്യം സൂചികയ്ക്കായില്ല. മുൻവാരത്തിലെ 17,359 ൽ നിന്നും 17,311 ലേയ്ക്ക് തളർന്ന ശേഷമുള്ള കുതിപ്പിൽ നിഫ്റ്റി 17,638 വരെ മുന്നേറിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 17,599 പോയിന്റ്റിലാണ്.
ആർ ബി ഐ വായ്പ്പാ അവലോകനത്തിൽ പലിശ നിരക്ക് സ്റ്റെഡിയായി തുടരാൻ തീരുമാനിച്ചത് വിപണി നേട്ടമാക്കി. റിപ്പോ നിരക്ക് ഫെബ്രുവരി യോഗത്തിൽ ഉയർത്തിയ 6.5 ശതമാനത്തിൽ തുടരും. ഇക്കുറി സാധാരണ മൺസൂൺ പ്രതീക്ഷിക്കുന്നതിനാൽ റാബി വിളവെടുപ്പ് മെച്ചപ്പെടുമെന്ന കണക്ക് കൂട്ടലിലാണ് കേന്ദ്ര ബാങ്ക്. ഈ ഒരു വിലയിരുത്തലിൽ 2024 സാമ്പത്തിക വർഷം പണപ്പെരുപ്പ പ്രവചനം 5.3 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി കുറയുമെന്ന് ആർ ബി ഐ. അതേ സമയം ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും എൽ-നിനോ പ്രതിഭാസത്തെ കുറിച്ച് ഇനിയും വ്യക്തതയില്ലാത്തതും ഇന്ത്യയുടെ വളർച്ചാ വിലയിരുത്തലുകളിൽ വിള്ളലുളവാക്കാം.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 82.21 ൽ നിന്നും 81.79 ലേയ്ക്ക് കയറി. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 81.58 ൽ താങ്ങുണ്ട്. വിദേശ ഫണ്ടുകൾ ഡോളറിനായി വാരത്തിന്റ രണ്ടാം പകുതിയിൽ നീക്കം നടത്തിയാൽ മൂല്യം 82.45 ലേയ്ക്ക് ദുർബലമാകാം. രാജ്യാന്തര സ്വർണ വില 2000 ഡോളറിലെ പ്രതിരോധം തകർത്തു. ട്രോയ് ഔൺസിന് 1968 ഡോളറിൽ നിന്നും 2032 വരെ കയറിയതിനിടയിലെ ലാഭമെടുപ്പിനെ തുടർന്ന് വ്യാഴാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോൾ 2007 ഡോളറിലാണ്. വെളളിയാഴ്ച്ച അന്താരാഷ്ട്ര സ്വർണ വിപണി അവധിയായിരുന്നു. ഈവാരം സ്വർണം 2000 ലെ സപ്പോർട്ട് നിലനിർത്താൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ ലക്ഷ്യം 20542083 ഡോളറിലേയ്ക്ക് മുന്നേറും. അതേ സമയം ഉയർന്ന റേഞ്ചിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ നീക്കം നടത്തിയാൽ 19821954 ലേയ്ക്ക് സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാം.