ദുബായ്> മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യുഎഇ സന്ദർശിക്കുന്നു. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം, അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റിൽ സംബന്ധിക്കാനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയിൽ എത്തുന്നത്. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മെയ് 7ന് വൈകിട്ട് 7ന് അബുദാബി നാഷണൽ തിയേറ്ററിലും, മെയ് 10ന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും.
മുഖ്യമന്ത്രിയുടെ അബുദാബിയിലെ പരിപാടി വിജയിപ്പിക്കുന്നതിന് വിവിധ സംഘടനാ പ്രതിനിധികൾ അടങ്ങുന്ന വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ചെയർമാനായി അഡ്വക്കേറ്റ് അൻസാരി സൈനുദ്ദീനേയും, കൺവീനറായി കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് വി പി കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു. വി നന്ദകുമാർ ലുലു, എസ് എഫ് സി മുരളി, ജെമിനി ബാബു, രാജൻ അമ്പലത്തറ, ഡി നടരാജൻ, റഫീഖ് കയനിയിൽ, കുഞ്ഞിരാമൻ നായർ കെ വി ആർ എന്നിവരാണ് രക്ഷാധികാരികൾ.
ടി കെ അബ്ദുൽസലാം, ഇ കെ അബ്ദുൽസലാം അൽ ഐൻ, മനോജ്, സലിം ചിറക്കൽ, എ കെ ബീരാൻകുട്ടി, റോയ് ഐ വർഗീസ് (വൈസ് ചെയർമാൻമാർ), സഫറുള്ള പാലപ്പെട്ടി, ഹമീദ് പരപ്പ, ബി ഫാറൂഖ്, എൻ എം അബൂബക്കർ, ഷെറിൻ വിജയൻ (കൺവീനർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. അബുദാബി കേരള സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിലാണ് അബുദാബിയിൽ സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.















