ന്യൂഡൽഹി
രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ചേരിപ്പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങവെ ഗെലോട്ടിനൊപ്പം നിലയുറപ്പിച്ച് ദേശീയനേതൃത്വം. അഴിമതിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഗെലോട്ട് സർക്കാരിനെതിരെ ചൊവ്വാഴ്ച സച്ചിൻ പൈലറ്റ് വിഭാഗം ഉപവാസം നടത്തും. നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഗെലോട്ടിനെ പിണക്കാന് ഹൈക്കമാന്ഡ് തയാറല്ല. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും രാജസ്ഥാന്റെ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് സുഖ്ജിന്ദർ സിങ് രൺധവയും ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെ, ഉപവാസത്തിനുശേഷം സച്ചിന്റെ നീക്കം സുപ്രധാനമാകും. താനും അനുയായികളും തഴയപ്പെടുമോയെന്ന ആശങ്ക സച്ചിനുണ്ട്.
രാഹുൽ ഗാന്ധി മധ്യസ്ഥനായി ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സച്ചിൻ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. 2018 തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെ കർശന നടപടി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ അഞ്ചു വർഷം പിന്നിട്ടിട്ടും ഒന്നും ചെയ്തില്ലെന്ന് സച്ചിൻ ആരോപിക്കുന്നു. വസുന്ധരരാജെ നേതൃത്വം നൽകിയ ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികൾക്കെതിരെ ചെറുവിരലനക്കിയില്ല. 45,000 കോടിയുടെ ഖനി കുംഭകോണത്തിനെതിരെ അന്വേഷണം നടത്തിയില്ല. വാഗ്ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ സമീപിക്കാനാകില്ലെന്നുമാണ് സച്ചിൻ പൈലറ്റിന്റെ നിലപാട്.