ന്യൂഡൽഹി
ക്രൈസ്തവ വിശ്വാസങ്ങൾക്കും സഭകൾക്കും എതിരായ ആക്രമണത്തിന് തീവ്രഹിന്ദുത്വാവാദികള് മൂർച്ച കൂട്ടവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ക്രിസ്ത്യൻ പള്ളി സന്ദർശിച്ചതിൽ സംഘപരിവാരത്തില് അതൃപ്തി. ക്രിസ്മസ്–- പുതുവർഷ ആഘോഷങ്ങൾ വിനാശകരമാണെന്ന് ആരോപിച്ച് ആർഎസ്എസ് വാരിക ‘ഓർഗനൈസർ’ ജനുവരിയിൽ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. മോദി പള്ളി സന്ദർശിച്ചതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി. തന്ത്രപരമായ ലക്ഷ്യം നേടാനാണോ മറിച്ച് ബഹുമാനാർഥമാണോ മോദി പള്ളിയിൽ എത്തിയതെന്ന് അറിയേണ്ടതുണ്ടെന്ന് സ്വാമി ട്വീറ്റ് ചെയ്തു. മോദിയുടെ നടപടി പ്രീണനമല്ലെങ്കിൽ അദ്ദേഹം തെളിയിച്ചിരിക്കുന്നത് ഹിന്ദുത്വ ആശയങ്ങൾ തട്ടിപ്പാണെന്നാണ്–- സ്വാമി ട്വീറ്റിൽ പറഞ്ഞു. സംഘപരിവാറിനുള്ളിൽ രൂപംകൊണ്ട അമർഷമാണ് സുബ്രഹ്മണ്യൻ സ്വാമിയിലൂടെ പുറത്തുവന്നത്.
ആര്എസ്എസ്
ബുദ്ധിമുട്ടും
ക്രിസ്മസ്–- പുതുവർഷ ആഘോഷത്തെ പോലും വിനാശകരമായി കാണുന്ന ആര്എസ്എസിന് മോദിയുടെ പുതിയ നീക്കം വിശദീകരിക്കാൻ ബുദ്ധിമുട്ടും. ക്രിസ്മസ് ആഘോഷം അന്തരീക്ഷ മലിനീകരണം, ഭക്ഷണം പാഴാക്കൽ, കോവിഡ് വ്യാപനം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ആര്എസ്എസ് വാരിക ആരോപിച്ചത്. ക്രിസ്മസിന് ആശംസാ കാർഡുകളും സമ്മാനപ്പൊതികളും അയക്കുന്നതുവഴി കടലാസ്–- പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു. ലോകത്ത് 12 കോടിയിൽപ്പരം മരങ്ങൾ വെട്ടിവീഴ്ത്തുന്നു. ഹിന്ദു ആഘോഷങ്ങളെ അവഹേളിക്കുന്നവർ ഇക്കാര്യത്തില് നിശ്ശബ്ദരാണെന്നുവരെ ഓര്ഗനൈസര് ആരോപിച്ചു.
ഛത്തീസ്ഗഢിലെ മഹാസമുന്ദിൽമാത്രം 1100 ‘പരിവർത്തിത ക്രിസ്ത്യാനികളെ’ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിച്ചതായി അവകാശപ്പെട്ട് ‘ഓർഗനൈസർ’ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രബൽ പ്രതാപ് സിങ് ജുദേവിന്റെ നേതൃത്വത്തിലാണ് ‘ഘർവാപസി’ നടന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മിഷണറിമാരെ വേട്ടയാടുകയാണ്. സംഘപരിവാറിന്റെ പരാതികളിലാണ് പൊലീസ് നടപടികൾ.
മദർ തെരേസയെയും വെറുതെവിട്ടില്ല
മിഷണറീസ് ഓഫ് ചാരിറ്റിക്കുനേരെ ആർഎസ്എസ് ഹിന്ദി വാരിക ‘പാഞ്ചജന്യ’ ആരോപണങ്ങൾ ഉന്നയിച്ചു. മദർ തെരേസയ്ക്ക് ഭാരത് രത്ന നൽകാനിടയായത് ‘ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയമെന്ന് അറിയപ്പെടുന്നതിന്റെ ആവശ്യങ്ങൾ’ കാരണമാണ്. മദറിന് വിശുദ്ധപദവി നൽകിയത് ‘നുണ’യുടെ അടിസ്ഥാനത്തിലാണ്– -‘പാഞ്ചജന്യ’യിൽ ‘കുരിശിലേറ്റൽ, അധികാരം, ഗൂഢാലോചന’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്. വിദേശസംഭാവന നിയന്ത്രണ ചട്ടപ്രകാരം ലൈസൻസ് പുതുക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി നൽകിയ അപേക്ഷ ആഭ്യന്തരമന്ത്രാലയം തള്ളിയിരുന്നു. മതമാറ്റശ്രമം ആരോപിച്ച് ഗുജറാത്തിൽ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയുണ്ടായത്.