അഹമ്മദാബാദ്
ഒറ്റരാത്രികൊണ്ട് റിങ്കു സിങ് എന്ന ബാറ്ററുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. അഞ്ച് സിക്സറുകൾ വിധിയെഴുതി. ഗുജറാത്ത് ടൈറ്റൻസിനെതിരെ റിങ്കു അടിച്ചുകൂട്ടിയ സിക്സറുകളാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയമൊരുക്കിയത്. ക്രിക്കറ്റ് താരമാകുന്നതിനുമുമ്പ് ജീവിതം പരിതാപകരമായിരുന്നു. ഉത്തർപ്രദേശിലെ അലിഗഡിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തിരുന്ന ഖാൻചന്ദ് സിങ്ങിന്റെ മകന് സ്വപ്നം കാണാൻമാത്രമേ വഴിയുണ്ടായിരുന്നുള്ളു. അഞ്ച് മക്കളെ പട്ടിണിയില്ലാതെ നോക്കാൻ കഷ്ടപ്പെടുന്നതിനിടെയാണ് റിങ്കുവിന്റെ ക്രിക്കറ്റ് മോഹം. ബാറ്റ് കളഞ്ഞ് ചൂല് എടുക്കാനാണ് അച്ഛൻ പറഞ്ഞത്. തൂപ്പുകാരന്റെ ജോലിക്ക് പോകാനായിരുന്നു നിർദേശം. സിക്സറുകൾ സ്വപ്നം കണ്ടിരുന്ന റിങ്കുവിന് അത് അസാധ്യമായിരുന്നു. അവൻ തെരുവിൽ കളിച്ചുവളർന്നു. സ്കൂൾ ടീമിൽ മിടുക്കുകാട്ടി. അതുവഴി ഉത്തർ പ്രദേശ് അണ്ടർ 16 ടീമിലെത്തി. അതൊരു വഴിത്തിരിവായി. വൈകാതെ രഞ്ജി ട്രോഫി ടീമിലുമെത്തി.
കിങ്സ് ഇലവൻ പഞ്ചാബ് 2017ൽ ടീമിലെടുത്തെങ്കിലും കളിച്ചില്ല. അടുത്ത വർഷംമുതൽ കൊൽക്കത്തയിലെത്തിയെങ്കിലും ഇപ്പോഴാണ് തെളിയുന്നത്. ഇക്കുറി 55 ലക്ഷം രൂപയാണ് താരലേലത്തിലെ വില.