ചെന്നൈ> തമിഴ്നാട് ധർമപുരിയിൽ കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തി. ഹൊസൂർ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് കൊല്ലപ്പെട്ടത്. മദ്യം കുടിപ്പിച്ചതിനുശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികളായ ദിനേശ്, ഗുണാലൻ എന്നിവർ പിടിയിലായി. കാമുകിയുമായുള്ള വിവാഹം നടക്കാനായി ദിനേശാണ് തന്റെ അച്ഛന്റെ സുഹൃത്ത് കൂടിയായ ശശികുമാറിനെ സമീപിച്ചത്. പിന്നീട്, ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് ദിനേശിനൊപ്പം പെൺകുട്ടിയും വീട്ടിലെത്തി. പൂജയുടെ പേരിൽ ദിനേശിനെ പുറത്തുനിർത്തിയിട്ട് പെൺകുട്ടിയെ ശശികുമാർ പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയ പെൺകുട്ടി ദിനേശിനോട് വിവരം പറഞ്ഞു.
ഇതോടെ, മറ്റൊരു സുഹൃത്തിന്റെ മന്ത്രവാദ ആവശ്യത്തിനെന്ന പേരിൽ ശശികുമാറിനെ ബെന്നഗരം വനമേഖലയിൽ എത്തിച്ച് ദിനേശും കൂട്ടരും കൊലപ്പെടുത്തി. ശശികുമാറിന്റെ ഭാര്യയുടെ പരാതിയിൽ അന്വേഷണം നടക്കവെ മൂന്ന് പ്രതികളിൽ രണ്ടുപേർ കീഴടങ്ങുകയായിരുന്നു. ഒരാൾ ഒളിവിലാണ്.