ന്യൂഡൽഹി
സംഘപരിവാറിന്റെ ക്രൂര ആക്രമണത്തിന് ഇരയായ ത്രിപുരയിലെ ജനങ്ങൾക്ക് രാജ്യവ്യാപക ഐക്യദാർഢ്യ ക്യാമ്പയിൻ പ്രഖ്യാപിച്ച് അഖിലേന്ത്യാ കിസാൻസഭ. ഇടതുമുന്നണി–-കോൺഗ്രസ് പ്രവർത്തകർ, കർഷകർ എന്നിവർക്കുനേരെയുള്ള ക്രൂരത ദേശീയ മനുഷ്യാവകാശ കമീഷനെ ധരിപ്പിക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് 20 മുതൽ 30 വരെയാണ് ക്യാമ്പയിൻ. രാജ്യത്തെ സാധ്യമായ എല്ലാ ഗ്രാമത്തിലും ത്രിപുരയിലെ കർഷകരും കിസാൻ സഭ നേതാക്കളും നേരിട്ടെത്തി സംഭവം വിശദീകരിക്കും. ഫോട്ടോ പ്രദർശനവും നടത്തുമെന്ന് ത്രിപുര കിസാൻ സഭ പ്രസിഡന്റ് പബിത്ര ഘർ പറഞ്ഞു.
നേതാക്കളും രാജ്യത്തെ പ്രശസ്ത വ്യക്തികളും ത്രിപുര സന്ദർശിക്കും. 216 കുടുംബങ്ങളെ റേഷൻ വാങ്ങാൻപോലും അനുവദിക്കുന്നില്ല. നാലുപേരാണ് കൊല്ലപ്പെട്ടത്. 630 പേർ അക്രമത്തിന് ഇരയായി. 1647 വീട് തകർത്തു. കടകൾ തുറക്കാനോ ഓട്ടോ നിരത്തിലിറക്കാനോ അനുവദിക്കുന്നില്ല. വസ്തുതാന്വേഷണത്തിന് എത്തിയ എംപിമാരെ ആക്രമിച്ചു. 1000 ഏക്കർ റബർകൃഷി നശിപ്പിച്ചു. 80 ഏക്കർ റബർതോട്ടം നശിപ്പിക്കപ്പെട്ട ജുബരാജ് നഗറിലെ സിപിഐ എം എംഎൽഎ ശൈലേന്ദ്രനാഥും വാർത്താസമ്മേളനത്തിന് എത്തി. 500 ഏക്കർ പച്ചക്കറികൃഷി ഇല്ലാതാക്കി. 60 മീൻകുളങ്ങളിൽ വിഷംകലക്കി. 60 വളർത്തുമൃഗങ്ങളെ ചുട്ടെരിച്ചു. ഇതിൽ 10 പശുക്കളും ഉൾപ്പെടും. 22 വീടുകളിൽനിന്ന് മൃഗങ്ങളെ തട്ടിക്കൊണ്ടുപോയപ്പോൾ 42 വാഹനം തകർത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും ബിജെപിയുടെയും അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും നേതാക്കൾ പറഞ്ഞു. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജൂകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഹന്നൻമൊള്ള, ത്രിപുര സംസ്ഥാന സെക്രട്ടറി ശ്യാമൾ ദേബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.