ബംഗളൂരു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമായിരിക്കെ യാദ്ഗിർ ജില്ലയിൽ കോൺഗ്രസുകാരും ബിജെപിക്കാരും ഏറ്റുമുട്ടി. കോൺഗ്രസിന്റെ ഷൊരാപുർ മണ്ഡലത്തിലെ സ്ഥാനാർഥി പ്രദേശത്തെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തത് സംബന്ധിച്ച തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്.
പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് സ്ഥാനാർഥിയായ രാജ വെങ്കടപ്പയോട് നാട്ടുകാർ അറിയിച്ചിരുന്നു. എന്നാൽ, ഇയാൾ പങ്കെടുത്തതിനെ ചോദ്യംചെയ്ത് ബിജെപിക്കാർ രംഗത്തെത്തി. പിന്നാലെ പ്രവർത്തകർ ചേരിതിരിഞ്ഞ് കല്ലേറും അടിയുമുണ്ടായി. നിരവധി വാഹനങ്ങൾ തകർത്തു. പത്തിലധികം പേർക്ക് പരിക്കേറ്റു. 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി എംഎൽഎയ്ക്കും കോൺഗ്രസ് സ്ഥാനാർഥിക്കുമെതിരെ കേസെടുത്തു. ഇവിടെ നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലയിലെതന്നെ ഗുർമിത്കൽ മണ്ഡലത്തിലും സമാന സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച ജനതാദൾ എസ് പ്രവർത്തകരും കോൺഗ്രസുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇതിനിടെ ബിജെപി സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വെള്ളിയാഴ്ച പറഞ്ഞു. ശനിയാഴ്ച ഡൽഹിയിൽ പാർലമെന്ററി ബോർഡ് യോഗം ചേരുമെന്നും ഇതിൽ സ്ഥാനാർഥിപ്പട്ടിക അന്തിമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.