വാഷിങ്ടൺ
അഫ്ഗാനിസ്ഥാനിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്ക. അഫ്ഗാനിൽ രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശം 2021ൽ അവസാനിപ്പിക്കാൻ ഇടയായ കാരണങ്ങൾ വിശദീകരിക്കുന്ന 12 പേജുള്ള റിപ്പോർട്ട് വൈറ്റ് ഹൗസ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. അഫ്ഗാനിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച വികലമായ നയങ്ങളാണ് ജോ ബൈഡനെ സമ്മർദത്തിലാക്കിയതെന്നും റിപ്പോർട്ട് പറയുന്നു. തിടുക്കപ്പെട്ടുള്ള പിൻവാങ്ങലിന് അമേരിക്കൻ സൈന്യത്തെ നിർബന്ധിതമാക്കിയതും ട്രംപിന്റെ നടപടികളാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ട്രംപ് പ്രസിഡന്റായിരിക്കെയാണ് അമേരിക്ക താലിബാനുമായി സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട ചർച്ച നടത്തി ധാരണയിലെത്തിയത്. ‘2021 ജനുവരി 20ന് ബൈഡൻ അധികാരത്തിലെത്തിപ്പോഴേക്കും താലിബാൻ സൈനികമായി ഏറ്റവും ശക്തമായ നിലയിൽ എത്തിയിരുന്നു. ട്രംപിന്റെ ഭരണത്തിൽ തീരുമാനമായ 2021 മേയിൽത്തന്നെ പിൻവാങ്ങിയില്ലെങ്കിൽ താലിബാൻ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈനികരെ ആക്രമിക്കുമെന്ന ഭീഷണി ശക്തമായിരുന്നു’–- റിപ്പോർട്ട് വിശദീകരിക്കുന്നു. പിന്മാറിയില്ലെങ്കിൽ താലിബാൻ അമേരിക്കൻ പട്ടാളത്തെ ആക്രമിക്കുമെന്ന് ഭയം ശക്തമായിരുന്നെന്ന് 2021 സെപ്തംബർ 28ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും മൊഴി നൽകിയിരുന്നു.
2001 സെപ്തംബർ 11ന് അമേരിക്കയിൽ അൽ ഖായ്ദ നടത്തിയ ഭീകരാക്രമണത്തിന് മറുപടി എന്ന പേരിലാണ് അമേരിക്ക അഫ്ഗാനിലേക്ക് സൈനികനീക്കം പ്രഖ്യാപിച്ചത്. എന്നാൽ, അന്ന് പുറത്താക്കിയ താലിബാനെ ഫലത്തിൽ ഭരണം തിരിച്ചേൽപ്പിച്ച് തോറ്റ് പിന്മാറുകയായിരുന്നു രണ്ടു പതിറ്റാണ്ടിനുശേഷം അമേരിക്ക.